മോഹൻലാലിനുവേണ്ടി ഒരു ടെയ്‌ലർമെയ്ഡ് ചിത്രം! 25കോടിയോളം മുതൽമുടക്കി, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഇറങ്ങിയ 'പുലിമുരുകനെ' ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ഒരു ഹൈവോൾട്ടേജ് ലാൽ ഷോ തന്നെയാണ് ഈ ചിത്രം. ഇതിൽ മോഹൻലാലും പുലിയുമായുള്ള ത്രസിപ്പിക്കുന്ന ആക്ഷനുണ്ട്, ആരാധകർ ആഗ്രഹിക്കുന്ന മീശപിരിച്ചും മുണ്ട് മടക്കിക്കെട്ടിയുമുള്ള നാടൻ തല്ലുണ്ട്,ഒറ്റസീനിലും ബോറടിപ്പിക്കാതെ ത്രില്ലറും കുടുംബകഥയും ലയിപ്പിച്ചുള്ള കഥാഗതിയുണ്ട്,ലാലിൽ നിന്ന് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന അൽപ്പം തമാശയും സെന്റിമെൻസുമുണ്ട്. അതുമതി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന് ആശ്വസിക്കാം. തന്റെ 25കോടി വെള്ളത്തിലാവില്ല.

പ്രിയദർശന്റെ 'ഒപ്പ'ത്തിന്റെ ചരിത്രവിജയത്തിൽ ആഹ്ലാദിക്കുന്ന ലാൽ ഫാൻസിന് ഇത് ആനന്ദനൃത്തത്തിന്റെ ദിനങ്ങളാണ്.ആദ്യ ദിവസംതന്നെ ഓരോ സീനിലും കൈയടിയും ആർപ്പുവിളികളുമായി അവർ അത് ആഘോഷിക്കുന്നുമുണ്ട്.ഇക്കണക്കിന് പോവുകയാണെങ്കിൽ 'ഒപ്പ'ത്തിന്റെ കലക്ഷൻ റെക്കാർഡും 'പുലിമുരുകൻ' തകർക്കുന്ന അവസ്ഥ വന്നേക്കും.'ദൃശ്യ'ത്തിനുശേഷം ഹിറ്റുകളില്ലാതെ വെടിതീർന്നിരുക്കുന്ന രണ്ടു വർഷക്കാലത്തിനുശേഷം മോഹൻലാലിന്റെ ദിനങ്ങൾ വീണ്ടും മലയാള സിനിമയിൽ വന്നിരിക്കയാണെന്ന് ചുരുക്കം.'

പക്ഷേ പ്രശ്‌നം അവിടെയല്ല. കലാപരമായി വിലയിരുത്തുമ്പോൾ ഈ പടത്തിൽ കാര്യമായി ഒന്നുമില്ല. ഒരുപക്ഷേ തിരക്കഥയിൽ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ, യുക്തി പണയംവച്ച കത്തികൾ അൽപ്പം കുറച്ചിരുന്നെങ്കിൽ, മികച്ച ഒരു ചലച്ചിത്രാനുഭവമായി മാറ്റിയെടുക്കാനുള്ള സാധ്യതകളെല്ലാം പുലിമുരുകന്റെ വൺലൈനിൽ ഉണ്ടായിരുന്നു. മലയാളത്തിലെന്നല്ല, ലോകസിനിമയിൽതന്നെ പുതുമയുള്ള ഒരു 'വൈൽഡ് ഹണ്ടറുടെ' കഥ കൃത്യമായി വികസിപ്പിക്കാൻ, കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയ ഉദയകൃഷ്ണക്ക് ആയിട്ടില്ല. ( മലയാളത്തിൽതന്നെ മമ്മൂട്ടിയുടെ 'മൃഗയ' ഒക്കെ ഏതാണ്ട് ഇതേ പ്രമേയത്തിൽ ഇറങ്ങിയത് മറക്കുന്നില്ല) പക്ഷേ സിബിഉദയൻ ജോഡികളുടെ പതിവ് ഹിറ്റ് തിരക്കഥകളുടെ രസക്കൂട്ടിന് അനുസരിച്ച്, ഒരു നല്ല തുടക്കം, ഒരു ഇൻട്രവൽ പഞ്ച്,മികച്ച് കൈ്‌ളമാക്‌സ് എന്ന ഫോർമുലയിൽ നീങ്ങി സുരക്ഷിതമായ വാണിജ്യവിജയം ഉറപ്പാക്കുകയാണ് പുലിമുരകൻ ചെയ്തിരക്കുന്നത്.

