- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച മുഹമ്മദ് നിസാമിന് രാഷ്ട്രീയ ബന്ധവും; കൊലപാതകശ്രമം മുൻ വൈരാഗ്യത്തിന്റെ പേരിൽ; ചന്ദ്രബോസിന്റെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും
തൃശൂർ: ശോഭാ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഉന്നത രാഷ്ട്രീയ ബന്ധവും. നിരവധി കേസുകൾ ഉണ്ടായിട്ടും നിസാം ഇതുവരെയും കാര്യമായി ജയിൽവാസം അന്നുഭവിച്ചിട്ടില്ലെന്നത് ഇതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. വാഹനപരിശോധന നടത്തിയ വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതടക്കമ
തൃശൂർ: ശോഭാ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന് ഉന്നത രാഷ്ട്രീയ ബന്ധവും. നിരവധി കേസുകൾ ഉണ്ടായിട്ടും നിസാം ഇതുവരെയും കാര്യമായി ജയിൽവാസം അന്നുഭവിച്ചിട്ടില്ലെന്നത് ഇതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
വാഹനപരിശോധന നടത്തിയ വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതടക്കമുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ ഇതിന് മുൻപും ചുമത്തപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായിയായ നിസാം കിങ്ങ്‌സ് ബീഡി ഉൾപ്പെടെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമയാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമാണെന്നും പറയപ്പെടുന്നു.
ആഡംബരജീവിതത്തിനുടമയായ നിസാം കുടുംബസമേതം ശോഭാസിറ്റിയുടെ വില്ലയിൽ ആണ് താമസം. ഇതിന് മുൻപ് അടിപിടിക്കേസിലാണ് ഇയാൾ പിടിയിലായത്. അന്ന് താൻ മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു നിസാമിന്റെ ശ്രമം. എന്നാൽ അത് അംഗീകരിച്ചില്ലെങ്കിലും കേസിൽ അകത്താകാതിരിക്കാനുള്ള എല്ലാ ഒത്താശയും പൊലീസ് ചെയ്തുനല്കി. ഇതിനും ഇയാളുടെ ഉന്നത രാഷ്ട്രീയബന്ധം തന്നെയാണ് കാരണം.
അതേ സമയം ഇത്തവണ ഇയാൾ കാറിടിച്ച് പരിക്കേല്പിച്ച കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്. നിസാമിന്റെ ആഡംബരവാഹനം ഇടിച്ച് പരിക്കേറ്റ ഇദ്ദേഹം തൃശൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അമലയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.
ചന്ദ്രബോസിനോടുള്ള മുൻവൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് മുൻപും സെക്യുരിറ്റി ജീവനക്കാരും നിസാമും തമ്മിൽ വഴക്കിടാറുണ്ടായിരുന്നത്രെ. പെട്ടെന്നു ദേഷ്യംവരുന്ന പ്രകൃതക്കാരനായ ഇയാൾ എപ്പോൾ വേണമെങ്കിലും എന്തും ചെയ്‌തേക്കുമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കാപ്പാ നിയമം നിസാമിനുമേൽ ചുമത്തുമെന്ന് പറയുമ്പോഴും മുൻകേസുകളിൽ നിന്ന് ഇയാൾ ഊരിപ്പോയപോലെ ഈ കേസും തീരുമോ എന്നാണ് കണ്ടറിയേണ്ടത്.
തൃശൂർ പേരാമംഗലം പൊലീസ് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പറയപ്പെടുന്നു. ശോഭാ സിറ്റി മാനേജ്‌മെന്റും നിസാമിനെതിരെ ശക്തമായ നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. വിവിഐപികൾ താമസിക്കുന്ന ഇവിടെ സ്ഥിരം വഴക്കാളിയായ ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് നിരവധി തവണ മാനേജ്‌മെന്റ് താക്കീത് ചെയ്തിരുന്നു. എന്നാൽ പണമുണ്ടെന്ന ഹുങ്കിൽ നിസാം ഇതൊന്നും വകവച്ചില്ല.
മുൻപ് തന്റെ എട്ട് വയസ്സുകാരനായ മകനെ ഫെരാരി കാർ ഓടിപ്പിച്ച് അതിന്റെ വീഡിയോ ഫേസ്‌ബുക്കിലിട്ടാണ് ഇയാൾ കുപ്രസിദ്ധനായത്. തൃശൂരിലെ ദേവി എന്ന വനിതാ എസ്‌ഐയെ കാറിലിട്ട് പൂട്ടിയും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചു. ട്രാഫിക് നിയമം തെറ്റിച്ച് വാഹനമോടിച്ച നിസാമിനെ ചോദ്യം ചെയ്യുകയും വാഹനത്തിന്റെ നിയന്ത്രണം എറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത വനിതാ എസ്‌ഐയെ ഇയാൾ റിമോട്ട് സംവിധാനം ഉപയോഗിച്ച് കാറിൽ പൂട്ടിയിട്ട് പോയത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെക്യുരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഇദ്ദേഹത്തിന്റെ ചികിത്സാ ചെലവ് സർക്കാർ എറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബോസിന്റെ ഒരു കൈ ഒടിയുകയും വാരിയെല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. വയറിന്റെ ഒരുഭാഗത്ത് രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതായും ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ചികിത്സയോട് ചെറിയതോതിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നിസാം റിമാൻഡിലാണിപ്പോൾ.