നാടൻപാട്ട് മണി പാടിയാൽ അതിന്റെതായ ഒരു അളവിൽ വരും. മണിയുടെ ശബ്ദം ഇഷ്ടപ്പെട്ടതുപ്പോലെ വേറെ ഒരു ഗായകരുടെയും ശബ്ദം ഒരു സാധാരണ മലയാളി ഇഷ്ടപ്പെട്ടിട്ടില്ല -ഇത് പറയുന്നത് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ, കാഴ്ച എന്നീ ചിത്രങ്ങളിലെ പാട്ടുകളിൽ മണിക്ക് പാട്ടൊരുക്കിയ സംഗീത സംവിധായകൻ മോഹൻ സിത്താരയാണ്. വിനയൻ സംവിധാനം ചെയ്ത മണിയെക്കുറിച്ചുള്ള ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചെറിയ വേഷത്തിൽ മണിക്ക് പാട്ട് പറഞ്ഞുകൊടുക്കുന്ന സീനിൽ മോഹൻ സിത്താര അഭിനയിച്ചിട്ടുണ്ട്.

മോഹൻ സിത്താരയുടെ ഒരു ഗാനമെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളിൽ അത്രയ്ക്കും ഗൃഹാതുരത്വം നിറച്ചിട്ടുണ്ടാകും മോഹൻ സിത്താരയുടെ സംഗീതം. അദ്ദേഹം പകർന്ന താരാട്ടുശീലിന്റെ കണ്ണീരുപ്പുകലർന്ന ഈണങ്ങൾ ഓരോ മലയാളിയും ഇന്നും മൂളിനടക്കുന്നു.

രാരീ രാരീരം രാരോ (ഒന്നുമുതൽ പൂജ്യം വരെ), നീൾമിഴി പീലിയിൽ (വചനം), ഉണ്ണി വാവാവോ (സാന്ത്വനം), താലോലം താനെ താരാട്ടും (കുടുംബപുരാണം), ഇലപൊഴിയും ശിശിരത്തിൽ (വർഷങ്ങൾ പോയതറിയാതെ), എന്നമ്മേ ഒന്നുകാണാൻ (നമ്മൾ), ചന്ദന തെന്നലായി (ഷാർജ ടു ഷാർജ), തെക്കിനി കോലായ (സൂഫി പറഞ്ഞ കഥ), പതിനേഴിന്റെ പൂംകരളിൽ (വെള്ളരിപ്രാവിന്റെ ചങ്ങാതി) തുടങ്ങിയ പാട്ടുകൾ മലയാളികളുടെ മനസിനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്.

സിനിമാ പാട്ടുകളും ഭക്തി ഗാനങ്ങളും ഉൾപ്പെടെ ആയിരത്തോളം പാട്ടുകൾക്ക് ഈണം നൽകിയ മോഹൻ സിത്താരയാണ് കലാഭവൻ മണിയെ ആദ്യമായി സിനിമയിൽ പാടിപ്പിച്ചത്. സംഗീതം സ്വപ്നം കണ്ടുനടന്ന കുട്ടിക്കാലത്തെക്കുറിച്ചും സംഗീത സംവിധായകനായ സാഹചര്യത്തെക്കുറിച്ചും മോഹൻ സിത്താര മറുനാടൻ മലയാളിയോട് പറയുന്നു.

കുട്ടിക്കാലം

തൃശൂരിൽ പെരുവല്ലൂരിലാണ് ഞാൻ ജനിച്ചത്. പെരുവല്ലൂർ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സംഗീത ഉപകരണങ്ങൾ വായിച്ചുതുടങ്ങി. ആറാം ക്ലാസിൽ ഹിന്ദി പഠിപ്പിച്ചിരുന്ന സുനന്ദഭായി ടീച്ചർ ഒരു പാട്ടിന്റെ ട്യൂൺ ചെയ്യാൻ പറഞ്ഞു. ആനിവേഴ്സറിക്ക് ടീച്ചർ എഴുതിയ പാട്ടാണത്. അങ്ങനെ പാട്ട് എല്ലാവർക്കും ഇഷ്ടമായി. ആ പാട്ടാണ് അന്നു പങ്കെടുക്കുന്ന എല്ലാ കലാപരിപാടികളിൽ പാടുന്നത്. ടീച്ചർ എഴുതിയ പാട്ടിനാണ് ഞാൻ ആദ്യം ഈണം നൽകിയത്.

പിന്നെ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ കെ.ജി. സത്താർ മാഷിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. എന്റെ ചേട്ടനാണ് മാഷിന്റെ അടുത്തേയ്ക്കു കൊണ്ടുപോകുന്നത്. അവിടെതന്നെ വയലിൻ പഠിച്ചു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ മാഷിന്റെ പല പരിപാടികൾക്കും കൂടെപോയി. ഗാനമേളയുടെ ഇടയ്ക്ക് എന്റെ ഒരു വയലിൽ സോളോ ഉണ്ടാകും. അതുകണ്ട് കാണികൾ കൈയടിക്കുകയും നോട്ടുമാലകൾ തരുകയും ചെയ്യുമായിരുന്നു.

ആഴത്തിൽ സ്പർശിച്ച പാട്ടുകൾ

മനസിൽ ആരാധന തോന്നിയ ഒരുപാട് പാട്ടുകളുണ്ട്. ഏഴിലംപാല പൂത്തു പൂമരങ്ങൾ കുടപിടിച്ചു' ദാസേട്ടൻ പാടിയ ഈ പാട്ടൊക്കെ അന്ന് വളരെ ഹിറ്റായിരുന്നു. മാത്രമല്ല ഈ പാട്ടിന്റെ വരികൾതന്നെ എത്ര മനോഹരമാണ്. എന്റെ ചേട്ടൻ അന്ന് യേശുദാസിന്റെ കൂടെ മദ്രാസിലായിരുന്നു. തിരുവനന്തപുരത്ത് ദാസ് സാർ ഒരു മ്യൂസിക് സ്‌കൂൾ തുടങ്ങിയപ്പോൾ ചേട്ടനാണ് സിത്താർ പഠിപ്പിച്ചത്. ആ സമയത്താണ് എന്റെ എസ്എസ്എൽസി കഴിഞ്ഞത്. അവിടെതന്നെ ഞാൻ വയലിൻ പഠിക്കാൻ ചേർന്നു.

അന്ന് ഞങ്ങൾക്ക് സിത്താര മ്യൂസിക് ക്ലബ് ഉണ്ടായിരുന്നു. ആ സമയത്തുതന്നെ അറിയപ്പെടുന്ന വയലിനിസ്റ്റായി ഞാൻ അറിയാൻ തുടങ്ങി. അങ്ങനെ ദാസ് സാറിന്റെ തരംഗിണി സ്റ്റുഡിയോയിൽ വയലിൻ വായിക്കാൻ ചേർന്നു. അക്കാലത്ത് മിക്ക പാട്ടുകളും തരംഗിണിയിലാണ് റെക്കോർഡ് ചെയ്തിരുന്നത്. ആരു വന്നാലും ഞാൻ തന്നെയാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.

ആർക്കൊക്കെ വയലിൻ വായിച്ചു

നിരവധി പ്രശസ്ത സംഗീതജ്ഞർക്ക് ഞാൻ വയലിൻ വായിച്ചിട്ടുണ്ട്. അതൊക്കെ നല്ലൊരു അനുഭവവും അറിവുമാണ് പകർന്നത്. ദക്ഷിണാമൂർത്തി സ്വാമി, ശ്യാം, രാഘവൻ മാസ്റ്റർ, എം.ജി. രാധാകൃഷ്ണൻ , പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്നിവർ സ്ഥിരം പാട്ടുകൾ തരംഗിണി സ്റ്റുഡിയോയിലാണ് ചെയ്തിരുന്നത്.

