തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാലിന്റെ പുതിയ ബ്ലോഗ് മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്താണ്. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ നിവേദനം എന്ന നിലയിലാണു മോഹൻലാലിന്റെ പുതിയ കുറിപ്പ് അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കേരളത്തിന്റെ നിത്യജീവിതത്തെയും ഭൂപ്രകൃതിയെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരിക്കൽക്കൂടി കൊണ്ടുവരികയാണ് കുറിപ്പിലൂടെ മോഹൻലാൽ ചെയ്യുന്നത്.

ഇതിൽ പറയുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി ശ്രദ്ധ വച്ചില്ലെങ്കിൽ അഞ്ചുവർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് ഓർക്കാൻ പോലും പേടിയാകുന്നു എന്ന് ആശങ്കപ്പെടുകയാണ് മോഹൻലാൽ. മാലിന്യ പ്രശ്നം, റോഡുകളിലെ അമിതവേഗവും അപകടങ്ങളും, ട്രാഫിക് ബ്ലോക്ക്, വയോധികരോടും സ്ത്രീകളോടുമുള്ള അതിക്രമം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചു മോഹൻലാൽ പ്രതിപാദിക്കുന്നു.

മനോഹരമായ ഈ നാടിന്റെ പച്ചപ്പിന്റെ കൂടി കാവൽക്കാരാകണം സർക്കാരെന്നും മോഹൻലാൽ പറയുന്നു. ഇക്കാര്യങ്ങളിൽ ഒരു കലാകാരൻ എന്ന നിലയിൽ തന്റെ എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും മോഹൻലാൽ ബ്ലോഗിൽ വ്യക്തമാക്കുന്നു.