- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താനൊക്കെ ഒരു തന്തയാണോടോ എന്ന് എന്നോട് ചോദിച്ചു; തുടക്കം മുതലേ വളരെ മോശമായാണ് ആലുവ സിഐ പെരുമാറിയത്': പൊലീസ് സ്റ്റേഷനിൽ ഉണ്ടായ ദുരനുഭവം വിവരിച്ച് ആത്മഹത്യ ചെയ്ത മൊഫിയയുടെ പിതാവ്
ആലുവ: ആലുവ സിഐയുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്ന് മൊഫിയയുടെ പിതാവ്. ഭർതൃവീട്ടുകാർക്ക് എതിരെ ഒരു മാസം മുമ്പെ പരാതി നൽകിയെങ്കിലും പൊലീസ് സ്വീകരിച്ചില്ല. സിഐ തന്നെയും മകളെയും തെറിവിളിച്ചതായും ആത്മഹത്യ ചെയ്ത മൊഫിയ പർവീന്റെ പിതാവ് കക്കാട്ട് ദിൽഷാദ് പറഞ്ഞു.
'ശാരീരികമായും മാനസികമായും വരന്റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നു. വരൻ സുഹൈൽ പലപ്പോഴായി മോശമായി പെരുമാറിയപ്പോൾ കൗൺസിലിങ്ങിലൂടെ മാറ്റാമെന്ന് മോള് പറഞ്ഞതിനാലാണ് ബന്ധം തുടർന്നത്. പ്രണയ വിവാഹമായിരുന്നു. കല്യാണം കഴിഞ്ഞതിനുപിന്നാലെ സ്ത്രീധനം ചോദിച്ച് പലതവണ അവർ വന്നു. പക്ഷേ, ഞങ്ങൾ കൊടുത്തിരുന്നില്ല.
അക്രമം തുടർന്നപ്പോൾ ഗാഹിക പീഡന പരാതി നൽകി. പ്രശ്‌നം തീർക്കാൻ ആലുവ എസ്‌ഐ വിളിച്ചതോടെയാണ് ഞാനും മോളും സ്റ്റേഷനിൽ എത്തിയത്. സിഐ മുറിയിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചു. തുടക്കം മുതലെ മോശമായാണ് അയാൾ പെരുമാറിയത്. താനൊക്കെ ഒരു തന്തയാണോടാ എന്ന് എന്നോട് ചോദിച്ചു. മോളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതോടെ അവൾ സുഹൈലിന്റെ മുഖത്തടിച്ചു. പിന്നാലെ സുഹൈലും മാതാപിതാക്കളും ചേർന്ന് മോളെ അടിക്കാനും ഒരുങ്ങി. പൊലീസുകാർ ഇടപെട്ട് പിടിച്ചുവെച്ചു. പരാതിക്കാരായ ഞങ്ങളെ പൊലീസ് കേട്ടില്ല. ഒരു പ്രാദേശിക രാഷ്ട്രീയക്കാരനും അവർക്കൊപ്പമുണ്ടായിരുന്നു''- പിതാവ് കക്കാട്ട് ദിൽഷാദ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടു പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു സുഹൈലും മൊഫീയയും. ഈ ബന്ധം അധികം നീളും മുമ്പ് തന്നെ പ്രശ്നത്തിൽ കലാശിക്കുകയും ഒടുവിൽ വഴക്കിൽ കലാശിക്കുകയുമായിരുന്നു. ഈ സംഭവങ്ങൾ പറഞ്ഞു തീർക്കാൻ വേണ്ടി പൊലീസ് ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടതാകട്ടെ യുവതിയുടെ ആത്മഹത്യയിൽ കലാശിക്കുകയും ചെയ്തു.
