പാലക്കാട്: രാജ്യത്തെ ഏറ്റവും ഉന്നതമായ സർവകലാശാലയിൽ ഡോക്ടറേറ്റ് ചെയ്യുന്നതിനിടയിൽ കേരളത്തിൽ എത്തി ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന റെക്കോർഡ് ഇട്ട മുഹ്‌സിന്റെ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. എട്ടാം ക്ലാസിൽ പഠിത്തം നിർത്തി പണിയെടുക്കാൻ പോയ മുഹ്‌സിൻ പത്തു പാസായതു പ്രൈവറ്റായി രജിസ്റ്റർ ചെയ്താണ്.

പഠിക്കുക എന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്നു തിരിച്ചറിഞ്ഞ് ജെഎൻയുവിൽ വരെ എത്തിയ ഈ യുവാവ് കേരളത്തിൽ ഒരു എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതും വിദ്യാഭ്യാസത്തിന്റെ കരുത്തുമായാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നാണ് പട്ടാമ്പി. ജെഎൻയു വിഷയത്തിൽ രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ കനയ്യ കുമാറിന്റെ വരവോടെ പട്ടാമ്പി ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയായി.

ജെഎൻയു വിദ്യാർത്ഥിയായ മുഹമ്മദ് മുഹ്‌സിന്റെ വരവാണ് പട്ടാമ്പിയെ ചർച്ചാവിഷയമാക്കിയത്. ഒടുവിൽ കരുത്തനായ സി പി മുഹമ്മദിനെ തോൽപ്പിച്ചു പട്ടാമ്പിയുടെ താരമാകാൻ മുഹമ്മദ് മുഹ്‌സിനു കഴിഞ്ഞു.

കാരക്കാട് ഗ്രാമവാസിയായ മുഹ്‌സിൻ എട്ടാം ക്ലാസിൽ പഠിപ്പുനിർത്തിയിരുന്നു. ഗ്രാമത്തിലെ യുവാക്കളെല്ലാം പഠനം നിർത്തി തൊഴിലെടുക്കാൻ പോകുമായിരുന്നു. ഈ കൂട്ടത്തിലായിരുന്നു മുഹ്‌സിനും. എന്നാൽ തന്റെ വഴി അതല്ലെന്നു രണ്ടുകൊല്ലത്തിനുശേഷം മുഹ്‌സിൻ തിരിച്ചറിയുകയായിരുന്നു. പഠനത്തിന്റെ മൂല്യം എന്തെന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രൈവറ്റായി എസ്എസ്എൽസി പരീക്ഷയെഴുതി.

ഇപ്പോൾ ജെഎൻയു എന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ സർവകലാശാലയിൽ ഡോക്ടറേറ്റ് ചെയ്യുകയാണ് മുപ്പതുകാരനായ മുഹ്‌സിൻ. ജെഎൻയുവാണ് നിവർന്നു നിൽക്കാനും അനീതികൾക്കെതിരെ ശബ്ദമുയർത്താനും തന്നെ പ്രാപ്തനാക്കിയതെന്ന് ഈ യുവാവു പറയുന്നു.

ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ നേതാവായ കനയ്യ കുമാർ പട്ടാമ്പിയിൽ മുഹ്‌സിന്റെ വിജയത്തിനുവേണ്ടി പ്രചാരണത്തിനും എത്തിയിരുന്നു. വിദ്യാർത്ഥി സമരങ്ങളാൽ പ്രക്ഷുബ്ധമായ ജെ.എൻ.യു കാമ്പസിൽ നിന്നിറങ്ങി വന്ന് സിപിഐയുടെ സ്ഥാനാർത്ഥിയായി കന്നിയങ്കത്തിന് കച്ചമുറുക്കിയ മുഹ്സിന്റെ വിജയം അക്ഷരാർഥത്തിൽ എതിരാളികൾക്ക് വൻ ഞെട്ടലാകുകയും ചെയ്തു. ഫാസിസത്തിനെതിരായുള്ള ദേശീയ സമരമുഖത്തിലെ യുവ പോരാളിയും സഹപാഠിയുമായ കനയ്യ കുമാറിന്റെ മണ്ഡല സന്ദർശനവും തകർപ്പൻ പ്രസംഗവും മുഹ്സിന്റെ വിജയത്തിലേക്കുള്ള വഴികൾ എളുപ്പമാക്കി. മുഹ്സിന്റെ വിജയം മോദിക്കുള്ള മറുപടിയായിരിക്കുമെന്ന് കനയ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

