വടകര: അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന സിനിമാ - സീരിയൽ - നാടക സംവിധായകൻ മോഹൻ കടത്തനാട് (58) മരിച്ചു. കഴിഞ്ഞ 24ന് പയ്യോളിയിൽ ദേശീയപാതയ്ക്കരികിലൂടെ നടന്നു പോകുമ്പോൾ കെഎസ്ആർടിസി ബസിടിച്ചാണ് മോഹൻ ആശുപത്രിയിലായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.

നാടകരംഗത്തിലൂടെ സീരിയലിലേക്കും സിനിമയിലേക്കുമെത്തിയ കലാകാരനാണ് അദ്ദേഹം. അറുപതോളം നാടകങ്ങൾ മോഹൻ രചിച്ചു. അദ്ദേഹം നിർമ്മിച്ചു സംവിധാനം ചെയ്ത 'എ സൈഡ് വ്യൂ ഓഫ് ഇന്ത്യ' എന്ന സിനിമ രാജ്യാന്തര മേളകളിൽ ഇടം നേടിയിരുന്നു.

നിരവധി ഹ്രസ്വ ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സീരിയലുകൾക്കും തിരക്കഥ രചിച്ച അദ്ദേഹം സംവിധാനരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിയോഗം എന്ന ടെലിഫിലിമിന്റെ പണിപ്പുരയിലായിരുന്നു.

പുരസ്‌കാരങ്ങൾ നേടിയ ഓഗസ്റ്റിൽ ഒരു രാത്രി, ശിലകൾ, കൊച്ചു ത്രേസ്യ എന്നീ നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. ആദ്യ കാല സംവിധായകൻ പരേതനായ ഡോ. ബാലകൃഷ്ണന്റെ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഉണരൂ ഉദയമായ്, ഭ്രാന്ത്, മഞ്ഞുപോലൊരു പ്രണയം തുടങ്ങിയ സിനിമകളുടെ രചനയും സംവിധാനവും നിർവഹിച്ചു. പരേതനായ കുനിയിൽ ബാലക്കുറുപ്പിന്റെയും സരസ്വതി വിലാസം എൽപി സ്‌കൂൾ റിട്ട. അദ്ധ്യാപിക മാതുവിന്റെയും മകനാണ്. സഹോദരൻ: പരേതനായ പ്രേമൻ.