കൊച്ചി: കാലത്തെ അതിജീവിക്കുന്ന പുണ്യഗ്രന്ഥമാണ് ഭഗവത്ഗീത. അതിലെ ഉപദേശ സാരം വർത്തമാന-ഭാവികാലത്തിലും ഏറെ പ്രസക്തവുമാണ്. അതുകൊണ്ട് തന്നെ ആശയം തലമുകളിലേക്ക ്‌കൈമാറിക്കിട്ടുന്നു. ഇനി ഒരു ഭഗവത് ഗീതയുടെ പുസ്തകം തന്നെ കാലാതീതമായി നിലനിൽക്കണമെങ്കിൽ അതിനും ശാസ്ത്രത്തിൽ വകയുണ്ട്. 200 വർഷം വരെ ഗാരന്റിയുള്ള അച്ചടി പുസ്തകങ്ങൾ വിപണയിൽ ഉണ്ട്. അത്തരത്തിലൊരു ഭഗവത് ഗീത പതിപ്പ് സ്വന്തമാക്കുകയാണ് മലയാളിയുടെ പ്രിയ നടൻ മോഹൻ ലാൽ.

അഞ്ചുതലമുറയ്ക്കായി കരുതിവയ്ക്കാനുള്ള ഒരു ഒരമൂല്യ നിധി. 200 വർഷം വരെ കേടുപാടില്ലാതെ സൂക്ഷിക്കാൻ കഴിയുന്ന അപൂർവ്വ ഭഗവത്ഗീതയുടെ വില 34,000 രൂപയാണ്. ആസിഡ് ഫ്രീ പേപ്പറിൽ ലോകോത്തര നിലവാരത്തിലുള്ള സിറോക്‌സ് ക്രിസ്റ്റലുകളും പ്രകൃതിദത്ത ചായക്കൂട്ടുകളും ഉപയോഗിച്ച് ചിത്രസൂക്ത രീതിയിൽ ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ത്രിമാന ഇഫക്ടിൽ ഈ ചിത്രങ്ങൾ കാണാം. ഇത്തരത്തിലുള്ള ഭഗവത്ഗീതയുടെ കേരളത്തിലെ ആദ്യപ്രതിയാണ് സൂപ്പർസ്റ്റാർ മോഹൻലാൽ സ്വന്തമാക്കിയത്.

പ്രകൃതി ദത്ത ചായക്കൂട്ടുകളിലാണ് ഇതിലെ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ചിത്രങ്ങൾ സ്പർശിക്കുമ്പോൾ ത്രിമാന പ്രതീതി അനുഭവപ്പെടും.18 അദ്ധ്യായങ്ങളിലായി 200 ഓളം ചിത്രങ്ങൾ ഉണ്ട്. എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് ഏറെ സവിശേഷതകളുള്ള വലിയ ഭഗവത്ഗീത എത്തിയിട്ടുള്ളത്.

യൂറോപ്പിൽ നിന്നും എത്തിച്ച പ്രത്യേകതരം ആസിഡ് ഫ്രീ പേപ്പറിലാണ് അച്ചടി. സൗകര്യാർത്ഥം 360 ഡിഗ്രി വരെ തിരിച്ച് ക്രമീകരിക്കാവുന്ന സ്റ്റാന്റും ഭഗവത്ഗീതയ്‌ക്കൊപ്പം ലഭിക്കും. സംസ്‌കൃത ശ്ലോകങ്ങളും ഇംഗ്ലീഷിലും, ഹിന്ദിയിലുമുള്ള തർജ്ജമയുമാണ് ആസിഡ് ഫ്രീ പേപ്പറിൽ അച്ചടിച്ച ഭഗവത്ഗീതയിലുള്ളത്.

മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഈ ഭഗവത്ഗീത ഉടനെത്തുമെന്ന് പുസ്തകത്തിന്റെ കേരളത്തിലെ സൂപ്പർ സ്റ്റോക്കിസ്റ്റായ ദക്ഷിൺ ട്രേഡിംഗിലെ എ.പി അനീഷ്‌കുമാർ പറഞ്ഞു.