അവർക്കൊക്കെ ഞാനാണ് വയലിൻ വായിച്ചത്. ഞാൻ ക്ലാസിക് മ്യൂസിക് പഠിച്ചത് പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സാറിൽ നിന്നാണ്. സാറിനു വേണ്ടി പല ചിത്രങ്ങൾക്കും ഞാൻ ഓർഗസ്ട്രേഷൻ ചെയ്തിട്ടുണ്ട്. ഇവരുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതു തന്നെ വലിയൊരു ഭാഗ്യമാണ്.

രാരീ രാരീരം രാരോ

ടി കെ രാജീവ്കുമാറിന്റെ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ രാരീ രാരീരം രാരോ' എന്ന പാട്ടാണ് ഞാൻ ആദ്യം സംഗീതം പകർന്ന സിനിമാപാട്ട്. ടി.കെ രാജീവ്കുമാർ സിത്താര മ്യൂസിക് ക്ലബിന്റെ പരിപാടികൾക്ക് മിമിക്രി ചെയ്യാൻ വരുമായിരുന്നു. ഗാനമേളയ്ക്കു ഇടയിൽ മിമിക്രി അങ്ങനെയായിരുന്നു. ടി.കെ. രാജീവ്കുമാർ എന്നെ നവോദയയ്ക്ക് പരിചയപ്പെടുത്തി. അവർ ചെയ്യാൻ പോകുന്ന സിനിമ പുതുമുഖങ്ങളെ വച്ച് ചെയ്യാൻ തീരുമാനിച്ചിരുന്നു.

പല പുതുമുഖങ്ങളെയും വച്ച് സംഗീതം ചെയ്തുനോക്കി. അതൊന്നും ശരിയായില്ല. അങ്ങനെ രാജീവ് എന്റെ പേര് പറയുകയായിരുന്നു. ഞാൻ ഒരു താരാട്ട് ട്യൂൺ ചെയ്തു. അത് അവർക്കു ഇഷ്ടമായി. (അതാണ് പിന്നീട് കുടുംബപുരാണം എന്ന ചിത്രത്തിലെ താലോലം താനെ താരാട്ടും എന്ന പാട്ട്). വീണ്ടും ട്യൂൺ ചെയ്യാൻ അവർ പറഞ്ഞു. 'രാരീ രാരീരം രാരോ' ഇങ്ങനെ ഒരു ട്യൂൺ ഉണ്ടാക്കി. അതു അവർക്കു വളരെ ഇഷ്ടമായി. അത് സിനിമയ്ക്കുവേണ്ടിയുള്ള പാട്ടാണെന്ന് പിന്നീടാണ് രാജീവ് പറഞ്ഞത്.

ഇന്നലെയുടെ ബിജിഎം

ഇന്നലെയുടെ ക്ലൈമാക്സ് വളരെ ഹൃദയഭേദകമായ രംഗമാണ്. അപകടത്തെത്തുടർന്ന് സ്വന്തം പെണ്ണിന് തന്നെ തിരിച്ചറിയാത്തതുകൊണ്ട് സുരേഷ് ഗോപിയുടെ കഥാപാത്രം ഇറങ്ങിപോകുന്ന ക്ലൈമാക്സ് സീൻ. വല്ലാത്തൊരു മാനസികാവസ്ഥയാണ്. ക്ലൈമാക്സ് സീനിൽ സംഗീതം ചെയ്തു കഴിഞ്ഞപ്പോൾ പത്മരാജൻ സാർ എന്നെ വല്ലാതെ അഭിനന്ദിച്ചു.

പത്മരാജൻ സാറിന്റെ 'തൂവാനത്തുമ്പികൾ' എന്ന ചിത്രത്തിനു പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സാറായിരുന്നു പാട്ടുകൾക്ക് ഈണമിട്ടിരുന്നത്. പശ്ചാത്തല സംഗീതം ജോൺസനായിരുന്നു. ഓർഗസ്ട്രേഷൻ ഞാനായിരുന്നു. അതൊക്കെ പത്മരാജൻ സാറിന് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് 'ഇന്നലെ' എന്ന സിനിമയിലേക്ക് എത്തുന്നത്.

