ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ പാലക്കാട്ടെ ഒരു എയ്ഡഡ് സ്‌കൂളിൽ ഭാഗവത് ദേശീയപതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ മറ്റൊരു സ്‌കൂളിൽ റിപ്പബ്ലിക് ദിനത്തിലും ആർഎസ്എസ്. അധ്യക്ഷൻ മോഹൻ ഭാഗവത് ദേശീയപതാക ഉയർത്തും.

മൂന്നുദിവസത്തെ ആർഎസ്എസ്. ക്യാമ്പിൽ പങ്കെടുക്കാനായി മോഹൻ ഭാഗവത് ആ സമയത്ത് പാലക്കാട്ടുണ്ടാകും. ക്യാമ്പ് നടക്കുന്ന സ്‌കൂളിൽ ഭാഗവത് പതാക ഉയർത്തും. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും എവിടെയാണോ ആർഎസ്എസ്. അധ്യക്ഷനുള്ളത് ആ സ്ഥലങ്ങളിൽ അദ്ദേഹം ദേശീയപതാക ഉയർത്തുക പതിവാണെന്നും ഇത്തവണയും ആ രീതി പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ആർഎസ്എസ്. വൃത്തങ്ങൾ പറയുന്നു.

മുമ്പ് പാലക്കാട് എയ്ഡഡ് സ്‌കൂളിൽ ഭാഗവത് ദേശീയപതാക ഉയർത്തിയതിന് സ്‌കൂളിന്റെ മാനേജരുടെയും പ്രധാനാധ്യാപകന്റെയും പേരിൽ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

ഇക്കുറി പാലക്കാട്ട് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആർഎസ്എസ്. ക്യാമ്പ് നടക്കുന്നത് ആർഎസ്എസ്. ബന്ധമുള്ള ഭാരതീയ വിദ്യാനികേതന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ്. സർക്കാർ നിയന്ത്രണത്തിലോ ധനസഹായത്തിലോ പ്രവർത്തിക്കുന്നതല്ലാത്ത സ്ഥാപനമായതിനാൽ സംസ്ഥാനസർക്കാരിന് ഇവർക്കെതിരേ നടപടിയെടുക്കാനാവില്ല.