- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാളിന്റെ നിറവിൽ നടനവിസ്മയം; ആശംസകളുമായി താരങ്ങളും ആരാധകരും; മാഹാമാരിക്കിടയിൽ ചെന്നൈയിലെ വീട്ടിൽ ആഘോഷം ലളിതമാക്കി മോഹൻലാലും
ചെന്നൈ: മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 61-ാം പിറന്നാൾ. സഹപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു.സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ആശംസകൾ നേർന്ന് പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായി.
പന്ത്രണ്ട് മണിയോടെ തന്നെ മമ്മൂട്ടി, പ്രിഥ്വിരാജ് ഉൾപ്പടെ പ്രമുഖതാരങ്ങൾ എല്ലാം സമൂഹമാധ്യമത്തിലുടെ ആശംസകൾ നേർന്നു.തനിക്കൊപ്പമുള്ള ഫോട്ടൊയും പങ്കുവെച്ച് ഹാപ്പി ബർത്ത് ഡെ ഡിയർലാൽ എന്നായിരുന്നു മമ്മൂട്ടിയുടെ ആശംസ.കോവിഡ് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ എമ്പുരാൻ ആരംഭിച്ചേനെ എന്നായിരുന്നു ലൂസിഫറിന്റെ ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ച് പ്രിഥ്വിരാജ് കുറിച്ചത്.ഇവർക്കുപുറമെ മലയാളത്തിലെയും മറ്റുഭാഷകളിലെയും താരങ്ങളെല്ലാം തന്നെ മോഹൻലാലിന് ആശംസകളുമായി എത്തി.
അതേസമയം മഹാമാരിക്കാലത്ത് തന്റെ പിറന്നാളാഘോഷം ചെന്നൈയിലെ വസതിയിൽ ലളിതമായി ആഘോഷിക്കുകയാണ് മോഹൻലാൽ.കഴിഞ്ഞ വർഷം ലോക്ക് ഡൗണിലായിരുന്നപ്പോൾ മോഹൻലാൽ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അറുപതാം ജന്മദിനം ആഘോഷിച്ചത്.വലിയ ആഘോഷമൊന്നുമില്ലെങ്കിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ചെറിയ രീതിയിൽ ആഘോഷിക്കനാണ് തീരുമാനം.
ചെന്നൈയിലെ വസതിയിലാണെങ്കിലും ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ.ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പർശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധർ കാത്തിരിക്കുന്ന ചിത്രം. പിറന്നാൾ സമ്മാനമായി ചിത്രത്തിലെ ഒരു ഗാനവും അണിയറ പ്രവർത്തകർ ഇന്ന് പുറത്ത് വിട്ടു.
ചിത്രത്തിലെ പാട്ടിന്റെ ലിറിക്സ് വിഡിയോ ആണ് പുറത്തുവിട്ടത്. ചെമ്പിന്റെ ചേലുള്ള മോറാണ് എന്നു തുടങ്ങുന്ന ഗാനം മരക്കാരെ വർണിക്കുന്ന ചിത്രമാണ്. മോഹൻലാൽ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. പ്രിയദർശൻ ഗാനരചന നിർവഹിച്ച ചിത്രത്തിന് സംഗീതം നൽകിയത് റോണി റാഫേലാണ്. വിഷ്ണു രാജ് ആണ് ഗാനമാലപിച്ചിരിക്കുന്നത്. ഹാപ്പി ബർത്ത്ഡേ ലാലേട്ടാ എന്ന ഹാഷ്ടാഗിലാണ് ഗാനം പുറത്തുവന്നത്.
ഇതിനുപുറമെ ബറോസ് സിനിമയുടെ ക്യാപ്റ്റന് ജന്മദിന ആശംസകളുമായി പ്രത്യേക വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രവർത്തകർ.സിനിമയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവനും, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമടക്കമുള്ളവർ മോഹൻലാലിന് ജന്മദിന ആശംസകളുമായി വീഡിയോയിലുണ്ട്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ ചിത്രീകരണ രംഗങ്ങൾ അടക്കം വീഡിയോയിൽ കാണാം. സിനിമയിലെ താരങ്ങളും പ്രവർത്തകരുമൊക്കെ മോഹൻലാലിന് ആശംസകളുമായി എത്തുന്നു.ബറോസിന്റെ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരവും മോഹൻലാലിന് ആശംസകൾ നേരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