- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡനത്തെ തുടർന്നുള്ള മോഫിയയുടെ ആത്മഹത്യ; ഭർത്താവ് സുഹൈലിന് ജാമ്യം
കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൻ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതിയും മോഫിയയുടെ ഭർത്താവുമായ സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീൺ (21) ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മോഫിയ തൂങ്ങി മരിച്ചത്. 11 മാസങ്ങൾക്ക് മുൻപായിരുന്നു മോഫിയയുടെയും സുഹൈലിന്റേയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തിരുന്നു. തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു മോഫിയ.
മോഫിയ ഭർതൃവീട്ടിൽ സ്ത്രീധന പീഡനത്തിനും, ഗാർഹിക പീഡനത്തിനും ഇരയായെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് സുഹൈലിനും മാതാപിതാക്കൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഭർതൃവീട്ടുകാർക്കെതിരെ ആലുവ ഡി.വൈ.എസ്പിക്ക് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെയും ഭർത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സി. ഐ വളരെ മോശമായാണ് മോഫിയയോടും തങ്ങളോടും പെരുമാറിയതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ മോഫിയ സിഐ. സുധീറിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്