ആലുവ സിഐ തിങ്കളാഴ്‌ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഈ ചർച്ചകളിൽ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ തർക്കവുമുണ്ടായി. ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഭർത്താവിനെ അടിച്ചതായും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
അതേസമയം ആത്മഹത്യാ കുറിപ്പിൽ പേരു വന്ന പശ്ചാത്തലത്തിൽ സിഐക്കെതിരെ അന്വേഷണവും ഉണ്ടാകും. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടിയുണ്ടാവുമെന്ന് ആലുവ റൂറൽ എസ്‌പി കാർത്തിക് പറഞ്ഞു. ഡിവൈ എസ്‌പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുമെന്നും റൂറൽ എസ്‌പി പറഞ്ഞു. ഗാർഹിക പീഡന പരാതി അന്വേഷിക്കുന്നതിൽ നിന്നും സിഐയെ മാറ്റുകയും ചെയ്തു.
ആലുവ എടയപ്പുറത്ത് കക്കാട്ട് ദിൽഷാദിന്റെ മകൾ മൂഫിയ പർവീനാണ് ആത്മഹത്യ ചെയ്തത്. 23 കാരിയായ മൂഫിയ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് തിങ്കളാഴ്ച ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൂഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മൂഫിയയെ സിഐ ശാസിച്ചതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു.
തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ് മൂഫിയ. എടയപുറത്ത് താമസിക്കുന്ന കക്കാട്ട് ദിൽഷാദിന്റെ മകളാണ്. ഭർത്താവ് സുഹൈലുമായി ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സിഐ തിങ്കളാഴ്‌ച്ച രാവിലെ മധ്യസ്ഥ ചർച്ചക്ക് വിളിച്ചിരുന്നു. ഭർത്താവ് ഒരു രാഷ്ട്രീയ നേതാവിനൊപ്പമാണത്രെ ചർച്ചക്കെത്തിയത്. അവിടെ വച്ച് സിഐ തന്നോട് മോശമായി പെരുമാറിയെന്ന് യുവതിയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ യുവതി വൈകീട്ട് മൂന്നു മണിയോടെ മുറിയിൽ കയറി കതകടച്ചു. ഏറെ നേരമായിട്ടും പുറത്തേക്ക് വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വൈകീട്ട് ആറുമണിയോടെ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് എംഎൽഎ ഇടപെട്ട് രാത്രി തന്നെ തഹസിൽദാറെ വരുത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. തുടർന്നാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. യുവതിയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പും ഫോണും അധികൃതർ കൊണ്ടുപോയിട്ടുണ്ട്.
മൊഫിയ പർവീനിന്റെ ആത്മഹത്യകുറിപ്പ് ഇങ്ങനെ:
ഞാൻ മരിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കുമെന്ന് അറിയില്ല. അവൻ എന്നെ മാനസിക രോഗിയാക്കിക്കഴിഞ്ഞു. ഇനി ഞാൻ എന്ത് ചെയ്താലും മാനസികപ്രശ്നം എന്നേ പറയൂ. എനിക്ക് ഇനി ഇത് കേട്ട് നിൽക്കാൻ വയ്യ.
ഞാൻ ഒരുപാടായി സഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കൂല. സുഹൈൽ, എന്റെ പ്രാക്ക് എന്നും നിന്നോടൊപ്പം ഉണ്ടാകും. അവസാനമായിട്ട് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും.
സിഐക്ക് എതിരെ നടപടി എടുക്കണം.
Suhail, mother & father ക്രിമിനൽസ് ആണ്. അവർക്ക് Maximum ശിക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം!
അവനെ അത്രമേൽ സ്‌നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. ഞാൻ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്‌നേഹിക്കാൻ പാടില്ലായിരുന്നു.
Pappa, ചാച്ചാ sorry.
എന്നോട് ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി.
അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. ഞാൻ ഈ ലോകത്ത് ആരെക്കാളും സ്‌നേഹിച്ചയാൾ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല. അവൻ അനുഭവിക്കും എന്തായാലും. Pappa, ചാച്ചാ സന്തോഷത്തോടെ ജീവിക്ക്. എന്റെ റൂഹ്
ഇവിടെ തന്നെ ഉണ്ടാകും.
Assalamualaikum
മറുനാടന് മലയാളി ബ്യൂറോ