ബിജിഎം ആവശ്യകത

ഒരു സിനിമയിൽ എല്ലാം അതിന്റേതായ അളവിൽ ചേരുമ്പോഴാണ് ആ സിനിമ അതിഗംഭീരമാകുന്നത്. സന്തോഷം, സങ്കടം, ചിരി, കരച്ചിൽ ഇങ്ങനെ പലഭാവങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. സന്തോഷം, സങ്കടം, ദേഷ്യം ഒക്കെ വരുമ്പോൾ ഒരു സംഗീതം കൊടുക്കുന്നു. ചിലപ്പോൾ ഒരോന്നിനും ഒരു സംഗീതമാക്കും വ്യത്യസ്ത ശൈലിയായിരിക്കും. ചില ഭാഗത്ത് ഒരു ബഹളവും ഉണ്ടാകില്ല. ചിലപ്പോൾ വളരെ നിശബ്ദതയായിരിക്കും. ഒരു ചീവീടിന്റെ ശബ്ദം മാത്രമായിരിക്കും. അതിന് വല്ലാത്ത മൂഡായിരിക്കും. അതുകൊണ്ടു തന്നെ ഒരോ സമയത്തും കൊടുക്കുന്ന സംഗീതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്.

സീൻ കാണുമ്പോഴായിരിക്കും ചിലപ്പോൾ ആ മൂഡ് വരുക. ഒരു കറി വയ്ക്കുമ്പോൾ പുളി, ഉപ്പ്, മഞ്ഞൾ, മുളകുപൊടി എല്ലാം ആവശ്യത്തിനു ചേർന്നാലേ രുചിയുണ്ടാകൂ. അതേപോലെ തന്നെയാണ് സംഗീതം നൽകുന്നതിലും. എന്നാൽ ഇന്ന് പലരും സ്വന്തം സർഗാത്മകത സംഗീതത്തിൽ കൊണ്ടുവരുന്നില്ല. എന്തൊക്കെയോ ബഹളമാണ് സിനിമയിൽ ചെയ്തുവയ്ക്കുന്നത്. ഇന്ന് സംഗീതം വാങ്ങാൻ കിട്ടുന്ന കാലമാണ്. എന്നിട്ട് മ്യൂസിക് സംവിധായകന്റെ പേരും ചേർക്കും. അങ്ങനെ ചെയ്യാൻ പാടില്ല. എന്നിട്ട് അവർക്ക് പുരസ്‌കാരം കൊടുക്കും. പുരസ്‌കാരം നൽകുന്നവർക്ക് അതിനെ കുറിച്ച് വല്ല്യബോധ്യമുണ്ടാകില്ല.

പാട്ടൊരുക്കുന്ന രീതി

ആ രീതിയിൽ ഞാൻ പാട്ട് ചെയ്തിട്ടില്ല. രാരീ രാരീരം രാരോ എന്ന പാട്ട് ഈണമിട്ടതിനു ശേഷമാണ് പാട്ടെഴുതിയത്. ഒഎൻവി സാറിന്റെ മനോഹരമായ വരികളും ആ പാട്ടിനെ ഭംഗിയാക്കി. ചിലപ്പോൾ ഈണമിട്ടതിനു ശേഷം പാട്ടെഴുതും ചില സമയത്ത് പാട്ടെഴുതിയതു ശേഷം ഈണമിടും. പാട്ട് എഴുതിയിട്ട് ഈണമിടുന്നതാണ് ഏറ്റവും നല്ലത്. ചില സന്ദർഭത്തിൽ ഈണമിട്ട് പാട്ടെഴുതുന്നതായിരിക്കും കൂടുതൽ സൗകര്യം.

