പുനെ: മൂന്നുവർഷമായി പുനെയിലെ സോഫ്റ്റ്‌വേർ എൻജിനിയറായിരുന്ന മൊഹ്‌സീൻ ഷെയ്ഖ് കൊല്ലപ്പെട്ടിട്ട്. മകന്റെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടാവരാനായി പോരാടുന്ന മൊഹ്‌സീന്റെ കുടുംബത്തിന് ഇപ്പോൾ നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലുമില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 ഹിന്ദുത്വ തീവ്രവാദികളിൽ 18 പേരും ജാമ്യത്തിലിറങ്ങി. മൊഹ്‌സീനുവേണ്ടി വാദിച്ചിരരുന്ന സ്‌പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം പിന്മാറിയതും കുടുംബത്തിന് തിരിച്ചടിയായി.

2014 ജൂൺ രണ്ടിനാണ് ഹദാപ്‌സറിൽവെച്ച് മൊഹ്‌സീനെ വലിയൊരു ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. വർഗീയ സംഘർഷം നിലനിൽക്കുന്നതിനിടെയായിരുന്നു കൊലപാതകം. ഹിന്ദു രാഷ്ട്രസേനയിൽപ്പെട്ട 21 പ്രവർത്തകരെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ 17 പേർ ജാമ്യത്തിൽ പുറത്തിറങ്ങിയതോടെയാണ് സ്‌പെഷൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നികം പിന്മാറിയത്.

കേസിലുൾപ്പെട്ട 18-ാമത്തെയാൾക്ക് വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്നുപേർ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലുള്ളത്. ഇതിൽ രവി സാഥെ, സാഗർ സൂഥർ എന്നിവർ ജാമ്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ഹിന്ദു രാഷ്ട്ര സേന നേതാവ് ധനഞ്ജയ് ജയറാം ദേശായിയാണ് ജയിലുള്ള മറ്റൊരാൾ. ഇയാളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

മൊഹ്‌സിന്റെ കുടുംബം അന്ന് മുഖ്യമന്ത്രിയായിരുന്ന പൃത്ഥ്വിരാജ് ചൗഹാനെക്കണ്ട് അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് നികത്തെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചത്. നികം അപേക്ഷിച്ചതനുസരിച്ച് കഴിഞ്ഞ മെയ് 19-ന് സർക്കാർ അദ്ദേഹത്തെ പിൻവലിച്ചു. ഹിന്ദു രാഷ്ട്ര സേനയെപ്പോലുള്ള സംഘടനകളോട് അടുപ്പം പുലർത്തുന്നയാളാണ് നികം എന്ന ആരോപണം നേരത്തെയുയർന്നിരുന്നു.

മകന്റെ കൊലപാതകത്തിന് നീതി തേടി മൂന്നുവർഷമായി അലയുന്ന കുടുംബത്തിന് ഇപ്പോൾ കോടതിയിൽ അവരുടെ ഭാഗം വാദിക്കാൻ ഒരു വക്കീൽപോലുമില്ലാത്ത സ്ഥിതിയാണ്. തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നികത്തെ മൊഹ്‌സീന്റെ പിതാവ് സാദിഖ് ഷെയ്ഖ് കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരുടെ ആരോപണങ്ങൾക്ക് വഴിപ്പെട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് പിന്മാറരുതെന്നാണ് സാദിഖ് അഭ്യർത്ഥിച്ചത്. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല.