കൊച്ചി: സ്വച്ഛ് ഭാരത് പദ്ധതിയിൽ ചേരാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം നടൻ മോഹൻലാൽ സ്വീകരിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണയ്ക്കുന്നു, രാജ്യത്തിന്റെ ശുചിത്വ നിർമ്മാണത്തിനായി സ്വയം സമർപ്പിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നേരിട്ട് ലാലിന് കത്തെഴുതിയത്.

'ഉത്തരവാദിത്വമുള്ള പൗരന്മാരെന്ന നിലയിൽ നാം എല്ലാവരും രാജ്യത്തെയോർത്ത് അഭിമാനിക്കണം. ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം. അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്. ഇത് നമ്മുടെ വീട് സന്ദർശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും.

നമ്മുടെ വീട് മലിനമാക്കില്ലെന്നും വൃത്തിയായി സൂക്ഷിക്കുമെന്നും പ്രതിജ്ഞയെടുക്കാൻ രാഷ്ട്രപിതാവിന്റെ ജന്മ ദിനത്തോളം സവിശേഷമായ മറ്റൊരു ദിനമില്ല. അങ്ങിനെ ചെയ്യുകയാണെങ്കിൽ ഈ ദീപാവലിയിൽ നമ്മുടെ വീട് മറ്റ് ഏത് വർഷത്തേക്കാളും തെളിമയോടെ പ്രകാശിക്കും. ഞാൻ സ്വഛ് ഭാരതിന് പിന്തുണയേകുന്നു. സ്വയം സമർപ്പിക്കുന്നു. നമ്മുക്ക് ഒരു പുതിയ ഇന്ത്യ പടുത്തുയർത്താം. ജയ് ഹിന്ദ്. എന്ന് മോഹൻലാൽ -ഇതാണ് ലാലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.