യൂസഫലി സാറുമായി പാട്ടു ചെയ്യുമ്പോൾ മിക്കതും ലിറിക് എഴുതിയതിനു ശേഷമാണ് ഈണമിടുക. ക്ലാസിക്മൂഡുള്ള പാട്ടുകൾക്ക് ലിറിക്സിനു വളരെ പ്രാധാന്യമാണ്. അത്തരം പാട്ടുകളിൽ ഈണമിട്ട് വൃത്തിക്കേടാക്കാനും പാടില്ല. അതിനു ലിറിക്സിനാണ് പ്രാധാന്യം. അവിടെ ഈണം ഒരു അടിവര മാത്രമാണ്. ശിവദം ശിവ നാമം എന്ന പാട്ട് എഴുതിയതിനു ശേഷമാണ് ഈണമിട്ടത്.


തെക്കിനി കോലായചുമരിൽ

എനിക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച പാട്ടാണിത്. പ്രിയനന്ദനൻ സംവിധാനം ചെയ്ത സൂഫി പറഞ്ഞ കഥയ്ക്കു വേണ്ടി ഒരുക്കിയ പാട്ട്. പുരസ്‌കാരം കിട്ടാൻ വൈകിയതായി പലരും പറഞ്ഞു. അപ്പോഴായിരിക്കും എന്റെ സമയമായതെന്ന് ഞാൻ വിചാരിക്കുന്നു. ഒരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ പാട്ടു വേണമെന്നും പ്രിയനന്ദനൻ പറയുന്നു. റഫീഖ് അഹമ്മദാണ് പാട്ടെഴുതിയത്. ആദ്യം വരികളെഴുതിത്ത്ത്തരുകയായിരുന്നു. എന്നിട്ടാണ് ട്യൂൺ ഇട്ടത്.

ചിത്ര അതിമനോഹരമായി പാടിയിട്ടുണ്ട്. തൃശൂരിൽ ഇവിടെത്തെ സറ്റുഡിയോയിലാണ് പാടിയത്. പുരസ്‌കാരത്തെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസിൽ ഉണ്ടായിരുന്നില്ല. പുരസ്‌കാരം കിട്ടിയപ്പോൾ കുറേപേർ വിളിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് എന്നെയും എന്റെ പാട്ടിനെയും കുറേ ആളുകൾ ഇഷ്ടപ്പെടുന്നുവെന്ന കാര്യം. രണ്ടാഴ്ചയോളം എനിക്ക് വേറെയൊരു ജോലി ചെയ്യാൻ പറ്റിയിരുന്നില്ല. അത്രയ്ക്കും ഫോൺകോളുകളായിരുന്നു. പുരസ്‌കാരം കിട്ടാൻ വൈകിപോയല്ലോ എന്ന് പലരും പറഞ്ഞിരുന്നു.

കലാഭവൻ മണി

വാസന്തയിലും ലക്ഷ്മിയും പിന്നെ ഞാനും എന്ന പടത്തിൽ കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന പാട്ടാണ് മണി പാടിയത്. ആരെക്കൊണ്ട് പാടിക്കണമെന്നുള്ള സംഭാഷണത്തിനിടയലാണ് മണിയെപ്പറ്റി ആലോചിക്കുന്നത്. മണി നന്നായി പാടുമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. അങ്ങനെ പാടിക്കുകയായിരുന്നു. മണി നന്നായി പാടുന്ന ഗായകനാണ്. നാടൻപാട്ട് മണി പാടിയാൽ അതിന്റെതായ ഒരു അളവിൽവരും.

 വാസന്തിയും ലക്ഷ്മിയും ഞാനും , കരുമാടിക്കുട്ടൻ, കാഴ്ച എന്നീ ചിത്രങ്ങളിലെ പാട്ടുകളിൽ മണി നന്നായി പാടിയിട്ടുണ്ട്. കാഴ്ചയിലെ കുട്ടനാടൻ കായലിലെ എന്ന പാട്ട് മണിയും കൂടിയാണ് പാടിയത്. വിനയൻ സംവിധാനം ചെയ്ത മണിയെക്കുറിച്ചുള്ള ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ഞാൻ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മണിക്ക് പാട്ട് പറഞ്ഞുകൊടുക്കുന്ന സീൻ.

പുതുഗായകർ

യേശുദാസ് , ജയചന്ദ്രൻ, എംജി ശ്രീകുമാർ, ചിത്ര, സുജാത എന്നിവരുടെ ശബ്ദമാണ് മലയാളികൾ ഏറെനാളായി കേട്ടുകൊണ്ടിരുന്നത്. അത് അവരുടെ കാലഘട്ടമായിരുന്നു. പുതിയ ഗായകർക്ക് അവസരങ്ങൾ കുറവാണ്. പുതിയ ഗായകരെ പാടിക്കാൻ നിർമ്മാതാക്കളും സംവിധായകരും ഇഷ്ടപ്പെടാറില്ല. കാരണം കാസറ്റിന്റെ വിപണനത്തെ ബാധിക്കുന്നതുകൊണ്ടായിരിക്കാം. അക്കാലത്താണ് ഞാൻ പുതുതലമുറയെ കൊണ്ടുവന്നത്. മഞ്ജരി, ഫ്രാങ്കോ, അഫ്സൽ, ജ്യോൽസന, അൻവർ അങ്ങറെ കുറേ പേരെ പാടിച്ചിട്ടുണ്ട്. നമ്മൾ, സ്വപ്നകൂട് പോലുള്ള സിനിമകൾ യൂത്തിന്റെ കഥയാണ്. അവിടെ യേശുദാസിന്റെ ശബ്ദം ചേരുകയില്ല.

അതുകൊണ്ട് പുതുതലമുറയുടെ കഥപറഞ്ഞപ്പോൾ ആ പാട്ട് പുതിയ ഗായകരെ വച്ച് പാടിച്ചാലെ കൂടുതൽ ചേരുകയുള്ളൂ. യേശുദാസ് , ജയചന്ദ്രൻ, എന്നിവർ പാടിയാലും പാട്ട് നന്നാവും. പക്ഷേ പാട്ടിനു ഒരു യൂത്ത് ഫീൽ വേണമായിരുന്നു. പുതിയ ഗായകർ പാടിയാൽ കാസറ്റ് വിപണനത്തെ ബാധിക്കുമെന്ന് ആ സമയത്ത് കാസറ്റ് വിൽപനക്കാർ എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാനതൊന്നും നോക്കാറില്ല. സിനിമ ആവശ്യപ്പെടുന്ന തരത്തിലുള്ള പാട്ടുകൾ നൽകും.

മകൻ വിഷ്ണു

അതെ മകൻ വിഷ്ണു മോഹൻ സിത്താരയും സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. മുല്ലമൊട്ടും മുന്തിരിച്ചാറും, ലാസ്റ്റ് ബെഞ്ച്, സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, കൂദാശ മകൻ ഇതുവരെ ചെയ്ത സിനിമകളാണ്. പെങ്ങളില, ഒറ്റയ്ക്കൊരു കാമുകൻ, അനുരാഗം, കൂട്ടുകാർ പുറത്തിറങ്ങാനുള്ള സിനിമകളാണ്.

റേ ടിവി

സിനിമയിൽ ഇപ്പോൾ പുതിയ തലമുറയാണ് സംഗീതം പകരുന്നത്. ഇടയ്ക്കൊക്കെ ഞാനും ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാൻ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. മോഹൻസിത്താര റേ ടിവി. സിനിമയ്ക്കുള്ള പ്രൊമോഷനാണ് പ്രധാനമായും.

കൂടാതെ സിനിമാസംബന്ധമായിട്ടുള്ള പാട്ടുകളും സ്‌കിറ്റുകളും അഭിമുഖങ്ങളും എല്ലാമുണ്ട്. അത് നന്നായിപോകുന്നു. ഇപ്പോൾ ദിവസവും ഫിലിം ന്യൂസ് അവതരിപ്പിക്കാനുള്ള ശ്രമത്തിലുമാണ്.