വന്യതയുടെ പല രംഗങ്ങളിലും സംവിധായകൻ വൈശാഖും കാമറാൻ ഷാജിയും പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.ലോകപ്രശസ്ത സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾതന്നെയാണ് ചിത്രത്തിന്റെ ഗ്ലൈഹലൈറ്റ്.പക്ഷേ ഇത്രയധികം കോടി മുടക്കിയതിന്റെ റിസൾട്ട് പ്രകടമാണോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം.ആദ്യ പകുതിയിലെ മുരുകനും പുലിയുമായുള്ള ഫൈറ്റ് രംഗങ്ങളൊക്കെ ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്ന സംവിധായകൻ, കൈ്‌ളമാക്‌സിലത്തെുമ്പോഴേക്കും തീർത്തും കത്തിയിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നത്.നരസിംഹം' മോഡലിൽ എത്രപേരെയും തല്ലി ചതക്കാൻ കഴിവുള്ള അതിമാനുഷനായി ലാലിനെ കയറൂരി വിട്ടിരിക്കയാണ് സംവിധായകൻ.ആ അർഥത്തിൽ നോക്കുമ്പോൾ ഇത് ന്യൂജൻ റിയലസ്റ്റിക്ക് സിനിമകളിൽനിന്നുള്ള ഒരു തിരച്ചുപോക്കാണ്.

പുലിയുടെ വന്യതയും മനുഷ്യന്റെ ക്രൂരതയും ഇടകലരുമ്പോൾ

ഇടക്കിടെ പുലിയിറങ്ങുന്ന ഒരു കുടിയേറ്റ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ആ നാടിന്റെ പേരാണ് പുലിയൂർ.ഒരു അർഥത്തിൽ ഗ്രാമത്തിന്റെ രക്ഷകനാണ് പുലിമുരുകൻ.നരഭോജികളായ വരയൻ പുലികളെ ( പുലിക്കുപകരം കടുവയാണ് ചിത്രത്തിൽ, അത് ക്ഷമിക്കാം) ശൂലമെറിഞ്ഞ് കൊന്ന് ഗ്രാമത്തെ കാക്കുന്നത് മുരുകനാണ്.സ്വന്തം പിതാവിനെ തന്റെ കൺമുമ്പിലിട്ട് കടിച്ചുകീറിയ പുലിയെ, അതിന്റെ മടയിൽപോയി നേരിട്ട് കൊന്ന ബാല്യമുണ്ട് മുരുകന്.അങ്ങനെ കൃത്യമായ ജീവിത യാഥാർഥ്യങ്ങളിൽനിന്നാണ് അയാൾ പുലിമുരുകനാവുന്നത്.പക്ഷേ അയാളുടെ കുടുംബം ഈ പുലിവേട്ടയിൽ ഒപ്പമില്ല. പുലിയെ കൊന്നതിന് ഫോറസ്റ്റുകാരും പൊലീസും നടത്തുന്ന നിരന്തര പ്രശ്‌നങ്ങൾതന്നെ കാരണം.

