പുലിമുരുകന്മാർ - സിനിമയും മോഹൻലാലും - അത്യുഗ്രമായി ആഘോഷിക്കപ്പെടുമ്പോൾ ഒരു നല്ല നടൻ എന്ന നിലയിൽ മോഹൻലാലിനെ ഓർത്ത് ദുഃഖിക്കുന്നവർ കുറേപ്പേരെങ്കിലുമുണ്ട്. കുറേ വർഷം മുമ്പായിരുന്നെങ്കിൽ ഇവരുടെ സംഖ്യ കുറേക്കൂടി വലുതായിരുന്നേനെ.

ഒരു ആക്ഷൻ സിനിമയുടെ സാമ്പത്തിക വിജയത്തിന്റെ പേരിൽ കേരള സമൂഹം ബുദ്ധിയുറയ്ക്കാത്ത കുട്ടിയെപ്പോലെ കൈകൊട്ട് ആർത്തു ചിരിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾ മുൻപ് വരെ മോഹൻലാലിന്റെ പണം മുടക്കി ചിത്രങ്ങൾ തുടർച്ചയായി എന്നു പറയാം. പൊട്ടിപൊളിയുകയായിരുന്നു. അനേകം നിർമ്മാതാക്കൾക്കു മുടക്കു മുതലും പലിശയും പോലും കിട്ടിയിട്ടുണ്ടാകില്ല. അതിനിടെ സൂപ്പർ താര ചിത്രങ്ങൾ പൊളിയുകയും പ്രശസ്തി കൂടി വരികയും ചെയ്തു. അതിനിടെ അപ്രതീക്ഷിതമായിട്ടാണ് ഇപ്പോൾ പുലിമുരുകൻ വമ്പിച്ച വിജയമായത്. അതോടെ ഇന്നലെ വരെയുള്ള കാര്യങ്ങൾ ഒപ്പം സിനിമയുടെ റിക്കാർഡു വിജയം പോലും സിനിമാ പ്രേക്ഷകർക്കും പ്രവർത്തകരും മറന്നു. അതാണ് നമ്മുടെ സമൂഹത്തിന്റെ സ്വഭാവം.

മോഹൻലാലിന്റെ അഭിനയ മോന്മകൊണ്ടൊന്നുമല്ല പുലിമുരുകൻ സാമ്പത്തിക വിജയം നേടുന്നത്. യുക്തിബോധവും കലാബോധവും ഇഷ്ടപ്പെട്ട നമ്മുടെ ജനതയ്ക്കു മുന്നിൽ അടിപിടിയുടെ സാങ്കേതിക മേന്മ മാത്രം മതി, അവർ അതിനെ പണം വാരി ചിത്രമാക്കിക്കൊള്ളും. പുലിമുരുകൻ സിനിമയുടെ സ്റ്റണ്ടുമാസ്റ്റർ തന്നെ അഭിനയിച്ചാലും അത് ഇപ്പോഴത്തെ നിലവാരത്തിൽ എത്തുമായിരുന്നു. ലാലിന്റെ കാര്യത്തിൽ ആളുകളുടെ താരാരാധനയുടെ ചെറിയൊരു ഘടകം കൂടി ഉണ്ടെന്നു മാത്രം.

പുലിമുരുകൻ പ്രേമം സിനിമ പോലെ തന്നെ ഭാഗ്യം അതായതു തലേവര കൊണ്ടു കൂടി ആയിരിക്കാം വിജയിച്ചത്. ഈ സിനിമയ്ക്ക് ആദ്യവും അവസാനവുമായി കുറച്ചു നേരം മാത്രമേ കടുവയെന്ന പുലിയുമായി പുലബന്ധമെങ്കിലും ഇടയ്ക്കുള്ളൂ. ഏതാണ്ട് പകുതിയോളം ഭാഗവും കള്ളക്കടത്ത്, ലഹരി മരുന്ന്, വനംവെട്ടു മാഫിയകളുടെ കണ്ടമടുത്ത കളികളാണ്. അവസാനത്തെ സ്റ്റണ്ടു രംഗമാണ് സിനിമയെ രക്ഷപ്പെടുത്തിയത്. എന്നോടൊപ്പം സിനിമ കണ്ട കൗമാരക്കാരൻ പോലും ഇക്കാര്യം ചൂണ്ടിക്കാണിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സായ അവസാന രംഗത്ത് ലോകത്തുള്ള സകല മാർഷ്യൽ ആർട്ട് ഇനങ്ങളും കൂട്ടിക്കലർത്തി നില തൊടാതെ പറന്നു നിന്ന് പ്രയോഗിക്കുന്നു. സിനിമയുടെ തുടക്കത്തിൽ നമ്മുടെ പൗരാണിക ആയോധന, വേട്ടവിദ്യകളാണു കാട്ടുന്നത്. ഇത്രയേയുള്ളൂ സംഭവം.

