തിരുവനന്തപുരം: മോഹൻലാൽ നായകനും തമ്പി കണ്ണന്താനം സംവിധായകനുമാണോ ആ ചിത്രം സൂപ്പർഹിറ്റായിരിക്കും. ഒരുകാലത്ത് മലയാളം സിനിമാ പ്രേക്ഷകർ വിശ്വസിച്ചു ടിക്കറ്റെടുക്കുന്ന കൂട്ടുകെട്ടായിരുന്നു ഇത്. മോഹൻലാലിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തിയ സിനിമയായ രാജാവിന്റെ മകൻ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമായിരുന്നു. മോഹൻലാലിന്റെ കരിയറിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത സിനിമയാണ് ഈ ചിത്രം. സിനിമയിലെ ഡയലോഗുകൾ അത്രയേറെ ഹിറ്റായിരുന്നു. ഒരിക്കൽ രാജുമോൻ എന്നോടു ചോദിച്ചു.. എന്നു തുടങ്ങുന്ന ഡയലോഗ് ഇന്നും തലമുറകളെ ത്രസിപ്പിക്കുന്നതാണ്. ഈ സിനിമയിലെ അധോലോക നായകന്റെ വേഷം മലയാളക്കര ഹൃദയത്തോട് ചേർക്കുകയായിരുന്നു.

മോഹൻലാലിലെ അഭിനയ പ്രതിഭയെ അന്നേ തമ്പി കണ്ണന്താനം തിരിച്ചറിഞ്ഞിരുന്നു. ഇതിന് ശേഷം തുടർച്ചയായി മോഹൻലാലുമൊത്ത് സിനിമകൾ തമ്പി കണ്ണന്താനം ചെയ്തു. 1986 പുറത്തിങ്ങിയ രാജാവിന്റെ മകൻ അതുവരെ സഹതാരവേഷങ്ങൾ അടക്കം ചെയതിരുന്ന ലാലിനെ സൂപ്പർസ്റ്റാർ പദവി സമ്മാനിക്കുന്നതായിരുന്നു. അക്കാലത്ത് ഹിറ്റ് സംവിധായകനായിരുന്നത് ജോഷിയായിരുന്നു. ജോഷിയുടെ സംവിധാന സഹായി ആയി തുടങ്ങിയ ശേഷമാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്.

തമ്പി കണ്ണന്താനത്തിന്റെ വളർച്ച മോഹൻലാലിന്റെ വളർച്ചയുടെ ഘടകം കൂടിയായി. മോഹൻാലാൽ എന്ന നടന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ലാലിന്റെ അഭിനയത്തെ കുറിച്ച് അദ്ദേഹം പിന്നീട് പറയുകയും ചെയ്തു. അതിങ്ങനെയായിരുന്നു: നാടോടി എന്ന സിനിമയിൽ ഒരു ്രൈഡവറുടെ വേഷമായിരുന്നു ലാലിന്. ലാലിനെയും ത്രില്ലടിപ്പിക്കുന്ന ഷോട്ടുകളാണ് ഞാൻ വച്ചിട്ടുള്ളത്. തന്റെ പെർഫോമൻസ് കൊണ്ട് ലാൽ അതിനെയും കവച്ചുവെയ്ക്കും. അതിന്റെ ആരവമാണ് തിയേറ്ററുകളിൽ അക്കാലത്ത് മുഴങ്ങികേട്ടത് തമ്പി കണ്ണന്താനം പറയുന്നു. എന്റെ നിബന്ധന ഒരു സീൻ ഞാൻ ഓർമ്മിക്കുന്നു. ലാലും എൻ എൻ പിള്ള ചേട്ടനുമാണ് സീനിൽ. വളരെ വൈകാരികമായ ഒരു രംഗമാണത്. എൻ എൻ പിള്ളചേട്ടന്റെ ഡയലോഗിന് ശേഷം ലാൽ മറുപടി പറയുമ്പോൾ ഞാൻ ഒരു നിബന്ധന വച്ചു.

സീനിനൊടുവിൽ ലാൽ കരയുന്നുണ്ട്. നിങ്ങൾ കരയണം. പക്ഷേ ഗ്ലിസറിൻ തരില്ല. ഹൃദയത്തിൽ തൊട്ട് ലാൽ ആ സീനിൽ അഭിനയിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ വെല്ലുവിളിയും. അവിടെ എന്നെയും വിസ്മയിപ്പിച്ച പ്രകടനമാണ് ലാൽ കാട്ടിയത്. ഒരു തുള്ളി ഗ്ലിസറിനിടാതെ ലാൽ ആ രംഗത്ത് അഭിനയിക്കുമ്പോൾ നിങ്ങളറിയണം, ആ സീനിനൊടുവിൽ അണമുറിയാതെ അയാൾ കരയുകയായിരുന്നു. മാന്ത്രികത്തിലും അതുപോലൊരു വെല്ലുവിളി ലാൽ ഏറ്റെടുത്തു. അതൊരു ഫൈറ്റ് സീനിലായിരുന്നു. ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് ഫൈറ്റ് മാസ്റ്റർ സുബ്ബരായരെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു. 'ഈ ഫൈറ്റിൽ ലാൽ കയ്യുപയോഗിച്ച് ഒരു പഞ്ചും ചെയ്യരുത്. എല്ലാം കാലുകൊണ്ട് മാത്രം ചെയ്യണം. അതെല്ലാം അക്ഷര പ്രതിശരിവെക്കുകയും ചെയ്തു ലാൽ.

രാജാവിന്റെ മകൻ എടുക്കുമ്പോൾ അതുവരെയുണ്ടായിരുന്ന നായകസങ്കൽപത്തിൽ നിന്നു മാറി നിൽക്കുന്ന സിനിമയാണെന്നതും ചിത്രം വിജയിക്കുമോ എന്നു സംശയവും പല കോണുകളിൽ നിന്നുമുണ്ടായിരുന്നു. എന്നാൽ മോഹൻലാലിനെ തന്നെ നായകനാക്കി തമ്പി ചിത്രം ചെയത്ു. ചിത്രത്തിൽ മോഹൻലാലിന്റെ നായിക അംബികയായിരുന്നു. അക്കാലത്ത് മോഹൻലാലിനേക്കാൾ താരമൂല്യം അംബികയ്ക്കാണ് അന്ന് നൽകിയതും.

പതിനാലര ലക്ഷം രൂപയ്ക്ക് 'രാജാവിന്റെ മകൻ' ഫസ്റ്റ് കോപ്പി ആയി. പ്രിന്റ്, പബ്ലിസിറ്റി, വിതരണക്കാരുടെ വിഹിതം തുടങ്ങിയവയെല്ലാം ചേർത്ത് 40 ലക്ഷം രൂപയാണു ചിത്രത്തിന്റെ ചെലവ്. അന്ന് ടിക്കറ്റ് നിരക്ക് കുറവാണ്. എന്നിട്ടും 80-85 ലക്ഷം രൂപ ചിത്രം കലക്ട് ചെയ്തു. 32 ദിവസം കൊണ്ടു ഷൂട്ട് ചെയ്ത ചിത്രമാണിത്. 28 ദിവസം എറണാകുളത്തായിരുന്നു ഷൂട്ടിങ്. മലയാള സിനിമയ്ക്ക് പുതിയൊരു ട്രെൻഡ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്.

'മദ്രാസിലെ മോൻ' എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം തമ്പി അഭിനയിക്കുകയും ചെയ്തിരുന്നു തമ്പി. പിന്നീട് 'നിർണയം', 'ദശരഥം' എന്നീ ചിത്രങ്ങളിലും തമ്പി മോഹൻലാലിനൊപ്പം അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി 'വഴിയോര കാഴ്ചകൾ', 'ഭൂമിയിലെ രാജാക്കന്മാർ', 'നാടോടി','മാന്ത്രികം', 'ഒന്നാമൻ' തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. ഈ കുട്ടുകെട്ട് മലയാള സിനിമക്ക് എന്നുംസമ്മാനിച്ചത് ഹിറ്റ് ചിത്രങ്ങൾ മാത്രമായിരുന്നു.