ആലപ്പുഴ: ആലപ്പുഴ രൂപതയിലെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി മോൺ. ജയിംസ് ആനാപറമ്പിലിനെ മാർപാപ്പ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം 4.30നു വത്തിക്കാനിൽ പ്രഖ്യാപനം നടന്നു. രൂപതയിലെ നാലാമത്തെ ബിഷപ്പാണു മോൺ. ജയിംസ് ആനാപറമ്പിൽ. ഫെബ്രുവരി 11നു മൂന്നിന് ആലപ്പുഴ കത്തീഡ്രൽ പള്ളിയിൽ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കും.

അമലോത്ഭവ മാതാവിന്റെ ദർശനത്തിരുനാൾ തലേന്ന് ആലപ്പുഴ കത്തീഡ്രൽ പള്ളിയിൽ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. ഇന്നലെ വൈകിട്ട് ആലപ്പുഴ കത്തീഡ്രൽ മന്ദിരത്തിൽ ചേർന്ന വൈദികരുടെ യോഗത്തിലാണ് ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ മാർപാപ്പയുടെ തീരുമാനം അറിയിച്ചു.

ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. വിൻസെന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിയുക്ത ബിഷപ്പിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്റെ കാർമികത്വത്തിൽ നടന്ന ശുശ്രൂഷയ്ക്കു ശേഷം നിയുക്ത മെത്രാൻ കൃതജ്ഞത അർപ്പിച്ചു. സഭയിൽ നഷ്ടപ്പെടുന്ന മക്കളും നഷ്ടപ്പെടുന്ന പിതാക്കന്മാരും ഉണ്ടാകാൻ പാടില്ലെന്നും ദൈവജനത്തെ നഷ്ടപ്പെടുത്താതെ വളർത്താൻ പരിശ്രമിക്കുമെന്നും മറുപടി പ്രസംഗത്തിൽ നിയുക്ത ബിഷപ് പറഞ്ഞു.

കൊച്ചി കണ്ടക്കടവ് ആനാപറമ്പിൽ വീട്ടിൽ റാഫേലിന്റെയും ബ്രിജീത്തയുടെയും മകനായി ജയിംസ് റാഫേൽ 1962 മാർച്ച് ഏഴിനാണു ജനിച്ചത്. 1986 ൽ ബിഷപ് ഡോ. പീറ്റർ ചേനപ്പറമ്പിലിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു. നിലവിൽ കേരള കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ആസ്ഥാനമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ബൈബിൾ പരിഭാഷാ പണ്ഡിത സമിതി അംഗമാണ്.

ആലപ്പുഴ രൂപതാ വികാരി ജനറൽ, ആലുവ കാർമൽഗിരി സെന്റ് ജോസഫ് സെമിനാരി അദ്ധ്യാപകൻ, റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും യഹൂദ പഠനത്തിൽ പോസ്റ്റ് മാസ്റ്റർ ഡോക്ടറേറ്റും നേടിയ മോൺ. ജയിംസ് ആനാപറമ്പിലിനു 12 ഭാഷകൾ വശമുണ്ട്.