- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോപ്പിങ് മാളിൽ വച്ച് യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ; പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലും പിടിയിലായത് കളമശേരിയിൽ വച്ച്; ഇവർ അകത്തായത് കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പ്; പ്രതികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്യുന്നു
കൊച്ചി: ഷോപ്പിങ് മാളിൽവച്ച് യുവനടിയെ അപമാനിച്ച കേസിലെ പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദും ആദിലുമാണ് പിടിയിലായത്. കളമശേരിയിൽവച്ചാണ് പ്രതികൾ പിടിയിലായത്.
കീഴടങ്ങാനെത്തുന്നതിന് തൊട്ട് മുൻപാണ് പ്രതികൾ പിടിയിലായത്. പ്രതികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്.
യുവാക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. അപേക്ഷ നാളെ പരിഗണിക്കും. എന്നാൽ പ്രതികൾ ഇന്നുതന്നെ പൊലീസിന് കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ ബെന്നിതോമസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
യുവാക്കളുടെ ന്യായീകരണം വിലപ്പോവില്ല
സംഭവത്തിൽ യുവാക്കളുടെ ന്യായകരണം വിലപ്പോവില്ല. കാരണം തെളിവുകൾ ഇവർക്കെതിരെയാണ്. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രതികൾ പറഞ്ഞു. നടിയുടെ പിറകെ നടന്നിട്ടില്ല. സെൽഫി എടുക്കാൻ ശ്രമിച്ചിരുന്നു, അതിനെ നടി എതിർത്തു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികൾ പറഞ്ഞിരുന്നു.
അതേസമയം പ്രതികളുടെ അവകാശവാദം കുടുംബം തള്ളുകയാണ്. ഇരുവരും നടിയോട് മോശമായി പെരുമാറിയെന്നും കേസുമായി സഹകരിക്കുമെന്നും നടിയുടെ കുടുംബം പറഞ്ഞു. 'ശരീരത്തിൽ സ്പർശിച്ചത് മനഃപൂർവ്വമല്ലെങ്കിൽ ക്ഷമ പറയേണ്ട കാര്യം അവർക്കില്ല. മാളിൽ പേരോ വിവരങ്ങളോ കൊടുക്കാതെയാണ് ഇരുവരും അകത്ത് കയറിയത്. സാധനങ്ങൾ ഒന്നും വാങ്ങിയിട്ടുമില്ല. ഇതിൽ നിന്ന് വ്യക്തമാണ് അവർക്ക് ദുരുദ്ദേശമുണ്ടെന്ന്''- നടിയുടെ പിതാവ് വ്യക്തമാക്കി.
ജോലി ആവശ്യത്തിന് വേണ്ടി പോയപ്പോഴാണ് സംഭവമെന്നാണ് യുവാക്കൾ പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെയാണ്:
'ജോലി ആവശ്യത്തിന് വേണ്ടിയാണ് കൊച്ചിയിൽ പോയത്. ട്രെയിൻ സമയം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയാണ് മാളിൽ പോയത്. അവിടെ വച്ചാണ് നടിയെ കണ്ടത്. നടിയാണെന്ന് ആദ്യം ഉറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോൾ അവരുടെ അടുത്ത് പോയി എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നാലു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഗൗരവത്തിൽ പറഞ്ഞു. പിന്നെ ഒന്നും ചോദിച്ചില്ല. അവിടെ നിന്ന് പോവുകയായിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല. സമീപത്തൂട് പോയി. അറിയാതെ തട്ടിയൊന്ന് സംശയമുണ്ട്. മറ്റൊരു ഉദ്ദേശം ഉണ്ടായിരുന്നില്ല. സംഭവത്തിൽ നടിയോടും കുടുംബത്തോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണ്. അഭിഭാഷകൻ പറഞ്ഞതുകൊണ്ടാണ്ട് വീട്ടിൽ നിന്ന് മാറി നിന്നത്.''
ഷോപ്പിങ് മാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ശരീരത്തിൽ സ്പശിച്ച ശേഷം ഇവർ തന്നെ പിന്തുടർന്നെന്നെന്നും നടി പറഞ്ഞു. സംഭവ സമയത്ത് പ്രതികരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. രണ്ടു യുവാക്കളാണ് യുവനടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
നടി ഇൻസ്റ്റാഗ്രാമിൽ സംഭവം പോസറ്റു ചെയ്തതോടെയാണ് വിവാദമായി മാറുന്നത്. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. സോഷ്യൽ മീഡിയയിൽ പതിവായി ശബ്ദമുയർത്തുന്ന വ്യക്തിയല്ല ഞാൻ. എന്നാൽ ഇന്ന് നടന്ന സംഭവം പറയാതെ വയ്യ. രണ്ട് പേർ എന്നെ ഹൈപ്പർ മാർക്കറ്റിൽ വച്ച് പിന്തുടരുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. രണ്ട് പേരിൽ ഒരാളാണ് തിരക്കിനിടയിൽ എന്റെ ശരീരത്തെ സ്പർശിച്ച് കടന്നുപോയത്.
ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാൽ തന്നെ ഞാൻ പ്രതികരിച്ചില്ല. നല്ലതല്ലാത്ത ഒരു സ്പർശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെ അരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാൽ ഞാൻ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, ഇതുചോദിക്കാൻ അവരുടെ അരികിലേക്ക് നടന്നപ്പോൾ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവർ അറിയണമെന്ന് കരുതിയാണ് അത് ചെയ്തത്.
അവരോട് ദേഷ്യം വന്നെങ്കിലും ഒന്നും പറയുവാൻ സാധിച്ചിരുന്നില്ല. പിന്നീട്, കൗണ്ടറിൽ പണമടയ്ക്കുവാൻ നിൽക്കുന്ന സമയത്ത് അവർ എന്റെയും സഹോദരിയുടേയും അരികിൽ എത്തി സംസാരിക്കുവാൻ ശ്രമിച്ചു. ഏതൊക്കെ സിനിമയിലാണ് ഞാൻ അഭിനയിച്ചത് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. അതേസമയം, അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകുവാൻ പറയുകയും ചെയതു. അമ്മ ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും അവർ അവിടെ നിന്നും പോയിരുന്നു. ഒരു കുറ്റബോധവും ഇല്ലാതെയാണ് അവർ നടന്നുനീങ്ങിയത്.
നടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവർ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയിൽ വഴിയാണ്. സംഭവശേഷവും ഇവർ മെട്രോയിൽ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