തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഹോട്ടലിൽ എൺപത്തിയഞ്ച് വയസ്സുള്ള ഹോട്ടലുടമ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചതായി പരാതി. രണ്ട് ദിവസം മുൻപ് നടന്ന സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്ന മിക്കാവാറും എല്ലാവരും വർഷങ്ങളായി ഇവിടെ വരുന്നവരായതിനാൽ തന്നെ എല്ലാവരുമായും ഹോട്ടലുടമയ്ക്ക് നല്ല സൗഹാർദ്ദമാണെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരം എസ്എസ് കോയിൽ റോഡിന് സമീപം മാഞ്ഞാലിക്കുളം റോഡിൽ ഹോട്ടൽ നടത്തുന്ന പരമേശ്വരൻ നായർക്കെതിരെയാണ് കോളേജ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് തമ്പാനൂർ പൊലീസ് പറയുന്നത് ഇങ്ങനെ: രണ്ട് ദിവസം മുൻപാണ് ഒരു കോളേജ് വിദ്യാർത്ഥിനി പരമേശ്വരൻ നായർക്കെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയ തന്നെ ഹോട്ടലുടമയായ വയോധികൻ ഉപദ്രവിച്ചുവെന്നാണ് പരാതി. ലൈംഗിക അതിക്രമം ആരോപിച്ചു ഹോട്ടൽ ഉടമയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടി സിവിൽ സർവ്വീസ് കോച്ചിങ് വിദ്യാർത്ഥിനിയാണ്. ഇവിടെ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും ഇത്തരമൊരു അനുഭവം പക്ഷേ ആദ്യമായിട്ടാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്.

ഭക്ഷണം കഴിക്കാനെത്തിയപ്പോൾ അടുത്ത് വന്ന ശേഷം തന്റെ തോളിൽ കൈയിട്ട് പിടിച്ചുവെന്നും പിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതി സ്വീകരിച്ച ശേഷം കേസ് രജിസ്ടർ ചെയ്തിരുന്നു. പിന്നീടാണ് അന്വേഷണത്തിന്റെ ഭാഗമായി മാഞ്ഞാലികുളത്തുള്ള ഹോട്ടലിലെത്തി പൊലീസ് എത്തിയത്. അവിടെ എത്തിയപ്പോൾ പരമേശ്വരൻ നായർ സ്ഥലത്തുണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്നത് ഹോട്ടൽ ഉടമയായ പരമേശ്വരൻ നായരുടെ ബന്ധുക്കളാണ്. കേസിനെക്കുറിച്ച് ഇവരോട് പറഞ്ഞപ്പോൾ ഹോട്ടലിൽ പൂർണമായും സിസിടിവി സ്ഥാപിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കാമെന്നുമായിരുന്നു അവരുടെ വാദം.

ഹോട്ടലുടമകൾ പറഞ്ഞതനുസരിച്ച് പൊലീസ് സിസിടിവി പരിശോധിച്ചെങ്കിലും പെൺകുട്ടി പരാതിയിൽ പറഞ്ഞപോലെയുള്ള ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. വയോധികനായ പരമേശ്വരൻ നായർ സ്ഥിരമായി ഇപ്പോൾ അങ്ങനെ ഹോട്ടലിൽ വരാറില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരവും. പരാതിയുണ്ടെങ്കിലും തെളിവൊന്നും ലഭിക്കാത്തതിനാലും വയോധികനായ ഒരാളിൽ നിന്നും ഇത്തരമൊരു പ്രവർത്തിയുണ്ടാകുമോയെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. എന്തായാലും വിഷയത്തിൽ പരാതിയുള്ളതിനാൽ പരമേശ്വരൻ നായരെ പൊലീസ് എന്തായാലും ചോദ്യം ചെയ്യും.