ഇരുവരിലും വാസ്തുഹാരയിലും ഒക്കെ അഭിനയിച്ച മോഹൻലാലിന്റെ പ്രതിഭയെ ആദരവോടെ കണ്ടിരുന്നവർ ഇടയ്‌ക്കെല്ലാം പത്ര വാരികകളിൽ അതിനെക്കുറിച്ച് എഴുതുകയും ചാനലുകളിൽ പറയുകയും ചെയ്യുമായിരുന്നു. ഇന്നിപ്പോൾ ലക്കുകെട്ട ആഘോഷങ്ങൾ മാത്രം. അഭിനയ കലയെക്കുറിച്ചോ സിനിമയുടെ കലാരൂപപരമായ പ്രസക്തിയെക്കുറിച്ചോ ആർക്കും തന്നെ ചിന്തയില്ല. ഉള്ളവർക്ക് അതു പങ്കു വയ്ക്കുവാൻ വേദിയുമില്ല. സിനിമാ നിരൂപകർ എന്ന വർഗ്ഗം കുറ്റിയറ്റുപോയിരിക്കുന്നു.

ശുദ്ധകലാവാദികൾ പോലും ഇക്കാലത്ത് കല തൊട്ടിട്ടില്ലാത്ത സിനിമകൾ കാണാൻ പോകുന്നു. നല്ല സിനിമകൾ ഇല്ലാതായതും അതിനെക്കുറിച്ചുള്ള പ്രതീക്ഷയറ്റതും ഒരു കാരണമാകുമ്പോൾ തന്നെ മറ്റൊരു തമാശ നമ്മളെ ഞെട്ടിക്കുന്നു.

പതിറ്റാണ്ടുകളായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തുകയും അതിലെ സിനിമകളെല്ലാം ഇടിച്ചു കയറി കാണുകയും ചെയ്യുന്ന അതേ പ്രേക്ഷകർ തന്നെയാണ് പുലിമുരുകനും പ്രേമവുമൊക്കെ ആവേശത്തോടെ ചെന്നു കാണുന്നത്. ഇത്തരം പടങ്ങൾക്ക് റിക്കാർഡു കളക്ഷൻ നേടിക്കൊടുക്കുന്നത് കേരളം പോലൊരു കൊച്ചു സംസ്ഥാനത്ത് ഒന്നിലധികകം അന്തർദേശിയ സിനിമാമേളകളാണ് നാം നടത്തി വരുന്നത്. ഈ മേളകളിൽ ലോകൈക മാസ്റ്റർമാരുടെയും അതിപ്രതിഭകളായ പുതിയ താരങ്ങളുടെയും സൃഷ്ടികൾ കണ്ട് ആസ്വദിക്കുകയും മേള കഴിഞ്ഞാൽ രണ്ടാഴ്ചത്തേക്ക് പത്രങ്ങൾ നിറയെ അതേക്കുറിച്ച് എഴുതുകയും ചെയ്യുന്ന ജനതയെയും തങ്ങൾ കലയുടെ പക്ഷത്തു നിലയുറപ്പിച്ചവർ ആണെന്നവകാശപ്പെടുന്ന മാദ്ധ്യമങ്ങളും ചേർന്ന് പുലുമുരുകനെക്കുറിച്ചു വചന പ്രഘോഷണം നടത്തുകയാണിപ്പോൾ.

ഒരു കലാകാരൻ എന്ന നിലയിൽ മോഹൻലാലിന്റെ പതന ചരിത്രമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ പറയുന്നത്. വാസ്തവത്തിൽ ലാലിന്റെ നല്ല ചിത്രങ്ങൾ വിരലിലെണ്ണാൻ മാത്രമേയുള്ളൂ. നമ്മുടെ കണക്കിലുള്ള ബാക്കി ചിത്രങ്ങൾ അവയിലെ ഒന്നോ രണ്ടോ സീനുകളുടെ പേരിൽ ഓർമ്മിക്കപ്പെടുന്നവയാണ്. ഈ വാവാസ്തവം നമ്മൾ തിരിച്ചറിയുന്നില്ല. കിരീടം, മണിച്ചിത്രത്താഴ് തുടങ്ങിയവ നല്ല ഉദാഹരണങ്ങളാണ്. ഹിസ് ഹൈനസ് അബ്ദുള്ള ലാലിന്റെയും നെടുമുടിവേണുവിന്റെയും ഹൃദ്യമായ കോമ്പിനേഷനായിരുന്നു. അവസാന ഭാഗത്തു പതിവുപോലെ സ്റ്റണ്ടു കുത്തിക്കയറ്റി ആ സിനിമയുടെ ജനുസിൽ കളങ്കം ചേർക്കുന്നു. അങ്കിൾ ബൺ ലാലിന്റെ പ്രതിഭയുടെ ഒരുദാഹരണാണ്. ആ ചിത്രത്തിലും സ്റ്റണ്ടിനും ബലത്സംഗത്തിനും സംവിധായകൻ ഇടം കൊടുത്തു.

മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ കണ്ടെത്തിവളർത്തിയത് പ്രിയദർശനെപ്പോലുള്ള സംവിധായകരാണെന്ന് പറച്ചിലും വിശ്വാസവുമുണ്ട്. അടുത്തകാലത്തും ആ രീതിയിലുള്ള വലിയ പ്രചാരണവും പ്രകടനങ്ങളും മാദ്ധ്യമങ്ങളിൽ നടന്നു. എന്റെ അഭിപ്രായത്തിൽ ലാലിന്റെ സുഹൃത്തുക്കളോ സഹപാഠികളോ ഒക്കെയായ സംവിധായകരാണ് ലിലിലെ പ്രതിഭയെ തളർത്തിയും വഴി തിരിച്ചുവിട്ടതും. ആദ്യകാലത്ത് ലാലിനെ വച്ച് കുറെ നല്ല സിനിമകൾ ഇവർ ചെയ്തു എന്നത് നേരാണ് പലതും താരതമ്യേന ഭേദപ്പെട്ട തിരക്കഥയും ലാലിന്റെ സ്വാഭാവികവും കലാസ്പർശമുള്ളതുമായ അഭിനയവും കാരണം രക്ഷപ്പെട്ട സിനിമകളാണ്. ഇതിൽ സംവിധായകർക്ക് കാര്യമായ പങ്കില്ല. എന്നാൽ ബോക്‌സ് ഓഫീസ് വിജയം നേടിയതിന്റെ ക്രഡിറ്റെല്ലാം സംവിധായകർക്ക് കിട്ടുന്നു.

1980 - 90 കളിൽ മാത്രം പ്രസക്തിയണ്ടായിരുന്ന തിരക്കഥകൾ എഴുതി വിജയിച്ച തിരക്കഥാകൃത്തുക്കൾ അവരുടെ കാലം കഴിഞ്ഞിട്ടും സ്വയം അനുകരിച്ചും തങ്ങളുടെ പ്രതിഭയുടെയും കാഴ്ചപ്പാടിന്റെയും പരിമിത വൃത്തങ്ങളിൽ കടന്നു കറങ്ങിയും മോഹൻലാലിനെ തങ്ങളുടെ റെയ്ഞ്ചിനുള്ളിൽ വളരാതെ തളച്ചിട്ടു.

അക്കാലത്തെ സംവിധായകരിൽ ആരും തന്നെ പ്രതിഭകൾ എന്നു പറായൻ മാത്രം കഴിവുള്ളവരായിരുന്നില്ല. ചക്കയിട്ടു മുയലുചത്തതുപോലെ ഒന്നോ രണ്ടോ ചിത്രങ്ങൾ ശരാശരിക്കു മുകളിൽ വരുകയോ പ്രത്യേക ചില രംഗങ്ങളുടെ പേരിലോ അഭിനേതാക്കളുടെ പ്രകടനത്തിന്റെ പേരിലോ ഒക്കെ ബോക്‌സ് ഓഫീസ് വിജയം നേടുകയോ ചെയ്തു പോയാൽ പിന്നെ ആ സംവിധായകൻ മഹാ പ്രതിഭാ ശാലി എന്ന രീതിയിൽ വാഴ്‌ത്തപ്പെടുകയായികരുന്നു. കിരീടം സിനിമയുടെ കാര്യം നേരത്തെ സൂചിപ്പിച്ചല്ലോ.

