കോഴിക്കോട്: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് നേരിട്ട രൂക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ കായികതാരം പി.ടി. ഉഷ.

പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത അത്‌ലറ്റുകളിലൊരാളായ പി.ടി. ഉഷ പ്രതികരിച്ചു. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്പോർട്സ് മാത്രമാണ് തന്റെ രാഷ്ട്രീയമെന്നും അവർ പറഞ്ഞു. നാഗ്പുരിൽ നടന്ന ഇന്ത്യാസ് ഇന്റർനാഷണൽ മൂവ്മെന്റ് ടു യുണൈറ്റഡ് നേഷൻസ് (ഐഐഎംയുഎൻ) എന്ന പരിപാടിക്കിടെയാണ് ആ ചിത്രം എടുത്തത്.

ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ലോകത്തിന് കാട്ടിക്കൊടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടി. കോൺഗ്രസ് നേതാവ് ശശി തരൂർ, മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു, മോഹൻ ഭാഗവത് തുടങ്ങി നിരവധി പേർ ഇതിൽ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവതിന്റെ കൂടെ മാത്രമല്ല, മറ്റുള്ളവർക്കൊപ്പവും ചിത്രം എടുത്തിരുന്നു. ഒരുവിധത്തിലുള്ള രാഷ്ട്രീയ ചർച്ചയും ഈ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടില്ല, പി.ടി. ഉഷ പറഞ്ഞു.

തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനഃപൂർവമുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും പി.ടി. ഉഷ ആരോപിച്ചു. ഇത് എന്നെ അപമാനിക്കലാണ്. ഞാൻ ദിവസവും നിരവധി പേരെ കാണുന്നുണ്ട്. അതൊക്കെ രാഷ്ട്രീയം സംസാരിക്കാനല്ല. ഇത്തരം വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ഒട്ടും ശരിയല്ല, ഉഷ പറഞ്ഞു.

ആർ.എസ്.എസ് തലവനായ മോഹൻ ഭാഗവതിനൊപ്പം ഉഷയും ഭർത്താവ് വി. ശ്രീനിവാസനും മുംബൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതിന്റെ ഫോട്ടോയെടുത്താണ് ഫേസ്‌ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത്.

'ഏകഭാരതം, ശ്രേഷ്ഠ ഭാരതം, നന്ദി മോഹൻ ഭാഗവത്' എന്ന അർഥത്തിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയത്. 'പയ്യോളി എക്സ്‌പ്രസ് പാളം തെറ്റി'എന്നാണ് ചിലർ കമന്റുമായെത്തിയത്. ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് നഷ്ടപ്പെടാനുള്ള അടുത്ത പ്രമുഖ സ്ഥാനാർത്ഥിയെന്നും ഒരാൾ കമന്റ് ചെയ്തു. ഉഷയെ അനുകൂലിച്ചും നിരവധി പേർ കമന്റിട്ടിരുന്നു.