മസ്‌കറ്റ്: ഗൾഫ് മേഖലയിൽ പ്രതിസന്ധി മുറുകുന്നതോടെ ആയിരക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് തിരികെ എത്തുന്നത്. സൗദിയിലെ നിതാഖതും ഖത്തർ പ്രതിസന്ധിയും അടക്കം ഗൾഫ് സാമ്പത്തിക രംഗത്തെ മാന്ദ്യം ഏറ്റവും അധികം ബാധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളെയാണ്. സാങ്കേതിക വൈദഗ്ധ്യം കൂടിയ മേഖലയിലേക്കാണ് മലയാളി യുവാക്കൾ അടക്കമുള്ളവർ ഗൾഫിൽ ജോലിക്കെന്നത്. എന്നാൽ, ഒമാനിൽ കൂടി വിസാ നിരോധനം ഏർപ്പെടുത്തിയതോടെ മലയാളികളുടെ ഗൽഫ് മോഹങ്ങൾ അവസാനിക്കുകയാണ്.

ഒമാനിൽ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികൾക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഇത്തരവ് പുറത്തിറക്കി.ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിൻ നാസ്സർ അൽ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഐ.ടി., അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, മാർക്കറ്റിങ് ആൻഡ് സെയിൽസ്, അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ്, ഇൻഷുറൻസ്, ഇൻഫർമേഷൻ ആൻഡ് മീഡിയ, മെഡിക്കൽ, എൻജിനീയറിങ്, ടെക്നിക്കൽ, എയർപോർട്ട് എന്നീ വിഭാഗങ്ങളിലെ തസ്തികകളിലാണ് നിരോധനം. ഇന്ത്യക്കാരടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസ നിരോധനം സാരമായി ബാധിക്കും. സ്വകാര്യ മേഖലയിലെ 10 തൊഴിൽ വിഭാഗങ്ങളിലായുള്ള തസ്തികകൾക്കാണ് വിലക്ക് ബാധകം.

പുരുഷ നഴ്‌സ്, ഫാർമസിസ്റ്റ് അസിസ്റ്റന്റ്, ആർക്കിടെക്ട്, സിവിൽ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങി മലയാളികൾ കൂടുതലായി ജോലിചെയ്യുന്ന തസ്തികകൾ വിലക്കിന്റെ പരിധിയിലുണ്ട്. അതിനാൽ പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് ഒമാൻ സർക്കാറിന്റെ തീരുമാനം തിരിച്ചടിയാകും.

നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഉടമകൾ മുഴുസമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങൾ മാത്രമാകും വിലക്കിന്റെ പരിധിയിൽനിന്ന് ഒഴിവാകുക. ക്ലീനർ, നിർമ്മാണത്തൊഴിലാളി, കാർപന്റെർ തുടങ്ങിയ തസ്തികകളിൽ ഒമാനിൽ വിസ നിരോധനം നിലവിലുണ്ട്. 2013 നവംബറിൽ ഏർപ്പെടുത്തിയ ഈ വിസ നിരോധനം ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കിവരുകയാണ് ചെയ്യുക.

സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന കഴിഞ്ഞ ഒക്‌ടോബറിലെ മന്ത്രിസഭ കൗൺസിൽ തീരുമാനത്തിന്റെ തുടർച്ചയായാണ് താൽക്കാലിക വിസ നിരോധനം. ഡിസംബറിൽ ആരംഭിച്ച ഊർജിത സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഇതിനകം പതിനായിരത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.

നിരോധനമുള്ള പ്രധാന തസ്തികകൾ

1 ഐ.ടി.

* കംപ്യൂട്ടർ എൻജിനീയറിങ്

* ഗ്രാഫിക് ഡിസൈനർ

*കംപ്യൂട്ടർ പ്രോഗ്രാമ്മർ

* കംപ്യൂട്ടർ ഓപ്പറേറ്റർ

* ഇലക്ട്രോണിക്സ് ടെക്നീഷ്യൻ

2 അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്

*കോസ്റ്റ് അക്കൗണ്ടന്റ്

* ഇൻഷുറൻസ് കളക്ടർ

*അക്കൗണ്ട് ഓഡിറ്റിങ് ടെക്നീഷ്യൻ

3 മാർക്കറ്റിങ് ആൻഡ് സെയിൽസ്

* സെയിൽസ് സ്പെഷ്യലിസ്റ്റ്

*കമേഴ്സ്യൽ മാനേജർ

*കമേഴ്സ്യൽ ഏജന്റ്

4 അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ്

* ബിസിനസ് അഡ്‌മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്

* പബ്ലിക് റിലേഷൻ സ്പെഷ്യലിസ്റ്റ്

* ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റ്

5 ഇൻഷുറൻസ്

*ഇൻഷുറൻസ് ഏജന്റ്

6. ഇൻഫർമേഷൻ ആൻഡ് മീഡിയ

* മീഡിയ സ്പെഷ്യലിസ്റ്റ്

* അഡ്വെർടൈസിങ് ഏജന്റ്

* പ്രസ് ഓപ്പറേറ്റർ

7 മെഡിക്കൽ

* മെയിൽ നഴ്സ്

* ഫാർമസിസ്റ്റ് അസിസ്റ്റന്റ്

* മെഡിക്കൽ കോ-ഓർഡിനേറ്റർ

8 എയർപോർട്ട് പ്രൊഫഷൻ

* എയർ ട്രാഫിക് കൺട്രോളർ

* ഏവിയേഷൻ ഓഫീസർ

* ഗ്രൗണ്ട് സ്റ്റീവാർഡ്

* ലാൻഡിങ് സൂപ്പർവൈസർ

9 എൻജിനീയറിങ്

* ആർക്കിടെക്ട്

* സിവിൽ, ഇലക്ട്രോണിക്, മെക്കാനിക്കൽ എൻജിനീയർ

* പ്രോജക്ടസ് എൻജിനീയർ

10 ടെക്നിക്കൽ

*ബിൽഡിങ് ടെക്നീഷ്യൻ

* ഇലക്ട്രോണിക് ടെക്നീഷ്യൻ

*മെക്കാനിക്കൽ ടെക്നീഷ്യൻ

* റോഡ് ടെക്നീഷ്യൻ

* ഇലക്ട്രിക്കൽ ടെക്നീഷ്യൻ