തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളാണ് മോഹൻലാലും മീനയും. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ പലപ്പോഴും വലിയ വിജയമായിരുന്നു. മലയാള സിനിമയിലെ വലിയ ഹിറ്റുകളിൽ ഒന്നായ ദൃശ്യത്തിൽ ഇരുവരും ഒരുമിച്ചത് മലയാളികൾ മറക്കാറായിട്ടില്ല. മോഹൻലാലിന്റെ ഭാഗ്യനായികയെന്ന വിളിപ്പേര് തന്നെ മീനക്കാണ്.

വർണ്ണപ്പകിട്ട്, ഒളിമ്പ്യൻ അന്തോണി ആദം, നാട്ടുരാജാവ് മലയാള സിനിമാ ചരിത്രത്തിലെ മികച്ച ചിത്രമായ ദൃശ്യം. ഒടുവിൽ ഇരുവരും ഒന്നിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നിവയൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. ഇതാ ഒരു ഇടവേളക്ക് ശേഷം മോഹൻലാൽ മീന ജോഡികൾ അടുത്ത ഹിറ്റ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്.

പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഡ്രാമ ത്രില്ലറായ ഈ ചിത്രത്തിൽ തൃഷ മുഖ്യകഥാപാത്രമായി എത്തുന്നതായാണ് വിവരം. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒടിയൻ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈ, പൂണെ, തായ്ലൻഡ് എന്നിവിടങ്ങളിലായിരിക്കും. മെയ് ആദ്യം തിയേറ്ററുകളിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ പേരിടൽ കർമം അടുത്തയാഴ്ച നടക്കും. മോഹൻലാലിന്റെ എക്സൈറ്റഡ് ആക്കിയ ഒരു ഡ്രാമ ത്രില്ലറാണ് ചിത്രം എന്നാണ് അണിയറപ്രവർത്തകർ പുറത്തു വിടുന്ന വിവരം.