തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് മോഹൻലാൽ. കാലങ്ങളായി ലാൽ മലയാള സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കയാണ്. ഏറ്റവും ഒടുവിൽ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ 150 കോടി കലക്ട് ചെയ്ത് തെന്നിന്ത്യയിലെ തന്നെ മുൻനിര താരമായി ലാൽ വളർന്നു കഴിഞ്ഞു. 2016 എന്ന വർഷം ലാലിനെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ വർഷമായി. മിക്ക സിനിമകളും വിജയിച്ചപ്പോൾ വീണ്ടും വൻകിട പ്രൊജക്ടുകളുമായി രംഗത്തിറങ്ങിയിരിക്കയാണ് താരം. വില്ലനും ഒടിയനുമെല്ലാം ബിഗ് ബജറ്റിൽ ഒരുങ്ങുകയാണ് താനും. ഇതോടെ മലയാള സിനിമയിലെ താരസിംഹാസനത്തിലാണ് ലാൽ. തൽക്കാലം ഈ സിംഹാസനത്തിന് എതിരാളികൾ ആരുമില്ല താനും.

എങ്കിലും മോഹൻലാലിന്റെ പിൻഗാമി ആരാകുമെന്ന ചോദ്യം ഇടയ്ക്കിടെ ഉയരുന്നുണ്ട്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവരാണ് ഇപ്പോൾ ഹിറ്റ് സിനിമകളുമായി താരസിംഹാസനത്തിനുള്ള മത്സരത്തിൽ മുന്നിൽ നിൽക്കുന്നവർ. ഇവരിൽ ആരാകും മലയാള സിനിമയുടെ താരസാമ്രാജ്യം പിടിച്ചെടുക്കാൻവരുന്നത് എന്ന ചോദ്യം നേരിട്ടു മോഹൻലാൽ. അമൃത ടിവിയിലെ ലാൽ സലാം പരിപാടിയിലാണ് ഈ ചോദ്യം മോഹൻലാൽ നേരിട്ടത്. അതുകൊണ്ട് തന്നെ എന്റെ പിൻഗാമി.. അവൻ വരികതന്നെ ചെയ്യുമെന്ന് അദ്ദേഹം ഉത്തരവും നൽകി. ഈ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലാണ് താനും.

കഴിഞ്ഞ നാല് ദശകങ്ങളായി മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള വെള്ളിത്തിരയിലെ താരരാജാക്കന്മാർ.ഇപ്പോൾ യുവതാരങ്ങളാൽ സമ്പന്നവുമാണ്. പൃഥ്വി രാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻപോളി, ജയസൂര്യ, ടോവിനോ തുടങ്ങിയവരെല്ലാം കഴിവ് തെളിയിച്ച് രംഗത്തുണ്ട്. പ്രണവ് മോഹൻലാലും കാളിദാസ് ജയറാമുമെല്ലാം അരങ്ങ്പിടിക്കാൻ അടുത്തുതന്നെ വരവറിയിക്കും.

ഇതിനിടയിലാണ് സാക്ഷാൽ മോഹൻലാൽ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചത്. അത് ദുൽഖർ രാജ് പോളിയാണ്. ഈ പേരാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായത്. ലാൽസലാമിനിടെ നടി മീരാനന്ദനാണ് ലാലിനോട് ആ ചോദ്യം ചോദിച്ചത്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി ഇവരിൽ ആരായിരിക്കും പിൻഗാമിയെന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ഉത്തരം വൈകിയില്ല. .. അത് അവൻ തന്നെ 'ദുൽഖർ രാജ് പോളി.. പിന്നെ ചിരിച്ചു കൊണ്ടുപറഞ്ഞു. എല്ലാവരും നമ്മുടെ കുട്ടികളല്ലേ. എല്ലാവരും നന്നാവുമ്പോഴല്ലേ നമുക്ക് സന്തോഷം .

ഇന്ത്യൻ സിനിമയിലെ ആരുടെയെങ്കിലും പിൻഗാമിയാണ് ലാലേട്ടൻ എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നതായിരുന്നു ഉത്തരം.'ദുൽഖർ രാജ് പോളി' എന്ന ഉത്തരം മൂവരുടേയും ആരാധകർ ഒന്നടങ്കം ഇത് ഏറ്റെടുത്തിട്ടുണ്ട്.