ന്യൂഡൽഹി: സമൂഹത്തെ പ്രധാന വ്യക്തിത്വങ്ങളെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കേന്ദ്ര സർക്കാരിന് കഴിയും. രാഷ്ട്രീയക്കാർ അപ്പുറമുള്ള മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളെ രാജ്യസഭയുടെ ഭാഗമാക്കി പാർലമെന്ററീ ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തുകകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിനെ മന്മോഹൻസിംഗിന്റെ സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. ഇതിന് സമാനമായ രീതിയിൽ പല പ്രമുഖരും രാജ്യസഭയിൽ എത്തി. സിനിമാക്കരും പത്രപ്രവർത്തരും ശാസ്ത്രജ്ഞന്മാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഒരു പാർമെന്റ് അംഗത്വത്തിന് കിട്ടുന്ന എല്ലാ ആനുകൂല്യവും ഇവർക്കുമുണ്ടാകും. മോദി സർക്കാരും ഇങ്ങനെ നാമനിർദ്ദേശം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുകയാണ്. ഇതിൽ ആദ്യ പേരുകാരൻ മലയാളിയാണ്. നമ്മുടെ സ്വന്തം മോഹൻലാൽ.

രാഷ്ട്രീയം കലർത്താതെ വേണം ഇത്തരം നാമനിർദ്ദേശം എന്നാണ് വയ്‌പ്പ്. എന്നാൽ ഉറപ്പായും രാഷ്ട്രീയം കടന്നുവരികയും ചെയ്യും. മോഹൻലാലിനെ നിയമസഭയിൽ എത്തിക്കുന്നതിലൂടെ കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ബിജെപിക്ക് അനുകൂലമാക്കാനാണ് നീക്കം. സുരേഷ് ഗോപിയെ ബിജെപിയുമായി അടുപ്പിക്കാൻ മോദിയും ബിജെപിയും ശ്രമിച്ചിരുന്നു. സുരേഷ് ഗോപിയെ രാജ്യസഭാ അംഗം ആക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ എൻഎഫ്ഡിസിയുടെ അധ്യക്ഷനാക്കാനായിരുന്നു പിന്നീടുണ്ടായ ധാരണ. എന്നാൽ അതും ഇതുവരെ നടന്നില്ല. നിലവിലെ സാഹചര്യത്തിൽ മോഹൻലാലിനെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങളാണ് ആലോചിക്കുന്നത്. ഇതിനായി സിനിമയിൽ സജീവമായ ബിജെപിക്കാരുടെ സഹായവും തേടുന്നുണ്ട്. എന്നാൽ ബിജെപിയുടെ നിർദ്ദേശത്തോട് നടൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

അതിനിടെ രാജ്യസഭയിലേക്ക് മോഹൻലാലിനെ മത്സരിപ്പിക്കാൻ പോലും ബിജെപിക്ക് ആഗ്രഹമുണ്ട്. എന്നാൽ അത്തരമൊരു സീറ്റിലേക്ക് മോഹൻ ലാലിന് താൽപ്പര്യമില്ല. വെറുമൊരു രാഷ്ട്രീയക്കാരനായി മാറാൻ ലാൽ ഇപ്പോൾ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നാമനിർദ്ദേശമെന്ന രിതിയിലേക്ക് ചിന്ത എത്തുന്നത്. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് മോഹൻലാലിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. അടുത്ത വർഷം മാർച്ചിൽ ഒഴിവു വരുന്ന രണ്ട് സീറ്റുകളിൽ നടി ശബാന ആസ്മിയുടെ ഭർത്താവും സംഗീതഞ്ജനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് മോഹൻലാലിനെ പരിഗണിക്കുന്നത്. മോഹൻലാൽ സമ്മതം മൂളിയാൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം അംഗീകാരം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. നടി മഞ്ജു വാര്യരെയും ബിജെപി സമീപിച്ചതായി സൂചനയുണ്ട്. എന്നാൽ അവർ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഒഴിവു വരുന്ന സീറ്റിലേക്ക് ബിജെപിയോട് അടുപ്പമുള്ള താരങ്ങൾ രംഗത്തുണ്ടെങ്കിലും കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ മോഹൻലാലിനെപ്പോലെ ഒരു താരത്തിന് സീറ്റ് നൽകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മോഹൻലാലിന്റെ സ്വാധീനം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ബിജെപി അനുഭാവികളും സിനിമാ രംഗത്ത് മോഹൻലാലിനോട് അടുപ്പം പുലർത്തുന്നവരുമായ നിർമ്മാതാവ് സുരേഷ് കുമാർ, മേജർ രവി എന്നിവരിലൂടെയും മോഹൻലാലിന്റെ സമ്മതം നേടാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്. ഈ സൗഹൃദ കൂട്ടായ്മയെ ഉപയോഗിച്ച് മോഹൻലാലിനെ ബിജെപി പക്ഷത്ത് എത്തിക്കാനാണ് നീക്കം. ആർഎസ്എസിന്റെ മലയാളം ചാനലായ ജനവുമായും അടുത്ത ബന്ധമാണ് മോഹൻലാലിനുള്ളത്. പ്രിയദർശനാണ് ചാനലിന്റെ ചെയർമാൻ. ഈ സാഹചര്യങ്ങളും മോഹൻലാലിന്റെ ജനപ്രീതിയും കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം.