ചെന്നൈ: മോഹൻലാൽ സിംഗപ്പൂർ ഹോളിഡേ കഴിഞ്ഞ് ചെന്നൈയിലെത്തി കഴിഞ്ഞു. മോഹൻലാലിന്റെ ഒടിയൻ ലുക്ക് തന്നെയാണ് ഇപ്പോഴും ചർച്ചാ വിഷയം. പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇപ്പോൾ പ്രണവിനും കുടുംബ സുഹൃത്തിനുമൊപ്പമുള്ള ചിത്രങ്ങളും വൈറലാവുകയാണ്. പ്രണവിനൊപ്പമുള്ള ചിത്രം മോഹൻലാൽ തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

18 കിലോ ശരീര ഭാരമാണ് കുറച്ചതെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിന് അവസാന ഘട്ട ചിത്രീകരണത്തിന് ഇനിയും സമയം ബാക്കി നിൽക്കേ ഇനിയും ശരീര ഭാരം കുറഞ്ഞേക്കുമെന്നതിന് തെളിവായി മോഹൻലാലിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഇതിനിടെ മോഹൻലാലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല ആശങ്കകളും സജീവമായിരുന്നു. ഇത് അസ്ഥാനത്താക്കി കൊണ്ടാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ എത്തുന്നത്.

പ്രണവ് മോഹൻലാലും മോഹൻലാലും ചേർന്ന് വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് തരംഗമായികൊണ്ടിരിക്കുന്നത്. അച്ഛനെ മകൻ സഹായിക്കുന്ന ചിത്രങ്ങളാണ് ഇവ. സിംഗപ്പൂരിലെ നടത്തുവും വൈറലാണ്. സമീർ ഹംസയും മകനും ലാലുമൊത്തുള്ള ഈ ചിത്രം മോഹൻലാലിന്റെ ഫാൻസ് പേജിൽ നേരത്തെ എത്തിയിരുന്നു. ഇൻസ്റ്റാഗ്രമാിൽ സമീർ ഹംസ ഇട്ട ചിത്രങ്ങളായിരുന്നു ഇവ. ഇത് ഹിറ്റായതിന് പിന്നാലെയാണ് എക്‌സർസൈസ് ഫോട്ടോ മോഹൻലാൽ തന്നെ പോസ്റ്റ് ചെയ്യുന്നത്.

മോഹൻലാലിന്റെ മുഖത്തെ വർധിച്ച ആത്മവിശ്വാസവും താരം തന്നെ ഫെയ്ബുക്കിൽ പങ്കുവച്ച പുതിയ ചിത്രത്തിൽ പ്രകടം. ഇതിനുമുൻപും മോഹൻലാലും പ്രണവും ഒരുമിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഒരു മണിക്കൂറിൽ ചിത്രം ഒരു ലക്ഷം ലൈക്കുകൾ നേടി. ഒടിയന്റെ ചിത്രീകരണം താത്കാലികമായി മാറ്റിവച്ചിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തെ ഒരുക്കിയെടുക്കാൻ മോഹൻലാലിന് ഇനിയും സമയം ലഭിക്കും. പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ജിത്തുജോസഫ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.

കൊച്ചിയിലെ മൊബൈൽ കമ്പനിയുടെ ചടങ്ങിൽ മോഹൻലാൽ വന്നിരുന്നു. എന്നാൽ തടികുറച്ച ലുക്ക് ഏറെ ചർച്ചകൾക്ക് വഴിവച്ചു. പിന്നീട് ക്രിസ്മസ് ദിനത്തിലെ ആശംസയെത്തി. മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തിയ മോഹൻലാലും അടിപൊളിയായിരുന്നു. അതിന് ശേഷമാണ് സിംഗപ്പൂരിലേക്ക് പോയത്. അവിടെ പുതുവർഷം അടിച്ചു പൊളിച്ചു. ഇനി ഗൾഫിലേക്ക് ചെറിയ യാത്ര. അതിന് ശേഷം ലൊക്കേഷനിലേക്ക്.

ഒടിയന്റെ ചിത്രീകരണം തൽക്കാലം മാറ്റിവെച്ച സാഹചര്യത്തിൽ ജനുവരി 18ന് അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മംഗോളിയയിൽ ലാൽ ജോയിൻ ചെയ്യും. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ മോഹൻലാൽ താടി വെച്ച കിടിലൻ ഗെറ്റപ്പിലാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു മലയാളചിത്രം മംഗോളിയയിൽ ചിത്രീകരിക്കുന്നത്.