ഇങ്ങനെയാക്കെയുള്ള വീരനാണെങ്കിലും ജീവിതത്തിൽ പഞ്ചപ്പാവമാണ് മുരുകൻ.ആർക്കും എളുപ്പത്തിൽ അയാളെ സ്വാധീനിക്കാനും പറഞ്ഞ പറ്റിക്കാനുമാവും.അമ്മാവനായ ബലരാമനാണ് ( സിനിമയിൽ മൈക്കിൾ ലാൽ) കുട്ടിക്കാലംമുതലേ മുരുകന്റെ കൂട്ടാളിയും സഹായിയുമെല്ലാം.ലാലും,സുഹൃത്ത് പൂങ്കായി ശശിയായി വരുന്ന സുരാജ് വെഞ്ഞാറമൂടും ഒരുക്കുന്ന പല രംഗങ്ങളും ചിത്രത്തിൽ നർമ്മം ഉണർത്തുന്നുണ്ട്.പുലിയുടെ വായിൽനിന്ന് അച്ഛൻ തന്റെ കൈയിൽ ഏൽപ്പിച്ചുപോയ അനുജൻ മണിക്കുട്ടനാണ് ( സിനിമയിൽ വിനുമോഹൻ) മുരുകന്റെ മറ്റൊരു ദൗർബല്യം.അവന് ഒരു നല്ലജോലി കിട്ടാനായി അവന്റെ സുഹൃത്തുക്കൾ ഒരുക്കുന്ന ഒരു പ്രലോഭനത്തിൽ പെട്ട് മുരുകൻ കുടംബസമേതം കാടിടറങ്ങി നാട്ടിലേക്ക് പോകുന്നു. കഥ അവിടെവച്ച് മറ്റൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്.അങ്ങനെയാണ് വന്യമൃഗങ്ങളെ നേരിടുക എത്രയോ എളുപ്പമാണെന്ന് മരുകൻ മനസ്സിലാക്കുന്നത്. അവ നേർക്കുനേരെ വരികെയേ ഉള്ളൂ. മനുഷ്യനെപ്പോലെ ചതിക്കില്ല.ഇങ്ങനെ നാടും കാടും ചേർത്തുള്ള സവിശേഷമായ ഒരു കൂട്ടിയോജിപ്പിക്കലിലാണ് പുലിമുരുകന്റെ വാണിജ്യ വിജയം കുടികൊള്ളുന്നത്.അക്കാര്യത്തിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു എന്നുതന്നെ പറയണം.

വില്ലനായി തിരക്കഥയിലെ ദുർബലതയും ചില പെരുംകത്തികളും

മോഹൻലാലിൽ നിന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ചില ഭാഗങ്ങൾ ഇട്ടുകൊടുത്ത് നൊസ്റ്റാൾജിയയുണ്ടാക്കി തീയേറ്റർ നിറക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ സിനിമയുടെ വാണിജ്യഘടകം നോക്കുമ്പോൾ വിജയിച്ചെങ്കിലും കലാമൂല്യം എന്ന അളവുകോലിൽ നോക്കുമ്പോൾ പരാജയമാണ്.ഭാര്യയോട് ചിണുങ്ങുന്ന, മകളോട് കുണുങ്ങുന്ന, അനുജനുവേണ്ടി ജീവിതം ഹോമിക്കുന്ന ലാലേട്ടനെ നാം എത്രതവണ കണ്ടതാണ്.ആ നൂറ്റൊന്ന് ആവർത്തിച്ച ക്ഷീരബലയിൽനിന്ന് ഒന്ന് മാറ്റിപ്പിടക്കാൻ സംവിധായകന് ആവുന്നില്ല.നരൻ, ശിക്കാൻ, ഭ്രമരം തുടങ്ങിയ ലാലിന്റെ പല പഴയ ചിത്രങ്ങളെയും ഈ പടം ഓർമ്മിപ്പിക്കുന്നുമുണ്ട്.

ഉദയകൃഷ്ണസിബി കെ.തോമസിന്റെ ഹിറ്റായ മറ്റ് ചിത്രങ്ങളെപ്പോലെ യുക്തി പൂർണമായും മാറ്റിവച്ചുവേണം, ഈ തിരക്കഥാ ഇരട്ടകളിൽ ഉദയകൃഷ്ണ ഒറ്റക്ക് എഴുതിയ ആദ്യപടമായ പുലിമുരുകനും കാണേണ്ടത്. കഥയിൽ ചോദ്യമില്ല എന്ന മട്ടിലാണ് ഇവരുടെ കഥനത്തിന്റെ പൊതുരീതി. ഇവിടെ പുലിമുരകന്റെ, പുലിയോടുള്ള പോരാട്ടമൊക്കെ കുഴപ്പമില്‌ളെന്ന് വെക്കാം. പക്ഷേ ഒറ്റക്ക് പത്തിരുപതുപേരെ തല്ലിത്താഴയിടുന്നതിനൊക്കെ എന്താണ് ലോജിക്ക് എന്ന് മനസ്സിലാവുന്നില്ല. കൈ്‌ളമാക്‌സിൽ പിന്നെ കൂട്ടക്കത്തിയുടെ കൂട്ടപ്പൊരിച്ചിലാണ്.കൺമുമ്പിൽ വരുന്നവരെയൊക്കെ പുലിമുരകൻ അടിച്ച് നിരപ്പാക്കും. ഒരു സംഘം ഒന്നിച്ചിരുന്ന് നിറയൊഴിച്ചിട്ടും ഒറ്റവെടിപോലും മുരകന് കൊള്ളുന്നില്ല.സർക്കസിലെ കത്തിയേറുപോലെ ഒക്കെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കടന്നുപോവും!

കൈ്‌ളമാക്‌സിൽ എന്തൊക്കെ ആയുധം ഉപയോഗിക്കണം എന്നും സംവിധായകൻ കിണഞ്ഞ് ഗവേഷണം നടത്തിയിട്ടുണ്ട്. ബൂമറാങ്ങും, അമ്പുവില്ലും,മെഷീൻഗണ്ണും തൊട്ട് നാടോടിക്കാറ്റിൽ തിലകൻ പറയുന്നപോലെ മലപ്പുറം കത്തിവരെയുണ്ട്.ചൈനക്കാരും റഷ്യക്കാരുംവരെയുണ്ട് മുരകനെ എതിരിടാൻ!ഈ പെരും കത്തിയൊക്കെ ഒന്ന് ലഘൂകരച്ചിരുന്നെങ്കിൽ എത്രയോ മികച്ച ചിത്രമാവുമായിരുന്നു ഇത്.

ആദ്യപകുതിയിലെ കൃത്യതയും മികവും രണ്ടാംപകുതിയിൽ പലയിടത്തും സംവിധായകന് കൈമോശം വരുന്നു.മുരുകൻ കാടിറങ്ങുന്നതോടെ ഫലത്തിൽ കഥ കാടുകയറുകയായി!കോടികൾ മുടക്കിയ ഗ്രാഫിക്‌സ് ചിലയിടത്ത് പാളുന്നുമുണ്ട്.ചിത്രത്തിന്റെ തുടക്കത്തിൽ പുലി കയറിനിൽക്കുന്ന പാറ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് വളരെ കൃത്യമായി മനസ്സിലാവുന്നുണ്ട്.

മോഹൻലാൽ എന്ന വിസ്മയം

ഈ പടം വേണമെങ്കിൽ ലാലിന്റെ വൺമാൻഷോയെന്ന് വിശേഷിപ്പിക്കാം.ആരാധകർ ആഗ്രഹിക്കുന്ന അസാധാരണമായ ചടുലതയോടെ പുലിമുരുകനെ ഒറ്റക്ക് ലിഫ്റ്റ് ചെയ്യുകയാണ് മോഹൻലാൽ.ഈ പ്രായത്തിലും ഡ്യൂപ്പുപോലുമില്ലായെ ആക്ഷൻരംഗങ്ങളിൽ മോഹൻലാൽ കാണിക്കുന്ന ഫിസിക്കൻ ഫിറ്റ്‌നസ് ശരിക്കും അതിശയിപ്പിക്കുന്നതാണ്.ലാലും പുലിയും തമ്മിലുള്ള ഫൈറ്റ് സീൻ പൊട്ടിപ്പോവുകയാണെങ്കിൽ ചിത്രം തകർന്ന് തരിപ്പണമായേനെ.സംവിധായകൻ കൂടിയായ മൈക്കിൾ ലാലിന് മാത്രമാണ് മോഹൻലാലിന് മുന്നിൽ അൽപ്പം പിടിച്ചുനിൽക്കാൻ കഴിയുന്നത്.

