കൊച്ചി: സ്വന്തമായി പാസ്‌പോർട്ട് പോലും ഇല്ലാത്ത ആളായിരുന്നു പ്രധാന പ്രവാസി സംഘടനയുടെ രക്ഷാധികാരി. മോൻസൺ മാവുങ്കലിന് പ്ലസു ടു യോഗ്യത ഉണ്ടോ എന്നതും സംശയം. എന്നിട്ടും ഡോക്ടർ പദവി ഉപയോഗിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്താൻ വ്യാജ രേഖകളും ഉണ്ടാക്കിയെന്നാണ് പരാതി. ഡോക്ടർ പദവി ഉപയോഗിച്ചതും ക്രിമിൽ കുറ്റം. ഇതിനൊപ്പമാണ് പുരാവസ്തുക്കളുടെ പേരിൽ നടത്തിയ തട്ടിപ്പ്. ഇത്രയൊക്കെയായിട്ടും ഇപ്പോഴും സാമ്പത്തിക തട്ടിപ്പ് മാത്രമേ പൊലീസ് മോൻസണെതിരെ ചാർജ് ചെയ്തിട്ടുള്ളൂ. ഒട്ടനവധി കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സാധ്യതകൾ ഉണ്ടായിട്ടും അത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. യൂദാസിന്റെ വെള്ളിക്കാശെന്നു പറഞ്ഞ് മോൻസൺ ആളുകളെ കാണിച്ച 2 നാണയങ്ങളിൽ ഇംഗ്ലിഷിൽ എംപി എന്നെഴുതിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക്, ഒരു എഡിജിപിക്കു തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തി പുരസ്‌കാരം നൽകി മോൻസൺ. പക്ഷേ, ചടങ്ങിന്റെ ഫോട്ടോ കണ്ടാൽ, മോൻസണ് എഡിജിപി പുരസ്‌കാരം നൽകുന്നതു പോലെയാണ്. ഈ ഫോട്ടോയും തട്ടിപ്പിനുപയോഗിച്ചിരിക്കാമെന്നു പൊലീസ് കരുതുന്നു. പൊലീസ് ആസ്ഥാനത്ത് വലിയ സ്വാധീനമുണ്ടായിരുന്നു. തൃശൂരുകാരിയായ യുവതിയാണ് പൊലീസ് ആസ്ഥാനത്തെ പ്രമുഖരെ മോൻസണുമായി അടുപ്പിച്ചത്. മോൻസൻ, 2018 മുതൽ ഇരയാക്കിയവരുടെ ഒട്ടേറെ പരാതികൾ പൊലീസിന് കിട്ടി കഴിഞ്ഞു. ഇതെല്ലാം വെറും സാമ്പത്തിക തട്ടിപ്പ് കേസുകളായി രജിസ്റ്റർ ചെയ്യാനാണ് നീക്കം. ഇതിലൂടെ മോൻസണ് അതിവേഗ ജാമ്യം കിട്ടും.

മുൻ ഡിഐജി സുരേന്ദ്രൻ, ഐജി ലക്ഷ്മണ തുടങ്ങിയവരിലേക്ക് പോലും ഈ അന്വേഷണം നീട്ടേണ്ടി വരും. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവരുമായി മോൻസണുള്ള ബന്ധം വ്യക്തമായിരുന്നു. മുൻ ഡിജിപി ശ്രീലേഖയുമായി അടുപ്പമുണ്ടായിരുന്നു. ഇതെല്ലാം പൊലീസിലെ മോൻസണിന്റെ സ്വാധീനത്തിനുള്ള തെളിവാണ്. ഡോക്ടർ എന്ന പേര് വ്യാജമായി ഉപയോഗിച്ച് ചികിൽസ നടത്തിയതിന് പോലും ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പൊലീസിന് കഴിയും. എന്നാൽ ഇതിലേക്കൊന്നും കടക്കുന്നുമില്ല.

പുരാവസ്തുക്കൾ സ്വകാര്യ ഭൂമിയിൽ നടത്തിയ ഖനനത്തിൽ കണ്ടെടുത്തതായാൽപ്പോലും പുരാവസ്തുവകുപ്പിനാണ് അതിൽ അധികാരം. ഇവ കൈവശം വയ്ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ പ്രത്യേക റജിസ്‌ട്രേഷനും ആവശ്യമാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള വ്യക്തികൾക്കു മാത്രമേ നിലവിൽ ഇത്തരം വസ്തുക്കൾ സൂക്ഷിക്കാൻ സാധിക്കൂ. ഇതൊന്നും മോൻസണ് ഉണ്ടായിരുന്നില്ല. രണ്ടുവർഷത്തെ ലൈസൻസ് കാലാവധി തീർന്നാൽ ആറുമാസം വരെ ആ വ്യക്തിക്കു പുരാവസ്തുക്കൾ കൈവശം വയ്ക്കുകയോ ലൈസൻസുള്ള മറ്റൊരാൾക്കോ അംഗീകൃത മ്യൂസിയത്തിനോ വിൽക്കുകയോ ചെയ്യാം.

കേന്ദ്രസർക്കാരിനോ സർക്കാരിനു കീഴിലുള്ള ഏജൻസികൾക്കോ മാത്രമാണ് വിൽപനയ്ക്ക് അനുമതി. വിൽക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയുള്ളവ മാത്രമേ വിൽക്കാവൂ. അല്ലാതെയുള്ള വിൽപനയ്ക്ക് ആറു മാസം തടവും പിഴയുമാണു ശിക്ഷ. ഇത്തരം പുരാവസ്തുക്കളും പിടിച്ചെടുക്കും. സമിതിയുടെ അനുമതിയില്ലാത്ത വിൽപന ശിക്ഷാർഹമാണ്. ആറുമാസം മുതൽ 3 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. കയ്യിലുള്ള മുഴുവൻ വസ്തുക്കളുടെയും കൃത്യമായ പട്ടിക തയാറാക്കി ഓരോന്നിന്റെയും ഫോട്ടോയും വിശദാംശങ്ങളുമടക്കം പുരാവസ്തു വകുപ്പിനു സമർപ്പിച്ചാണ് ലൈസൻസ് നേടേണ്ടത്.

ലൈസൻസില്ലെന്നു കണ്ടെത്തിയാൽ അവ പിടിച്ചെടുക്കാനും വകുപ്പിന് അധികാരമുണ്ട്. ഇവ പുരാവസ്തുക്കളല്ലെങ്കിൽ നിയമനടപടിയും സ്വീകരിക്കാം. ഏതെങ്കിലും ഒരുവസ്തു പുരാവസ്തുവെന്ന് ഉറപ്പിക്കാനോ ഇത്തരത്തിൽ അവകാശപ്പെട്ട് ആളുകൾ സമീപിച്ചാൽ കാലഗണനയുംചരിത്രപ്രാധാന്യവും കണ്ടെത്തി വിലയിരുത്താനും പുരാവസ്തു വകുപ്പിനെ സമീപിക്കാം. പഴശ്ശിരാജ ഉപയോഗിച്ച വാൾ, അംഗവസ്ത്രം, ഉണ്ണിയാർച്ചയുടെ ആഭരണം തുടങ്ങിയ അവകാശവാദങ്ങളുമായി എത്തുന്നവരേറെയാണ്. എന്നാൽ ഇത്തരത്തിൽ ഉറപ്പിക്കാൻ ധാരാളം പഠനങ്ങൾ ആവശ്യമാണെന്നതാണ് വസ്തുത.