കോഴിക്കോട്: ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്ന മുഹമ്മദ് റഫിയെന്ന നാമത്തെ ഒരു വ്യക്തിയുടെ പേരെന്നു ചുരുക്കാനാവില്ല. അതൊരു കാലഘട്ടത്തിന്റെ പേരാണെന്നു പറയേണ്ടിവരും. അനുവാചകരിലേക്കു അനുസ്യൂതം ഒഴുകിപ്പരന്ന സംഗീതമെന്ന മഹാസാഗരത്തിന്റെ പേര്. കാലം എത്ര കടന്ന് പോയാലും മുഹമ്മദ് റഫിയെ മലയാളിയെ പോലെതന്നെ ഓരോ ഇന്ത്യാക്കാരനും മറക്കില്ല. ഇന്ത്യൻ ചലച്ചിത്ര ഗാനശാഖയ്ക്ക് റഫി നൽകിയ സംഭാവനകൾ ചെറുതല്ല. റഫി എന്ന അറബി വാക്കിന്റെ അർഥം പദവികൾ ഉയർത്തുന്നവൻ എന്നാണ്. ദൈവത്തിന്റെ വിശേഷണങ്ങളിലൊന്നുമാണിത്. നാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്കാകർഷിച്ചത്.

ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. അതായിരുന്നു ഫീക്കോയെന്ന ഗ്രാമീണ ബാലന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 1935-36 കാലത്ത് റഫിയുടെ അച്ഛൻ ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു. ലാഹോറിലെ നൂർ മൊഹല്ല എന്ന സ്ഥലത്ത് ഒരു മുടിവെട്ടുകേന്ദ്രം നടത്തിയിരുന്നു അക്കാലത്ത് റഫിയുടെ കുടുംബം ജീവിതത്തിന് അർഥം കണ്ടെത്താൻ ശ്രമിച്ചത്.

ഇതിനിടെ മൂത്തസഹോദരീ ഭർത്താവ് സംഗീതത്തിലുള്ള വാസന കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കാൻ റഫിയുടെ ജ്യേഷ്ഠനെ ശട്ടംകെട്ടുകയുമായിരുന്നു. പിതാവിന് ഇക്കാര്യം തീരെ താൽപര്യമില്ലാത്തതാണെന്നു സഹോദരന്മാർക്കു നല്ല ബോധമുണ്ടായിരുന്നു. ജ്യേഷ്ഠനൊപ്പം ബാർബർ ഷോപ്പിൽ ജോലി ചെയ്തിരുന്ന ഫീക്കോ അതിനിടയിൽ സംഗീതം അഭ്യസിക്കാനും സമയം കണ്ടെത്തിയതോടെ ജീവിതത്തിന്റെ തലവര മാറുകയായിരുന്നു.

ഒരിക്കൽ റഫിയും സഹോദരീ ഭർത്താവ് ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയി. വൈദ്യുതി തകരാറു കാരണം പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല. അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും ചെയ്തു. അതായിരുന്നു റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി. റഫിയുടെ 13-ആം വയസിലായിരുന്നു. ഹമീദെന്ന നിഷ്‌കാമയോഗി റഫിയുടെ ജീവിതത്തിലുടനീളം തണലായി നിലകൊള്ളുന്നത് നമുക്കു കാണാം.

ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്. ഗുരുക്കന്മാർക്കെല്ലാം ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു റഫി. ഏത് രാഗം ഒരിക്കൽ കേട്ടാൽപോലും അതിവേഗം സ്വായത്തമാക്കാൻ കഴിവുള്ള റഫിയെ ഗുരുജനങ്ങളെല്ലാം അതിരുകളില്ലാതെ സ്നേഹിച്ചു. എപ്പോഴും പ്രസന്നമായിരിക്കുന്ന ആ മുഖം ഏവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പിന്നണിഗായകനായി മാറിയ മുഹമ്മദ് റഫി 1924 ഡിസംബർ 24 നാണ് ജനിക്കുന്നത്. പഞ്ചാബിലെ അമൃത്സർ ജില്ലയിലെ മജിതയ്ക്കടുത്തുള്ള കോട്‌ല സുൽത്താൻ സിങ് ഗ്രാമത്തിലായിരുന്നു റഫിയുടെ ജനനം. ജന്മിയായ ഹാജി അലി മുഹമ്മദിന്റെയും് അല്ലാ രാഹയടെയും മകനായി. അതീവ പ്രശസ്തമാണ് ഇദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. റഫിയുടെ ശബ്ദത്തെ ഫാൻസ് വിശേഷിപ്പിക്കുന്നത് അമാനുഷികമെന്നാണ് മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉറുദു-ഹിന്ദി ചലച്ചിത്ര പിന്നണി ഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി. 1980 ജൂലൈ 31 ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു സംഗീത ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ച റഫിയുടെ മരണം.

ഇന്ത്യയിൽ റഫി സാബിന് ഏറ്റവും കൂടുതൽ ആരാധകരുള്ള നഗരം ഒരുപക്ഷേ കോഴിക്കോടായിരിക്കും റഫിയുടെ ചരമദിനം അനേക ദിവസങ്ങളിൽ വ്യത്യസ്ത വേദികളിൽ ഈ നഗരത്തിൽ ആ പാട്ടുകളിലൂടെ പുനർജനിക്കുന്നത് കാണാം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തനും ജനപ്രിയനും പ്രതിഭാശാലിയുമായ നിത്യഹരിത ഗായകനായിരുന്നു ഈ മനുഷ്യൻ.ഉറുദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉറുദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ് മുഹമ്മദ് റഫി ജനമനസ്സുകളിൽ സ്ഥിരപ്രതിഷ്ഠനേടിയത്.

ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967-ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ സംഗീത സപര്യ 35 വർഷം മാത്രമേ നീ്ണ്ടുനിന്നുള്ളൂ. 56 വയസെന്ന നിറയൗവനത്തിലായിരുന്നു ആ ജീവനുമായി മരണം കടന്നുകളഞ്ഞത്.