കൊച്ചി: മലയാള സിനിമാ താരസംഘടനയുടെ അധ്യക്ഷനാണ് ഇപ്പോൾ മോഹൻലാൽ. അതുകൊണ്ട് തന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ പൊതുവേദികളിൽ അദ്ദേഹത്തോട് ചോദിക്കാറുണ്ട്. എന്നാൽ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾക്ക് മുമ്പിൽ അദ്ദേഹം ചൂടായ സംഭവം അടുത്തിടെ ഉണ്ടായിട്ടുണ്ട്. പിതാവിന്റെ പേരിലുള്ള ചാരിറ്റി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിഷയത്തെ കുറിച്ച് അഭിപ്രായം തിരക്കിയപ്പോൾ മോഹൻാലാൽ ചൂടാകുകയാണ് ഉണ്ടായത്. പിന്നീട് അദ്ദേഹം ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.

എന്തായാലും ഈ അനുഭവത്തിൽ നിന്നും പാഠം പഠിച്ച മോഹൻലാൽ ഇപ്പോൾ ചോദ്യങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് പഠിച്ചു കഴിഞ്ഞു. കൊച്ചിയിൽ മാധ്യപ്രവർത്തകരോട് സംസാരിക്കവേ ശബരിമല സംബന്ധിച്ചുയർന്ന ചോദ്യത്തോടു സരസമായാണ് മോഹൻലാൽ പ്രതികരിച്ചത്. അമ്മ യോഗത്തിലെ അജൻഡയെപ്പറ്റി സംസാരിച്ച ശേഷം പോകാൻ തുടങ്ങിയ താരത്തോട് ശബരിമല വിധിയിൽ നിലപാടെന്തെന്ന ചോദ്യം ഉയർന്നു. രസകരമായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

നടന്നുനീങ്ങവേ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോടു ചിരിയോടെ കണ്ണുരുട്ടി, അടികൊള്ളുമെന്ന രീതിയിലുള്ള ആംഗ്യമാണ് താരം കാട്ടിയത്. ഇതു കണ്ട് ചുറ്റുമുള്ളവർക്കും ചിരിക്കാനുള്ള വകയായി. സിനിമയിലെ മോഹൻലാലിന്റെ കുസൃതികളെ ഓർമിപ്പിക്കുന്നതായിരുന്നു സംഭവം. കൊച്ചിയിൽ വിശ്വശാന്തി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു മടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്നുണ്ടെന്നും സർക്കാരിനായി ഒരു ഷോ ചെയ്യുന്നുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മോഹൻലാൽ മറുപടി നൽകി. പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിനായി അഞ്ചുകോടി രൂപ സമാഹരിക്കാൻ അബുദാബിയിൽ വച്ചാണ് ഷോയെന്നും അദ്ദേഹം പറഞ്ഞു. നടിമാരുടെ പരാതിയിൽ നിയമപരമായ അഭിപ്രായം തേടിയിട്ടുണ്ടെന്നും അത് ഇന്നു വൈകിട്ട് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു.

പ്രളയത്തിൽ ദുരിതം അനുഭവിച്ച കാലടി സംസ്‌കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ വിതരണവും നടന്നു. സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 200 വിദ്യാർത്ഥിനികൾക്ക് 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങാനായി കൂപ്പണുകൾ വിതരണം ചെയ്തു. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രളയ സഹായ വിതരണമാണിത്. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം.

നേരത്തെ കൊച്ചിയിൽ കന്യാസ്ത്രീകളുടെ സമരം നടക്കവെ, മോഹൻലാലിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകനോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വിവാദമാകുകയും തുടർന്ന് അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. എന്തായാലും ഈ സംഭവത്തിന് ശേഷം മാധ്യമപ്രവർത്തകരോട് കുറച്ചു കൂടി സൗമ്യമായാണ് ലാലിന്റെ പെരുമാറ്റം. അമ്മ ജനറൽ സെക്രട്ടറി എന്നതിന് പുറമേ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനുമായിരുന്നു മോഹൻലാൽ.