- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ; ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നു; 'ഹർ ഘർ തിരംഗ' രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം; മന്ത്രിമാരും വസതികളിൽ പതാക ഉയർത്തി
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' പരിപാടിയോട് അനുബന്ധിച്ച് നടൻ മോഹൻലാലിന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. 'ഹർ ഘർ തിരംഗ' രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് 'ഹർ ഘർ തിരംഗ' പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരുമാണ് ഏകോപിപ്പിക്കുക. 'ഹർ ഘർ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയർത്തി.
വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും വീടുകളിൽ ദേശീയ പതാക ഉയർത്തി. ഇന്ത്യ എന്നാ സങ്കല്പത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നത് കൂടിയാണ് പ്രധാനമെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
ഹർഖർ തിരംഗ് കാമ്പയിൻ പ്രഖ്യാപിച്ചതുമുതൽ 20കോടിയിലധികം പതാകകൾ ജനങ്ങൾക്ക് ലഭ്യമാക്കിയതായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ദേശീയ പതാകയുടെ കോഡ്മാറ്റവും പതാകയുടെ ആവശ്യം വർധിക്കാൻ കാരണമായെന്ന് അധികൃതർ അറിയിച്ചു. പുതിയ കോഡ് അനുസരിച്ച് യന്ത്രനിർമ്മിതമായതും പോളിസ്റ്റർ തുണികളുപയോഗിച്ച് നിർമ്മിച്ചതുമായ പതാകകൾ ഉയർത്താം. കൂടാതെ പകലും രാത്രിയും തുടർച്ചയായി ദേശീയപതാക പ്രദർശിപ്പിക്കാം. കാമ്പയിന്റെ വെബ്‌സൈറ്റിൽ വീടുകളിലേക്ക് പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ മന്ത്രാലയം നൽകിയിട്ടുണ്ട്.
നേരത്തെ 10 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ദേശീയ പതാകകൾ പോസ്റ്റ് ഓഫിസുകളിലൂടെ നേരിട്ടും ഓൺലൈനിലൂടെയും വിൽപന നടത്തിയെന്ന് തപാൽ വകുപ്പ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനഘോഷത്തോടനുബന്ധിച്ച് എല്ലാ വീടുകളും ദേശീയപതാക ഉയർത്തുന്നതിനുള്ള കാമ്പയിനാണ് 'ഹർഖർ തിരംഗ്'.
ഓഗസ്റ്റ് 13 മുതൽ 15വരെ ദേശീയപതാകയുയർത്തി ഹർഖർ തിരംഗ് കാമ്പയിന് ശക്തിപകരണമെന്ന് ജൂലൈ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഓഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. മൻകി ബാത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