നേമം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. കേസിൽ പത്തനംതിട്ട തിരുവല്ല കോഴിമല ലക്ഷം വീട് കോളനിയിൽ കുരുവിക്കാട്ടിൽ വിട്ടീൽ സിദ്ധാർഥ് എന്നുവിളിക്കുന്ന സോനു(26) വാണ് അറസ്റ്റിലായാത്. നേരം സ്വദേശിയായ പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഉപേക്ഷിച്ചെന്ന പരാതിയിൽ അറസ്റ്റു ചെയ്തപ്പോഴാണ് സോവിന്റെ സ്ഥിരം പരിപാടിയാണ് ഇതെന്ന് വ്യക്തമായത്.

ഷോപ്പിങ് കോംപ്ലക്‌സുകൾ പോലുള്ള സ്ഥലങ്ങളിൽ മുറിയെടുത്തശേഷം അവിടെ കടകളിൽ ജോലിക്കു നിൽക്കുന്ന പെൺകുട്ടികളുമായി അടുപ്പത്തിലാവുകയാണ് ഇയാളുടെ രീതി. കൂട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടികളുടെ സ്വർണാഭരണങ്ങൾ വാങ്ങി വിറ്റാണു ജീവിച്ചിരുന്നത്. പണം തീരുമ്പോൾ പെൺകുട്ടികളെ ഉപേക്ഷിക്കുകയാണു പതിവ്. ഇയാൾക്കെതിരെ നെടുമങ്ങാട്, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വശീകരിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ കൊണ്ടുപോയി താമസിപ്പിച്ചു പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. നേമം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടി തിരിച്ചെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സോനു അറസ്റ്റിലായത്. ഈ മാസം 17 നാണ് പെൺകുട്ടിയെ കാണാതായതായി നേമം പൊലീസിൽ പരാതി ലഭിക്കുന്നത്.

ട്രെയിൻ മാർഗമാണ് ആന്ധ്രാപ്രദേശിലെത്തിച്ചതെന്നു പെൺകുട്ടി പൊലീസിന് മൊഴി നൽകി. നേരത്തെ ഇതുപോലെ മറ്റൊരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി താമസിപ്പിച്ചുവരവെയാണു നേമം സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. പെൺകുട്ടി തിരിച്ചെത്തിയ ശേഷം ഇയാൾക്കായി അന്വേഷണം നടക്കുന്നതിനിടെ പാപ്പനംകോട്ട് തട്ടുകടയിൽ ഇയാൾ ജോലിക്കെത്തിയതായി വിവരം ലഭിച്ചു. ഇതറിഞ്ഞെത്തിയ പൊലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു.