കോഴിക്കോട്; മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ സി മോയിൻകുട്ടി (77) അന്തരിച്ചു. താമരശ്ശേരി അണ്ടോണ സ്വദേശിയായിരുന്നു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലായി 15 വർഷത്തോളം അദ്ദേഹം നിയമസഭാ അംഗമായിരുന്നു.

1996മുതൽ 2001 വരെ കൊടുവള്ളി മണ്ഡലത്തേയും 2001 മുതൽ 2006 വരേയും 2011 മുതൽ 2016 വരേയും തിരുവമ്പാടി മണ്ഡലത്തേയും അദ്ദേഹം പ്രതിനിധീകരിച്ചു.കോഴിക്കോടിന്റെ മലയോര മേഖലയിലൽ യു ഡി എഫിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു അദ്ദേഹം. യൂത്ത്‌ലീഗിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വഖഫ് ബോർഡ് അംഗം, കെ എസ് ആർ ടി സി അഡൈ്വസറി ബോർഡ് അംഗം, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി, ട്രഷറർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഉച്ചക്ക് ഒരു മണിക്ക് ജന്മനാടായ അണ്ടോണയിൽ നടക്കും.

പരേതരായ അഹമ്മദ്കുട്ടി ഹാജിയുടേയും കുഞ്ഞി ഉമ്മച്ചയുടേയും മകനായി 1943 ഓഗസ്റ്റ് അഞ്ചിനാണ് ജനനം. ഭാര്യ: ഖദീജ. മക്കൾ: അൻസാർ എം അഹമ്മദ്, ഹസീന, മുബീന.