കൊച്ചി: വെള്ളത്തിൽ കലക്കി കുടിക്കാനുള്ള പൊടികൾ, ഒരു തരം മത്സ്യം, രാവിലെ ചെയ്യേണ്ട വ്യായാമം, മിമിക്രിതാരം അബിയുടെ ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഒരു ആയുർവേദ വൈദ്യരുടെ ചികിത്സയാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തിൽ വ്യതിയാനമുണ്ടാവുന്ന ഈ അവസ്ഥ നിയന്ത്രിച്ചു നിർത്തിക്കൊണ്ടു പോവുക എന്ന കാര്യമേ അബിക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയിരുന്ന അമൃത ആശുപത്രി അധികൃതർ പറയുമ്പോഴും വൈദ്യർക്ക് അതിനു ലളിതമായ ചികിത്സാവിധി ഉണ്ടായിരുന്നു.

വൈദ്യരിൽ അബിക്കും അബിക്ക് വൈദ്യരിലും വലിയ വിശ്വാസവുമായിരുന്നു. വെള്ളത്തിൽ കലക്കി കുടിക്കണം എന്നു പറഞ്ഞ് ഒന്നു രണ്ടു തരം പൊടികളാണ് വൈദ്യർ അബിക്ക് നൽകിയതെന്ന് തലേദിവസം അബിയോടൊപ്പം വൈദ്യരുടെ ക്ലിനിക്കിൽ പോയ സുഹൃത്ത് ഷെരീഫ് പറഞ്ഞിരുന്നു.

ഇതോടെ കേരളത്തിൽ പല പേരുകളിൽ പ്രവർത്തിക്കുന്ന 'വൈദ്യ'ന്മാരുടെ കപട ചികിത്സയുടെ ഇരയാണോ അബിയും എന്ന സംശയം വീണ്ടും ബലപ്പെട്ടു. ഫെയ്‌സ് ബുക്കിലെ സുഹൃത്തിന്റെ കുറിപ്പിൽ വിമർശന വിധേയനായത് മോഹനൻ വൈദ്യരായിരുന്നു. അബിയുടെ മരണം നാട്ടു ചികിത്സയെ തുടർന്നായിരുന്നു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ വലിയ പ്രചരണങ്ങൾ നടന്നു. അബിയുടെ മരണശേഷം ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം.

സംശയം പിന്നീട് നാട്ടുവൈദ്യത്തിൽ പ്രശസ്തനായ മോഹനൻ വൈദ്യരിലേയ്ക്കെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനൻ വൈദ്യർ ഫേസ്‌ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്. വൈദ്യരുടെ വാക്കുകൾ ഇങ്ങനെ...നമ്മുടെ മലയാളത്തിൽ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാർത്തകൾക്ക് അടിയിൽ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ദയവായി സത്യം മനസ്സിലാക്കണം. ചേർത്തല മോഹനൻ വൈദ്യർ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങൾ എന്റെ പേര് ആ വാർത്തയിൽ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കൾ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകൾ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയർ ചെയ്ത് എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു.-മോഹനൻ വൈദ്യർ പറയുന്നു.

രണ്ടു മൂന്നു തവണ അബി വൈദ്യരുടെ അടുക്കൽ ചികിത്സ തേടി പോയിരുന്നെന്നും എന്നാൽ ആ ചികിത്സ വിശ്വസനീയമല്ലെന്നു തോന്നിയതിനാൽ അബിയെ വിലക്കിയിരുന്നതായും സുഹൃത്തായ ഷെരീഫ് ചുങ്കത്ത് പറഞ്ഞിരുന്നു. എന്നാൽ വൈദ്യന്റെ പേര് പറഞ്ഞതുമില്ല. ഇത്തരം ചികിത്സകളൊന്നും നോക്കണ്ട, നമുക്ക് അമേരിക്കയിലേക്കു പോകാം എന്നു താൻ പറഞ്ഞു. ഒരിക്കൽ തന്നെ അവിടെ കൊണ്ടുപോവാമെന്നും അവിടുത്തെ രീതികൾ കണ്ടിട്ട് നല്ലതാണോ എന്നു തീരുമാനിക്കണമെന്നും അബി തന്നോടു പറഞ്ഞിരുന്നതായും ഷെരീഫ് പറഞ്ഞു. മരണദിവസത്തിനു തലേന്ന് അബിയോടൊപ്പം ഒരു വൈദ്യരെ കാണാൻ പോയിരുന്നെന്നു സൂചിപ്പിച്ച് സുഹൃത്ത് ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് മോഹനൻ വൈദ്യർ ചർച്ചാ വിഷയമാകുന്നത്.

അബിയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ ഉണ്ടായിരുന്നതെന്നും നിയന്ത്രിച്ചു കൊണ്ടു പോവുക എന്നതാണ് ചെയ്യാനുണ്ടായിരുന്നതെന്നും അബിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അബി ആരോഗ്യത്തിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നില്ല. ഡോക്ടർ പറയുന്ന രീതിയിൽ ശ്രദ്ധ കൊടുക്കുന്ന ആളുമായിരുന്നില്ലെന്നായിരുന്നു സുഹൃത്തിന്റെ വിശദീകരണം. കായിപ്പുറത്തുള്ള വൈദ്യരുടെ കട എന്ന ക്ലിനിക്കിലാണ് അബി പോയത് എന്നാണ് ഷെരീഫ് പറയുന്നത്. വൈദ്യരുടെ കട എന്ന ഹോട്ടൽ, ഇപ്പോൾ ചികിത്സാ രംഗത്തില്ലാത്ത ഒരു വൈദ്യർ നടത്തുന്ന സ്ഥാപനമാണ്. ചേലാട്ട് കെകെ പത്മസേനൻ വൈദ്യർ എന്നയാളാണ് തന്റെ ഹോട്ടലിനോടു ചേർന്ന് ആയുർവേദ ക്ലിനിക് നടത്തുന്നത് എന്നും പറഞ്ഞിരുന്നു. എന്നിട്ടും ചർച്ചകളെത്തിയത് മോഹനൻ വൈദ്യരിലാണ്.

ക്യാൻസറിന്റെ രണ്ടാം ഘട്ടത്തിലുള്ള അവസ്ഥ വരെ ചികിത്സിച്ചു ഭേദപ്പെടുത്തും എന്ന് അവകാശവാദമുന്നയിക്കുന്ന സ്ഥാപനമാണ് പത്മസേനൻ വൈദ്യരുടെ ക്ലിനിക്ക്. പതിറ്റാണ്ടുകളായി ചികിത്സ നടത്തുന്ന വൈദ്യർ നാട്ടിൽ 16 വർഷം പഞ്ചായത്ത് മെംബറായിരുന്ന വ്യക്തിയുമാണ്. ഗുരുതരമായ തന്റെ രോഗാവസ്ഥ ചികിത്സിക്കാൻ ഇത്തരം ചികിത്സകൾ തേടി വിശ്വാസപൂർവം അബി പോയത് ഇത്തരക്കാരുടെ പ്രചരണങ്ങളിൽ വീണതുകൊണ്ടാണ്. കപടമായ ചികിത്സാ രീതികൾക്ക് വലിയ പ്രചാരമുള്ള നാടാണ് നമ്മുടെ കേരളവും.

പ്രകൃതി ചികിത്സയെന്നും ആയുർവേദമെന്നും കേട്ടാൽ എന്തിനും ആരുടെ അടുക്കലേക്കും ചാടി പുറപ്പെടുന്ന ഒരുപാട് പേർ നമ്മുടെ സാക്ഷരത കേരളത്തിലുണ്ട്. ഇവരിലേക്ക് മാർക്കറ്റ് ചെയ്ത് കസ്റ്റമേഴ്സിനെ എത്തിക്കാൻ ഒരു വലിയ സംഘവും പ്രവർത്തിക്കുന്നുണ്ടെന്നും അബിയുടെ സുഹൃത്ത് ആരോപിച്ചിരുന്നു.