ലയാളികളടക്കമുള്ള സാധാരണ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി ചികിത്സാ ചെലവ് വർദ്ധിപ്പിക്കാൻ നീക്കം. വിദേശികളുടെ ചികിത്സാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വികസന കമ്മിറ്റിയാണ് ശിപാർശ നല്കിയിരിക്കുന്നത്.  വിവിധ ചികിത്സകൾക്കും പരിശോധനകൾക്കും 15 ശതമാനം വർധന ഏർപ്പെടുത്തണം എന്നാണ് നിർദ്ദേശം.

വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ കമ്പനി രൂപവത്ക്കരിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശികൾക്ക് മാത്രമായി മൂന്ന് ആശുപത്രികൾ സ്ഥാപിക്കുന്നതിനുമുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വികസന സമിതി ചികിത്സ നിരക്ക് വർധിപ്പിക്കാനുള്ള ശിപാർശ മുന്നോട്ടുവച്ചിരിക്കുന്നത്. സ്വകാര്യവത്കരിക്കുന്നതോടെ വിദേശികൾ അടക്കേണ്ട വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർധിച്ചേക്കുമെന്ന ആശങ്കകൾക്കിടെയാണ് കൂനിന്മേൽ കുരു പോലെ ചികിത്സാ നിരക്ക് വർധനയുമത്തെുന്നത്.

ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യമന്ത്രാലയം വികസന സമിതിയുടെ
കീഴിൽ വിവിധ പഠന സമിതികളെ നിയോഗിച്ചിരുന്നു. ഈ സമിതികളാണ് വിദേശികളുടെ ചികിത്സാ നിരക്ക് വർധിപ്പിക്കാൻ ശിപാർശ ചെയ്തത്. ഇക്കാര്യത്തിൽ എല്ലാ സമിതികളും ഏകാഭിപ്രായക്കാരാണ്.

സ്വകാര്യ ആശുപത്രികളിലെതിനേക്കാൾ വളരെ കുറഞ്ഞ നിരക്കാണ് സർക്കാർ ക്ലിനിക്കുകളിലും ആശുപത്രികളിലും വിദേശികളിൽ നിന്ന് ഈടാക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെന്നാണ് വികസനകമ്മിറ്റിയുടെ പഠനങ്ങൾ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ നിരക്കിളവ് അനുവദിക്കാവൂ എന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. വിദേശികൾക്ക് അനുവദിക്കുന്ന നിരക്കിളവ് എടുത്തുമാറ്റണം എന്ന് ആവശ്യപ്പെട്ടു മന്ത്രി സഭക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡെവലപ്പ്‌മെന്റ് കമ്മിറ്റി അറിയിച്ചു.