ലക്‌നൗ: പൊലീസ് ഔട്ട് പോസ്റ്റിനുള്ളിൽ വച്ച് ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമത്തിന് ഒരുങ്ങിയ എസ്‌ഐ പിടിയിൽ. ഉത്തർ പ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. കുട്ടിയെ ഉപദ്രവിച്ച സബ് ഇൻസ്‌പെക്ടർ തേജ്‌വീർ സിംഗിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്‌നൗവിൽ നിന്നും ഏതാണ്ട് 350 കിലോ മീറ്റർ അകലെയുള്ള കേമ്‌രി പട്ടണത്തിലെ പൊലീസ് ചെക്‌പോസ്റ്റിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ തേജ്‌വീർ സിങ് അകത്തേക്ക് വലിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട ഗ്രാമീണർ ചെക്ക് പോസ്റ്റിലേക്ക് ഇരച്ചെത്തുമ്പോൾ കുട്ടിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. തുടർന്ന് ഏതാണ്ട് ഇരുന്നൂറിലധികം നാട്ടുകാർ ചെക്ക് പോസ്റ്റ് വളയുകയായിരുന്നു.

പിന്നീട് സ്ഥലത്തെ പൊലീസ് സൂപ്രണ്ട് വിപിൻ താഡ ഇവിടെത്തി തേജ്‌വീർ സിംഗിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഗ്രാമീണർ സമരം അവസാനിപ്പിച്ചത്. ബ്രത്ത് അനലൈസർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ തേജ്‌വീർ സിങ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.