- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ ആർഎസ്എസിന്റെ ഒളിപ്രവർത്തനം പരസ്യമാക്കാൻ മോഹിച്ചു മോഹൻ ഭാഗവത്; ബി ആർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിസിനസുകാരുമായി ചർച്ച; അറബ് ഭരണാധികാരികളുമായി ബന്ധം ഉപയോഗിച്ച് ആർഎസ്എസിനു നിയമപ്രാബല്യം നൽകാൻ ശ്രമം
കൊച്ചി: ഗൾഫ് മേഖലയിൽ ആർഎസ്എസ് പ്രവർത്തനം പരസ്യമാക്കാൻ നേതാക്കളുടെ ശ്രമം. സർസംഘ ചാലക് മോഹൻ ഭാഗവത് ഇക്കാര്യത്തിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. ബി ആർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിസിനസുകാരുമായി മോഹൻ ഭാഗവത് നടത്തിയ ചർച്ച ഇതിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അറബ് ഭരണാധികാരികളുമായുള്ള ബന്ധം ഉപ
കൊച്ചി: ഗൾഫ് മേഖലയിൽ ആർഎസ്എസ് പ്രവർത്തനം പരസ്യമാക്കാൻ നേതാക്കളുടെ ശ്രമം. സർസംഘ ചാലക് മോഹൻ ഭാഗവത് ഇക്കാര്യത്തിൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ട്.
ബി ആർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബിസിനസുകാരുമായി മോഹൻ ഭാഗവത് നടത്തിയ ചർച്ച ഇതിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. അറബ് ഭരണാധികാരികളുമായുള്ള ബന്ധം ഉപയോഗിച്ച് ആർഎസ്എസിനു നിയമപ്രാബല്യം നൽകാനുള്ള ശ്രമവും നേതാക്കൾ നടത്തുന്നുണ്ട്.
ഗൾഫ് മേഖലയുൾപ്പെടെ വിദേശരാജ്യങ്ങളിൽ ആർഎസ്എസ് പ്രവർത്തനമുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ നടന്ന ചർച്ചയിലാണ് വ്യവസായ പ്രമുഖർ പങ്കെടുത്തത്. യുഎഇ ആസ്ഥാനമായ എൻഎംസി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി ഡോ.ബി.ആർ. ഷെട്ടിക്കു പുറമെ യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീർ കുമാർ ഷെട്ടി, ബംഗളൂരു പ്രകൃതി നെസ്റ്റ് ബിൽഡേഴ്‌സ് സിഎംഡി എൻ. ബാലകൃഷ്ണ, ദുബായ് ജെആർ എയ്‌റോലിങ്ക് എംഡി അനിൽപിള്ള, യുഎഇ എക്‌സ്‌ചേഞ്ച് സിഒഒ പ്രമോദ്, എൻഎംസി ഗ്രൂപ്പ് സിഒഒ പ്രശാന്ത് മങ്ങാട്ട് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് പങ്കെടുത്തത്. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സാരഥികളും യോഗത്തിനെത്തിയിരുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണെന്നും അത് മറ്റു രാജ്യങ്ങൾക്കു കൂടി ബോധ്യപ്പെടുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്നും മോഹൻ ഭാഗവത് നിർദേശിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണു മോഹൻ ഭാഗവതുകൊച്ചിയിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെക്കുറിച്ച് ആർഎസ്എസിലെയും ബിജെപിയിലെയും നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരെയും അദ്ദേഹം കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആർഎസ്എസ് സർസംഘചാലകുമായി കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തിയതോടെയാണു വിദേശത്തും ആർഎസ്എസ് വളർച്ചയുടെ പാതയിലെത്തിയത്. ഹിന്ദു രാഷ്ട്ര വാദവുമായാണ് ആർഎസ്എസ് വിദേശത്തും വേരുറപ്പിക്കുന്നത്. മോദിയിലൂടെ നേടിയ ആഗോള സമ്മതി സംഘപരിവാർ സംഘടനകളും പരമാവധി ഉപയോഗിക്കുന്നുണ്ട്. മോദി ലോകനേതാവായി ഉയരുമ്പോൾ അദ്ദേഹത്തിന് പ്രചോദനമായ ആർഎസ്എസിനും ആഗോള തലത്തിൽ നേട്ടങ്ങൾ മാത്രമാണ് പറയാനുള്ളത്. പ്രവാസി ഇന്ത്യാക്കാരെ സംഘടനയിലേക്ക് ആകർഷിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.