മരുകന്റെ ഭാര്യയായി എത്തുന്ന കമാലിനി മുഖർജി ( 'വേട്ടയാട് വിളയാട്' ഫെയിം) മോശമാക്കിയില്‌ളെങ്കിലും ഡബ്ബിങ്ങിൽ ചില പോരായ്മകൾ അനുഭവപ്പെടുന്നുണ്ട്.കാട്ടിൽ കഞ്ചാവ് കൃഷി നടത്തുന്ന മകരംദേശ്പാണ്ഡേയുടെ വേറിട്ട ഫിഗർ കൗതുകമുണ്ടാക്കുന്നുണ്ട്.തെലുങ്ക് നടൻ ജഗപതി ബാബുവാണ്, ഡാഡി ഗിരിജയെന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്.നായകന് മുട്ടാനുള്ള ആകാരവും പ്രകൃതവുള്ള ഗാംഭീര വില്ലനാണ് ഇദ്ദേഹം.സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി ചിലയിടത്ത് ഏശുന്നുണ്ടെിലും പഴയ നിലവാരമില്ല. ചിലപ്പോഴൊക്കെ അത് സബ്സ്റ്റാൻഡേർഡ് എന്ന് വിളിക്കാവുന്ന നിലവാരത്തിലേക്ക് താഴുന്നു. വിനുമോഹനും ബാലക്കുമെല്ലാം പതിവ് വേഷങ്ങൾ മാത്രമാണുള്ളത്. മുരുകന്റെ ബാല്യകാലംചെയ്ത കുട്ടിയും ശരിക്കും കസറി.

നമിത അവതരിപ്പിച്ച ജൂലി എന്ന കഥാപാത്രമാണ് തീർത്തും അനാവശ്യമായി തോന്നിയത്. ഫാൻസ് എന്നപേരിൽ ഇറങ്ങുന്ന പുരുഷ ആൾക്കൂട്ടങ്ങളെ ആഹ്‌ളാദിപ്പിക്കാനായി സ്ത്രീവിരുദ്ധചേരുവകൾ കൃത്യമായി ചേരുമ്പടി ചേർത്ത ഒരു കഥാപാത്രമാണിത്.സദാ നായകനെ കാമിച്ചുനടക്കുന്ന ഒരു വേഷം.ഇത് പൂർണമായും കട്ടുചെയ്താലും സിനിമക്ക് ഒരു കുഴപ്പവും വരില്ലായിരുന്നു.

വരയൻ പുലിയെന്ന പേരിൽ ഇറക്കിയ കടുവയാണെല്ലോ ഈ ചിത്രത്തിലെ പ്രധാന ആകർഷണം. അവിടെ സംവിധായകനും പീറ്റർ ഹെയ്‌നും സ്‌ക്കോർ ചെയ്തിട്ടുണ്ട്. ഗ്രാഫിക്‌സ് പുലിയൊന്നുമല്ല, ഇത് ശരിക്കും ഒരു പുപ്പുലിയാണ്. (പക്ഷേ ഇത്രയും സാങ്കേതിക വിദ്യയൊന്നുമില്ലാതിരുന്ന കാലത്ത് നമ്മുടെ ഐ.വി ശശി 'മൃഗയയിൽ' കാണിച്ച പുലിയെയും നാം ഓർക്കണം) 25കോടി മുടക്കിയതിന്റെ ഇഫക്ട് ഒന്നും കാണുന്നില്‌ളെങ്കിലും മുരകന്റെ സാങ്കേതിക വിദ്യക്ക് മൊത്തം പാസ്മാർക്ക് കൊടുക്കാവുന്നതാണ്.

വാൽക്കഷ്ണം: മമ്മൂട്ടിലാൽ ഫാൻസ് അസോസിയേഷൻകാർ തമ്മിൽ നവമാദ്ധ്യമങ്ങളിലടക്കം നടത്തുന്ന ചൊറിയലുകൾക്കിടയിലും തീർത്തും ആശാസ്യമായ ഒരു കാര്യം ഈ പടത്തിന്റെ തുടക്കത്തിൽ കണ്ടു. മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ഫാൻസിനും നന്ദി പറഞ്ഞാണ് പുലിമുരുകൻ തുടങ്ങുന്നത്. തീയേറ്ററിൽ അപ്പോൾ നിറഞ്ഞ കൈയടിയും. തെലുങ്കിൽ, ജൂനിയർ എൻ.ടി.ആറിന്റെയും പവൻകല്യാണിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടതുപോലുള്ള വാർത്തകൾ മലയാളത്തിലും ഉണ്ടാവുമോ എന്ന് ആരാധകരുടെ ചില ഫേസ്‌ബുക്ക് പോസ്റ്റുകൾ കാണുമ്പോൾ ഓർത്തുപോവാറുണ്ട്. എന്തായാലും ആ വൈരം സ്വൽപ്പം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കും ഈ പടം സാക്ഷിയാവുന്നു.

(ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.)