ഉടൻ ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്് മുമ്പായി ചെറിയ ഒരു ഇടവേള, വിശ്രമത്തിനായി താരം ഭൂട്ടാനിലേക്ക് തിരിക്കുന്നു. വി.എ.ശ്രീകുമാർ മേനോൻ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയിൽ തുടങ്ങും മുൻപേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് ലാൽ ഭൂട്ടാനിലേക്ക് തിരിക്കുന്നത്. ഈ വർഷവും അടുത്ത വർഷവുമായി മോഹൻലാലിന്റെ വമ്പൻ പ്രൊജക്ടുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തകം' ആണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. അമൃത ടിവിയിലെ പരമ്പരയായ 'ലാൽസലാ'മിന്റെ ഷൂട്ടിങിലാണ് മോഹൻലാൽ ഇപ്പോൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭൂട്ടാനിലേയ്ക്ക് പുറപ്പെടും എന്നാണ് മോഹൻലാലിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. മകൻ പ്രണവ് മോഹൻലാൽ ആദിയുടെ ചിത്രീകരണ തിരക്കിലാണ്. കുടുംബത്തോടൊപ്പമായിരിക്കും യാത്ര. തുടർന്ന് ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലേക്ക് പറക്കും. വളരെ വേറിട്ട വേഷമാണ് ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്. ഒടിയന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമ പ്രേമികൾക്ക് പ്രതീക്ഷനൽകുന്ന ആവേശമുണർത്തിയ മൂന്ന് പ്രോജക്ടുകളാണ് അടുത്തകാലത്ത് മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രീകരണം പൂർത്തിയാക്കിയ വെളിപാടിന്റെ പുസ്തകമാണ് ഉടൻ തിയറ്ററുകളിൽ എത്തുന്ന ചിത്രം. ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുക്കിയ വില്ലൻ റിലീസ് ചെയ്യും. ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയനുവേണ്ടി കുറച്ച് അധിക ദിവസം തന്നെ മോഹൻലാൽ മാറ്റിവെച്ചിട്ടുണ്ട് എന്നാണ് അണിയറ വിവരം. ഒടിയനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും മോഹൻലാൽ ഇനി അഭിനയിക്കുക.

ദേശീയ അവാർഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവർത്തകനുമായ ഹരികൃഷ്ണന്റേതാണ് ഒടിയന്റെ രചന. മഞ്ജു വാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. സാബു സിറിളാണ് പ്രൊഡക്ഷൻ ഡിസൈൻ. ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകൻ ഷാജികുമാറാണ് ഒടിയന്റെയും ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്. എം.ജയചന്ദ്രൻ സംഗീതം. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'വില്ലൻ'എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു.