ചങ്ങനാശേരി: അച്ഛനും അമ്മയും വീട്ടിന് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ തക്കം നോക്കി വീട്ടിൽ കയറിച്ചെന്ന് ദളിത് യുവതിയെ ഗുണ്ട പീഡിപ്പിച്ചു. സംഭവത്തിന് ശേഷം അടുത്തു തന്നെയുള്ള മറ്റൊരു വീട്ടിൽ കയറി ഒളിച്ചിരുന്ന അക്രമിയെ നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചെത്തിപ്പുഴ ഭാഗത്തെ വീട്ടിൽ കയറിയാണ് മോർക്കുളങ്ങര തൈപ്പറമ്പിൽ വിനീഷ് (26) എന്ന അക്രമി യുവതിയെ പീഡിപ്പിച്ചത്. അച്ഛനമ്മമാർ തിരിച്ചെത്തിയതോടെ യുവതി തന്നെ ഉപദ്രവിച്ച വിവരം അറിയിക്കുകയും തുടർന്ന് അവർ നാട്ടുകാരേയും പൊലീസിനേയും വിവരം അറിയിക്കുകയുമായിരുന്നു.

ഇതോടെ നാട്ടുകാരും പൊലീസും ചേർന്ന് അക്രമിക്കായി തിരച്ചിൽ തുടങ്ങഇ. ഇയാൾ സ്ഥിരം കുറ്റവാളിയായതിനാൽ നാട്ടുകാരുടേയും പൊലീസിന്റേയും നോട്ടപ്പുള്ളിയായിരുന്നു.

തിരച്ചിൽ നടക്കുന്നതിനിടെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഇയാൾ പിടിയിലാവുമെന്ന് വന്നതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഗുണ്ടാ ആക്ട് പ്രകാരം കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. ഈ സമയത്ത് നാട്ടുകാരും സ്ഥലത്തുനിന്ന് ഇയാളെ തുരത്തിയിരുന്നു. അ്ക്കാലത്ത് ഇയാൾ മറ്റൊരു പീഡനക്കേസിൽ പ്രതിയാവുകയും പൊലീസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങി പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിനെത്തുടർന്ന് ഇയാളുടെ പേരിൽ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നു പുലർച്ചെ ഇയാൾ യുവതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയത്.

കോട്ടയം എസ്‌പി എൻ. രാമചന്ദ്രന്റെ നിർദ്ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്‌പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, എസ്‌ഐ ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. പട്ടിക ജാതിക്കാർക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഭവനഭേദനം, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.