കിരീടത്തിലെ പ്രശസ്തമായ ആരംഗമൊഴികൾ ബാക്കിയെല്ലാം ശരാശരിയിലും താഴെയാണ്. മുറപ്പെണ്ണുമായി നായകനുള്ള പ്രേമം മാതാപിതാക്കളുടെ പഴകിയതും വളിച്ചതുമായ ശൃംഗാരം നിറഞ്ഞ ഡയലോഗുകൾ കുറേ ഗാനങ്ങൾ അങ്ങനെ പോകുന്നു. ഒരു കാര്യം കൂടി ഓർമ്മിക്കുക കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിൽ മനുഷ്യക്കശാപ്പു മാത്രമാണുള്ളത്. മണിച്ചിത്രത്താഴിലെ മന്ത്രവാദം രംഗത്തിലുള്ള ശോഭനയുടെയും തിലകന്റെയും പ്രകടനങ്ങൾ ആ രംഗ സജ്ജീകരണങ്ങളുടെ പുതുമ ഇതൊക്കെപ്പോയി കഴിഞ്ഞാൽ മോഹൻലാൽ എന്ന മനഃശാത്രജ്ഞന്റെ വിവരം കെട്ട ഡയലോഗുകകളും ചെയ്തികളും ഉന്നസെന്റിന്റെയും മറ്റും തറത്തമാശകളുമാണുള്ളത്.

ആദ്യ കാലത്ത് തന്നെ ലാൽ സെലക്ടീവ് ആകേണ്ടതായിരുന്നു. തനിക്ക് സിനിമയിൽ വരാൻ ഒരു ഉദ്ദേശലവുമില്ലായിരുന്നെന്ന് ലാൽ അഭിമുഖത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. തന്റെ അഭിനയ കലയുടെ റെയ്ഞ്ചിനെക്കുറിച്ചോ യഥാർത്ഥ സ്വത്വത്തെക്കുറിച്ചോ അദ്ദേഹത്തിനു വലിയ ധാരണയായിരുന്നു എന്നാണല്ലോ അതിനർത്ഥം. ലാൽ സിനിമകളുടെ ആദ്യകാലത്തു തന്നെ അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞി പിന്തുടരുന്ന പ്രേക്ഷകരായ കുറേയാളുകൾ ഉണ്ടായിരുന്നു. അതിലൊരാളാണ് ഞാനും.

ലാൽ തന്റെ ഉജ്ജ്വലമായ പ്രകടനങ്ങളിലൂടെ പ്രസക്തിയുടെ ഉയരങ്ങളിൽ എത്തിത്തുടങ്ങിയ കാലത്ത് പലപ്പോഴും അഭിമുഖങ്ങളിൽ താൻ അഭിനയിച്ചു കഴിഞ്ഞ സിനിമ പിന്നീടു കണ്ടു നോക്കാറില്ല എന്ന് അഭിമാനത്തോടെ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കലാ ശേഷിയിൽ വലിയ മതിപ്പുണ്ടായിരുന്നു ഇനിയും എത്രയോ ഉയരാൻ കിടക്കുന്നു എന്നു വിശ്വസിച്ചിരുന്ന ഞാൻ അതു കേട്ടു ദുഃഖിക്കുകയും ആശങ്കപ്പെടുകയം ചെയ്തിരുന്നു. കാരണം കലയുടെ രംഗത്തെ മഹാ പ്രതിഭകൾ പോലും സ്വയം നീരീക്ഷിക്കുയം തിരുത്തുകയും പുതിയ പുതിയ മാനങ്ങളിലെയും വിതാനങ്ങളിലേക്കും ഉയരാനുള്ള നിരന്തര പരിശ്രമങ്ങൾ തുടർന്നു കൊണ്ടിയേരിക്കുന്നുവരുമാണെന്ന് വായിച്ചും പറഞ്ഞു കേട്ടിട്ടുണ്ടല്ലോ. നിർ ഭാഗ്യവശാൽ ലാൽ അങ്ങനെയൊന്നും ചെയ്തില്ല. ഏതാനും ചില ബോക്‌സ് ഓഫീസ് വിജയങ്ങൾ ചിത്രങ്ങളുടെ നേടിയ ചിത്രങ്ങളുടെ സംവിധായകർ വലിയ പ്രതിഭാശാലികളാണെന്നും അവരുടെ ഔദാര്യം തിരക്കഥകാരുടെയും കൊണ്ടാണ് താൻ വിജയിക്കുന്നതും പ്രശസ്തനാകുന്നത് എന്നും ലാൽ തെറ്റിദ്ധരിച്ചിരുന്നോ അതോ അതിരുവിട്ട ആത്മ വിശ്വാസത്തിൽ നിന്നുള്ള ഉപേക്ഷയും അഹന്തയും കൊണ്ടാണോ അദ്ദേഹം സ്വന്തം പ്രകടനങ്ങളെ സ്വയം വിലയിരുത്താൻ മെനെക്കെടാതിരുന്നത്.

ലാൽ മലയാല സിനിമാ ലോകത്തെ ഏറ്റവും വിനയമുള്ള ആളായിരുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അദ്ദേഹത്തിനു ചുറ്റുമുണ്ടായിരുന്ന അൽപ്പ പ്രതിഭകാളണ് അദ്ദേഹത്തെ യഥാർത്ഥ ബോധത്തിൽ നിന്നും ഉന്നതമായ കഥയുടെ വഴിയിൽ നിന്നും വ്യതിചലിപ്പിച്ചത് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹം സെലക്ടീവ് ആകുകയും നല്ല സംവിധായരെ തേടിപോവുകയും ചെയ്യേണ്ടിയിരുന്നതാണ്.

കാലാപാനി എന്ന ചിത്രത്തിന് ദേശ സ്‌നേഹപരമായ പ്രാധാന്യമുള്ള പ്രമേയം എന്ന നിലയിൽ മികച്ച സിനിമക്കുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവാർഡു കിട്ടിയത് ഓർമ്മിക്കുന്നു. അന്നു തന്നെ. ആ സിനിമയിലെ നായകനായ മോഹൻലാലിന്റെ ആദരപൂർവ്വമുള്ള പ്രതികരണം ടിവിയിൽ വന്നു. എന്നാൽ സിനിമയുടെ സംവിധായകന് ആ അവാർഡു പോരായിരുന്നു. അതൃപ്തി പ്രകടിപ്പിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം പിറ്റേന്നുണ്ടായി.

തുടർന്ന് ലാൽ നേരത്തെ പറഞ്ഞ തന്റെ അഭിപ്രായം മാറ്റുകയും സംവിധായകന്റെ മറുമുറുപ്പിലും അതൃപ്തിയിലും പങ്കു ചേരുകയും ചെയ്തു. ഏറെ പ്രതീക്ഷ ഉയർത്തിയിരുന്ന കാലാപാനിയിൽ പ്രാധാന്യം കൊടുത്തത് നാടുകടത്തപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്നവർക്കുള്ള മർദ്ദനത്തിന്റെ ഭീകര അതേപടി കാട്ടുന്നതിലം പിന്നീടുള്ള ഭാഗത്ത് കോമഡിക്കുമായിരുന്നു.

ലാലിന്റെ ബിസിനസിലുള്ള വലിയ താൽപ്പര്യം കലാകാരനെന്ന നിലയിൽ ഒരു വൈരുദ്ധ്യം തന്നെയാണ്. നല്ല പ്രതിഭാശാലികൾ കച്ചവടത്തിലോ പണ സമ്പാദ്യത്തിലോ അത്ര വലിയ താൽപ്പര്യം കാണിക്കാറില്ലല്ലോ. സ്വർണ്ണക്കടയുടെയും തുണിക്കടയുടെയും പരസ്യം പറയുന്ന നോക്കുകുത്തിയായി അദ്ദേഹം മാറിയതും വലിയ കഷ്ടമായിപ്പോയി. ആദ്യകാലത്ത് കുഴപ്പമില്ലായിരുന്നു. പരസ്യത്തിന്റെ രംഗത്ത് അദ്ദേഹം അഭിനയിച്ചതാണ് വിനയായത്. അഭിനയത്തിന്റെ കാര്യത്തിൽ ലാലിനെക്കാൾ കുറച്ചെങ്കിലും താഴെ നിൽക്കുന്ന ഇന്നസെന്റും ജഗതിയും പരസ്യകലയുടെ അവതരണത്തിൽ ലാലിനേക്കാൾ മുന്നിലാണെന്ന കാര്യമെങ്കിലും അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു.

