കോട്ടയം: ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത 'പൂവാലനു' കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലൻ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്. പരിക്ക് ഗുരുതരമല്ലെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. തണ്ണീർമുക്കം സ്വദേശി ഹരിദാസി(തമ്പി-50)നാണു പരിക്കേറ്റത്.

സി.എം.എസ് കോളേജിനു മുന്നിലായിരുന്നു സംഭവം. ചേർത്തലയിൽ നിന്നും കോട്ടയത്തിനു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത പെൺകുട്ടിയെ തമ്പി ശല്യപ്പെടുത്തുകയായിരുന്നു. തണ്ണീർമുക്കത്തു നിന്നും ബസ് പുറപ്പെട്ടപ്പോൾ മുതൽ ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു.

ഇതോടെ പെൺകുട്ടി ഇയാൾക്കു താക്കീത് ചെയ്തു. തുടർന്നും അസഭ്യവർഷം നടത്തിയ ഇയാൾ പെൺകുട്ടിയെ വീണ്ടും ശല്യപ്പെടുത്തി. ബസ് സി.എം.എസ് കോളേജ് ജംഗ്ഷനിൽ എത്തിയപ്പോൾ പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ സഹയാത്രക്കാർ ഇടപെട്ടു.

ഇതോടെ ഇയാൾ ബസിന്റെ ഡോർ തുറന്ന് ഓടുകയായിരുന്നു. നാട്ടുകാരും ഇയാളുടെ പിന്നാലെ ഓടി. ഓട്ടത്തിനിടയിൽ സി.എം.എസ് കോളേജിന്റെ ഗേറ്റ് ചാടികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കാൽവഴുതി വീണതോടെ തമ്പിയുടെ കഴുത്തിൽ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പി കുത്തിക്കയറുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

താടിക്ക് താഴെയായി ആഴത്തിൽ മുറിവുണ്ട്. നാട്ടുകാർ അറിയിച്ചതോടെ സ്ഥലത്തെത്തിയ വെസ്റ്റ് പൊലീസ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.