കൊച്ചി: പ്രഭാത സവാരിക്കിടെ സ്ത്രീകൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ഇമ്മാനുവലിനെതിരേ കൂടുതൽ പരാതികൾ. രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കലും ഇവർക്ക് നേരേ നഗ്‌നതാ പ്രദർശനവും പതിവാക്കിയ കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവലി(31)നെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.

പ്രഭാത സവാരിക്കിടെ പ്രതിയുടെ അതിക്രമം നേരിട്ടവരാണ് പരാതികളുമായി നിലവിൽ പൊലീസിനെ സമീപിക്കുന്നത്. ഇയാൾക്കെതിരേ അഞ്ച് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ നാലെണ്ണം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലും ഒരെണ്ണം നോർത്ത് പൊലീസ് സ്റ്റേഷനിലുമാണ്.

കഴിഞ്ഞ ഒരുമാസമായി കൊച്ചി നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ഇയാൾ നിരന്തരം ശല്യംചെയ്തുവരികയായിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പ്രതി സ്‌കൂട്ടറിലെത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കുന്നതും ഇവർക്ക് നേരേ നഗ്നതാ പ്രദർശനം നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകൾ പ്രതികരിക്കാൻ തുടങ്ങുന്നതോടെ അതിവേഗത്തിൽ സ്‌കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു പതിവ്.

സ്ത്രീകളെ ശല്യംചെയ്യുന്നുവെന്ന പരാതി പതിവായതോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽനിന്ന് യുവാവിനെ കണ്ടെത്തിയെങ്കിലും സ്‌കൂട്ടറിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഹെൽമെറ്റ് ധരിച്ചതും ആളെ തിരിച്ചറിയാൻ വെല്ലുവിളിയായി. തുടർന്ന് ആഴ്ചകളോളം രഹസ്യനിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പ്രഭാത സവാരിക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതി നൽകിയ യുവതി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. കലൂർ സ്വദേശിനിയാണ് മാർച്ച് 27-ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കലൂരിലെ സംഭവത്തിന് പിന്നിലും കഴിഞ്ഞദിവസം പിടിയിലായ ഇമ്മാനുവലാണെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്.

യുവതിയുടെ വെളിപ്പെടുത്തൽ
'മാർച്ച് 27-ന് പുലർച്ചെ 4.30-നാണ് കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയത്. ആ സമയത്ത് അവിടെ ആളുകൾ കുറവായിരുന്നു. ഇരുട്ടും ആയിരുന്നു. ഞാനും മറ്റൊരാളും മാത്രമാണ് നടക്കാനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇരുചക്ര വാഹനത്തിൽ പിന്നിൽനിന്ന് എത്തിയ ആൾ എന്റെ ശരീരത്തിൽ കയറിപിടിച്ചത്. പിന്നാലെ ഇയാൾ വണ്ടിയോടിച്ച് പോയി. ഞാൻ ബഹളംവെച്ചു. പക്ഷേ, അല്പംമാറി വണ്ടി നിർത്തിയ ഇയാൾ ഇനിയും ബഹളംവെച്ചോ ആരും കേൾക്കാനില്ലെന്ന ഭാവത്തിൽ ചില ആംഗ്യങ്ങൾ കാണിക്കുകയായിരുന്നു. പിന്നാലെ അയാൾ വണ്ടി തിരിച്ച് വീണ്ടും എന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചു. ഈ സമയം മറ്റൊരു ബൈക്ക് അതുവഴി വരുന്നത് കണ്ടാണ് അക്രമി പിന്തിരിഞ്ഞത്. ഉടൻതന്നെ അവിടെ നടക്കുന്നുണ്ടായിരുന്ന ആളോട് ഞാൻ വിവരം പറഞ്ഞു. അയാൾ എന്നോട് മുന്നിൽ നടക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, അക്രമി പിന്നെ ആ വഴി വന്നില്ല. നടത്തം കഴിഞ്ഞശേഷം നേരേ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. കിട്ടി കഴിഞ്ഞാൽ എനിക്ക് അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണം.'- യുവതി പറഞ്ഞു.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നല്ലരീതിയിലാണ് ഇടപെടലുണ്ടായതെന്നും യുവതി പറഞ്ഞു. ആ സംഭവം കാരണം ഇനി നേരത്തെ പോകാതിരിക്കരുതെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയത്ത് തന്നെ പോകണമെന്നും പറഞ്ഞു. പിറ്റേദിവസം സ്റ്റേഡിയത്തിൽ പോയപ്പോൾ അവിടെ പൊലീസ് സുരക്ഷയുണ്ടായിരുന്നു. പൊലീസ് ജീപ്പിലും ബൈക്കുകളിലും പൊലീസുകാരുണ്ടായിരുന്നു. അത് ഭയങ്കര സന്തോഷമായി. പരാതി നൽകിയതിന് പിന്നാലെ ഓരോദിവസവും അന്വേഷണ പുരോഗതി പൊലീസ് അറിയിച്ചിരുന്നതായും യുവതി പറഞ്ഞു.

'എനിക്ക് രണ്ട് പെൺമക്കളാണ്. പുലർച്ചെ എഴുന്നേറ്റ് പഠിത്തം കഴിഞ്ഞാൽ അവരും നടക്കാൻ വരും. തിരിച്ച് ഞങ്ങൾ ഒരുമിച്ചാണ് കാറിൽ മടങ്ങാറുള്ളത്. ഇത് ആ കുട്ടികൾക്കാണെങ്കിലോ സംഭവിച്ചന്തെങ്കിൽ എന്താകുമായിരുന്നു? എത്ര കുട്ടികളും അമ്മമാരും ഇതുകാരണം അവിടെ നടത്തം നിർത്തിയിട്ടുണ്ടാകും?'- യുവതി ചോദിക്കുന്നു.

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വിവരണവും
മൂവാറ്റുപുഴയിൽ ജോലിചെയ്യുന്ന യുവാവ് അതിരാവിലെയാണ് സ്ത്രീകളെ ഉപദ്രവിക്കാനായി കൊച്ചി നഗരത്തിലേക്ക് വരുന്നത്. രാവിലെ മൂവാറ്റുപുഴയിൽനിന്ന് സ്‌കൂട്ടർ ഓടിച്ച് കൊച്ചിയിലെത്തുന്ന ഇയാൾ സ്ത്രീകളെ ഉപദ്രവിച്ച ശേഷം തിരികെ മടങ്ങും. നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത സ്‌കൂട്ടറിൽ ഹെൽമെറ്റ് ധരിച്ചായിരുന്നു യാത്ര. മിക്കദിവസവും ഇയാൾ 100 കിലോമീറ്ററോളം സ്‌കൂട്ടറിൽ സഞ്ചരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

അറസ്റ്റിലായ ഇമ്മാനുവലിന്റെ മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ അംഗമായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദിവസവും സ്ത്രീകൾക്ക് നേരേ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വിവരണം ഇയാൾ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നതായും പൊലീസ് പറയുന്നു.