ലാൽ അദ്ദേഹത്തിന്റെ അഭിനയ കലയിൽ തിരിച്ചു വരവു നടത്തുമെന്ന് പ്രതീക്ഷിച്ച് കേരളത്തിലെ പ്രേക്ഷക സമൂഹമാകെ കാത്തിരുന്ന ഒരാ കാലമുണ്ടായിരുന്നു. പത്തോ പതിനഞ്ചോ വർഷം മുൻപാണ്. താൻ നേരത്തെ പറഞ്ഞിട്ടുള്ള ഒര തമാശയോ കാട്ടിയിട്ടുള്ള മാനറിസങ്ങളോ വീണ്ടും പറഞ്ഞും കാട്ടിയുമാണ് അദ്ദേഹം തിരിച്ചു വരവിനു ശ്രമിച്ചത്. അമാനുഷപരിവേഷമുള്ളതോ തനിപൈങ്കിളി സ്വഭാവമുള്ളതോ ആയ കഥാപാത്രങ്ങളാണ് ഒന്നു രണ്ടു പതിറ്റാണ്ടായി അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്. തന്മാത്രയിലെയും ദൃശ്യത്തിലെയുമൊക്കെ കഥാപാത്രങ്ങളെ നിങ്ങൾ എടുത്തുകാണിച്ചേക്കാം. വളരെയേറെ പുകഴ്‌ത്തപ്പെട്ടവയാണെങ്കിലും അവയിലെ ലാലിന്റെ പ്രകടനം വെറും സാധാരണമായിരുന്നു ന്നു കാമാവുന്നതാണ്.

ആംനെസിയെ അഥവാ മറവി രോഗം പ്രമേയമാക്കിയതും കൊണ്ടു മാത്രം തന്മാത്ര ശ്രദ്ധിക്കപ്പെട്ടതാണ് വെറും ശരാശരി ചിത്രമായിരുന്നു തന്മാത്രയുടെമേൽ അടിച്ചേൽപ്പിച്ച അനേകം അവാർഡുകൾ തലയ്ക്കു പിടിച്ചതിനാൽ അതിന്റെ സംവിധായകനായ ബ്ലസിയിൽ നിന്നു പോലും പിന്നീട് ഒന്നും പ്രതീക്ഷിക്കേണ്ടി വന്നില്ല. അയാൾ കഥയെഴുതുകയാണ് പോലള്ള ചിത്രങ്ങൾ മോഹൻലാലിന്റെ യഥാർത്ഥ പ്രേക്ഷകരെ എന്നേക്കുമായി നിരാശപ്പെടുത്തി.

സ്വന്തം പ്രസക്തി നഷ്ടപ്പെട്ട ശേഷം തിരക്കഥയുടെയടും അഭിനയത്തിന്റെയും രംഗത്തു നിന്നു മാറാതെ നിൽക്കുകയും ഒരു കാലയളവിലെ മലയാള സിനിമയെത്തന്നെ മുരടിപ്പിക്കുകയും ചെയ്തവരിൽ ഒരാളാണ് ശ്രീനിവാസൻ. അദ്ദേഹം ഈയിടെ ആവർത്തിച്ചു നടത്തുന്ന സിപിഐ(എം) വിമർശനം തന്നെ അദ്ദേഹത്തെ സ്വയം തുറന്നു കാണിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടു മുൻപ് ശ്രീനിവാസൻ ഈ വിമർശനങ്ങളുയർത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നെങ്കിലും സമ്മതിക്കാമായിരുന്നു.

മോഹൻലാലിന്റെ ഭാഗത്തു നിന്നും ഗുരതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പരിമിത വിഭവരായ സംവിധായകരും തിരക്കഥാകൃത്തുക്കളും ചേർന്ന് ലാൽ എന്ന പ്രതിഭാശാലിക്കു കേടുവരുത്തി എന്നാണ് ഞാൻ ഖേദത്തോടു കരുതുന്നത്. അനേകം വരുന്ന അദ്ദേഹത്തിന്റെ ഫാനുകളും മറ്റു താൽപ്പര്യങ്ങളുള്ളവരും ലാലിന് ഒരു കേടും വന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരായി ഉള്ളത് ഒരു തരത്തിൽ നല്ലതാണ്. പക്ഷേ മഹാ നടൻ എന്ന് പലരും ലാലിനെ വിശേഷിപ്പിക്കുന്നതു കേൾക്കുമ്പോൾ അതു ദുഃഖകരമായ വലിയൊരു ബ്ലാക്ക് ഹ്യൂമർ പോലെ തോന്നുന്നു.