2001 മുതൽ പതിനഞ്ച് കൊല്ലത്തോളം തുടർടച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസിന്റെ സിപി മുഹമ്മദിനെ അട്ടിമറിച്ചാണ് മുഹസ്സിൻ തെരഞ്ഞെടുക്കപ്പെട്ടത്. പണം നൽകി വോട്ട് പിടിക്കാനുള്ള സിപിയുടെ ശ്രമം ഇത്തവണ വിലപ്പോയില്ല. ഒപ്പം മോദി സർക്കാരിന്റെ ഫാസിസത്തിനെതിരെ രാജ്യമാകെ അലയടിച്ച ജെഎൻയു പോരാട്ടം പട്ടാമ്പിയിലും പ്രതിഫലിച്ചു.

ജെഎൻയുവിലെ സമരവും, സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റുമായ കന്നയ്യകുമാറും ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടതും, ജെഎൻയുവിലെ സമരങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ യുവാക്കൾക്കിടയിലുണ്ടായ ഐക്യപ്പെടലുമാണ് പട്ടാമ്പിയിലേക്ക് നാട്ടുകാരനും ജെഎൻയു ഗവേഷക വിദ്യാർത്ഥിയുമായ മുഹമ്മദ് മുഹ്സിനെ തന്നെ പരിഗണിക്കാൻ സിപിഐ ജില്ലാ നേതൃത്വത്തെയും, സംസ്ഥാന നേതൃത്വത്തെയും പ്രേരിപ്പിച്ചത്. അതു തെറ്റിയില്ല.

പട്ടാമ്പിയിലെ പ്രമുഖ മുസ്ലിം പണ്ഡിതനായ കാരക്കാട് മാനു മുസ്ലിയാരുടെ പേരമകനാണ് മുഹമ്മദ് മുഹ്സിൻ. ചിലയിടങ്ങളിൽ ഈ ടാഗ് ലൈൻ ഉപയോഗിച്ച് പ്രചാരണ ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കേരള സർവകലാശാലയിൽ നിന്ന് ബിഎസ്സി ഇലക്ട്രോണിക്സും കോയമ്പത്തൂർ അമൃത സർവകലാശാലയിൽ നിന്ന് എംഎസ്ഡബ്ല്യുവും പൂർത്തിയാക്കിയാണ് മുഹ്സിൻ ജെ.എൻ.യുവിൽ എത്തുന്നത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിയായ മുഹ്സിൻ സർവകലാശാല സോഷ്യൽ വർക്സ് വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്. അട്ടപ്പാടിയിലെ ആദിവാസിപ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസംഘം നിയോഗിച്ച സംഘത്തിലും അംഗമായിരുന്നു.

സാംസ്‌കാരിക യുവകലാസാഹിതിയുടെ പ്രവർത്തകനായിട്ടാണ് മുഹ്സിൻ രാഷ്ട്രീയസാംസ്‌കാരിക രംഗത്തേക്ക് വരുന്നത്. നാടകാഭിനയവും ലൈബ്രറി പ്രവർത്തനങ്ങളുമൊക്കെയായി പട്ടാമ്പിയിൽ സജീവമായിരുന്നു. ജെ.എൻ.യുവിൽ അഡൾട്ട് എജ്യുക്കേഷൻ പോളിസി എന്ന വിഷയത്തിൽ ഗവേഷണം അവസാന ഘട്ടത്തിലത്തെി നിൽക്കുമ്പോഴാണ് സിപിഐ മുഹ്സിന് പുതിയ ദൗത്യം നൽകിയത്.