വിദേശത്തെ പ്രവർത്തനം സജീവമാക്കാൻ പരിവാർ സംഘടനയേയും ആർഎസ്എസ് രൂപീകരിച്ചിട്ടുണ്ട്. ഹിന്ദു സ്വയം സേവക് സംഘ് എന്നാണ്‌പേര്. 39 രാജ്യങ്ങളിൽ ഹിന്ദു സ്വയം സേവക് സംഘം സജീവാണ്. അമേരിക്കയും ഇംഗ്ലണ്ടും മൗറീഷ്യസുമെല്ലാം പരിവാർ സംഘടനകൾക്ക് വേരോട്ടമുള്ളവയാണ്. ഹിന്ദു സാംസ്‌കാരിക സംഘടനകളുമായി ചേർന്നാണ് പ്രവർത്തനം. വിദേശത്തെ ഹിന്ദു ഏകീകരണമാണ് ലക്ഷ്യമെന്ന് സംഘടനയുടെ അണിയറക്കാരും പറയുന്നു. വിശ്വഹിന്ദു പരിഷത്തിനേക്കാളും വേഗത്തിൽ ശാഖാ പ്രവർത്തനം നടത്തുന്ന ഹിന്ദു സ്വയംസേവക് സംഘ് വളരുന്നുവെന്നാണ് ആർഎസ്എസ് വിലയിരുത്തലും. ചിന്മയാ, രാമക്ൃഷണ മിഷൻ തുടങ്ങിയ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനമാണ് ഇതിന് കാരണമെന്നും വിലയിരുത്തുന്നു.
ഇന്ത്യയിൽ മൈതനാത്തിലാണ് ആർഎസ്എസ് ശാഖകൾ. എന്നാൽ വിദേശത്ത് കൂടുതലും ഇത് വീടുകൾ കേന്ദ്രീകരിച്ചാണ്. അമേരിക്കയിലും ഇംഗ്ലണ്ടിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം ഇങ്ങനെ തന്നെയാണ് പ്രവർത്തനം സജീവമാക്കുന്നത്. മൊംബാസയെന്ന കെനിയൻ നഗരത്തിലായിരുന്നു ആദ്യ വിദേശ ശാഖ. മോദി പ്രധാനമന്ത്രിയായതോടെ സംഘടനയിലേക്ക് പ്രവാസികൾ ഒഴുകുകയാണ്. കറുത്ത പാന്റും വൈറ്റ് ഷർട്ടുമിട്ട് വിദേശത്തെ ഭാരത് മാതാ കി ജയ് എന്ന് വിളിച്ചുള്ള സംഘ പ്രവർത്തനം അങ്ങനെ 39 രാജ്യങ്ങളിലെത്തി നിൽക്കുകയാണ് ഇപ്പോൾ. യുകെയും അമേരിക്കയും ഉൾപ്പെടെയുള്ളവിടങ്ങളിൽ മൈതാനത്ത് ശാഖകൾ അപൂർവ്വമായെങ്കിലും നടക്കാറുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ മൈതാനങ്ങളിലെ ഒത്തു ചേരലിന് വിലക്കുണ്ട്. അതുകൊണ്ട് ഇവിടെ വീടുകൾ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തനം. വ്യവസായികളുടെ പിന്തുണയോടെ ഭരണാധികാരികളിൽ നിന്ന് അനുകൂല തീരുമാനങ്ങൾക്കു വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ആർഎസ്എസ് നേതൃത്വം.