ചെന്നൈ: തെന്നിന്ത്യൻ താരങ്ങൾ നിറഞ്ഞ് നിന്ന വേദിയിലേക്കാണ് ലാലേട്ടന് ക്ഷണം ലഭിച്ചത്. തമിഴ് താരങ്ങൾ ഒന്നടങ്കം എത്തിയെങ്കിലും അവിടെയും തിളങ്ങിയത് നമ്മുടെ സൂപ്പർ താരം ലാലേട്ടൻ തന്നെ. ഓറഞ്ച് കുർത്തയും കാവി മുണ്ടും ഉടുത്തുള്ള ലാലേട്ടന്റെ എൻട്രി സ്ഫടികത്തിലെ ആടുതോമയെ അനുസ്മരിപ്പിക്കുന്ന മാസ് ലുക്കായിരുന്നു

രജനീകാന്ത്, വിശാൽ, സൂര്യ, ധനുഷ്, കാർത്തി, വിജയ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടേറെ സൂപ്പർ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. 50 വർഷം മുൻപ് എംജിആറാണു യൂണിയൻ ഉദ്ഘാടനം ചെയ്തത്. എംജിആറിന്റെ ജന്മശതാബ്ദി വർഷത്തിൽ സംഘടനയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നതിൽ സന്തോഷമുണ്ടെന്നു രജനീകാന്ത് പറഞ്ഞു.

എംജിആർ മാസം അൻപതു സ്റ്റണ്ട് കലാകാരന്മാർക്കു സാമ്പത്തിക സഹായം നൽകിയിരുന്നു. സിനിമയുടെ പൂർണതയ്ക്കു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയാറാകുന്നവരാണു സ്റ്റണ്ട് താരങ്ങൾ. അവർക്ക് എന്തു സഹായവും നൽകാൻ താൻ മുൻപന്തിയിലുണ്ടാകുമെന്നു രജനീകാന്ത് പറഞ്ഞു. സിനിമാ തിരക്കുകൾക്ക് അവധി നൽകി മോഹൻലാൽ ഈയിടെ ഭൂട്ടാൻ യാത്രയിലായിരുന്നു. ഭൂട്ടാനിലെ ജനങ്ങളുടെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് ബ്ലോഗെഴുതുകയും ചെയ്തു.