- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവുങ്കലിനെതിരെ ചുമത്തിയ ആറു കേസുകളിലും ഉന്നത ബന്ധങ്ങൾ ചർച്ചയാകില്ല; അനിത പുല്ലയിലിനെതിരെ അന്വേഷണം നീണ്ടാൽ മറ്റൊരു സ്വർണ്ണ കടത്തായി 'പുരാവസ്തു' തട്ടിപ്പും മാറും; ബെഹ്റയേയും പൊലീസുകാരേയും വെറുതെ വിട്ട് തട്ടിപ്പുകാരനെ മാത്രം പ്രതിയാക്കും; കൊക്കൂൺ മീറ്റിൽ മാവുങ്കൽ എത്തിയത് വൻ ദുരൂഹത; പൊലീസ് പ്രതിക്കൂട്ടിൽ തന്നെ
കൊച്ചി: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അന്വേഷണം ഇറ്റാലിയൻ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീളില്ലെന്ന് ഉറപ്പാക്കാൻ പൊലീസിനുള്ളിൽ കള്ളക്കളികൾ. മുഖ്യമന്ത്രിയുടെ ഓഫീസിലും അനിതയ്ക്ക് ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിൽ പൊലീസും കരുതലുകൾ എടുക്കുന്നത്. മറ്റൊരു സ്വർണ്ണ കടത്തു കേസായി ഇത് മാറരുതെന്ന നിർബന്ധം പൊലീസിലെ ചിലർക്കുണ്ട്. പൊലീസിലെ ഉന്നതരും കുടുങ്ങും. ആറു കേസുകളാണ് ഇതുവരെ മാവുങ്കലിനെതിരെ എടുത്തിട്ടുള്ളത്. ഈ കേസുകളൊന്നും പ്രമുഖർക്ക് ഭീഷണിയുണ്ടാകുന്നതുമല്ല.
പൊലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റയുമായും നിലവിൽ പൊലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവർക്ക് വലിയ അടുപ്പമാണുള്ളത്. ഏറ്റവും മുതിർന്ന പൊലീസ് ഓഫീസർമാരുമായി ഇവർ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പലവട്ടം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. പരമപ്രധാന പൊലീസ് ഓഫീസുകളിലും എത്തിയിട്ടുണ്ട്. സൈബർ സുരക്ഷയുടെ കൊക്കൂൺ മീറ്റിൽ ഇവർ മോൻസൺ മാവുങ്കലുമായാണ് എത്തിയത്. അതായത് വലിയ സുരക്ഷാ വീഴ്ചകൾ അവിടെ സംഭവിച്ചു. ഇതെല്ലാം പരിശോധിച്ചാൽ പലരും കുടുങ്ങും. അതിനിടെ പ്രവാസി വ്യവസായിയുടെ പേരിൽ മറ്റു ചിലരും മാവുങ്കലുമായി ചേർന്ന് തട്ടിപ്പിന് ശ്രമിച്ചെന്ന് സൂചനയുണ്ട്.
അനിതയുടെ ശക്തമായ ഇടപെടലാണ് മോൻസന്റെ തട്ടിപ്പുകൾ പുറത്തുവരാൻ കാരണമായതെന്നുള്ള വാദങ്ങളുമുണ്ട്. മാധ്യമങ്ങളിൽ അനിത നേരിട്ടു വന്ന് തട്ടിപ്പിനെതിരേ തുറന്നു സംസാരിക്കുന്നുമുണ്ട്. എന്നാൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം നടത്തിയാൽ പൊലീസ് ഉന്നതർക്ക് മേലുള്ള കുരുക്ക് മുറുകും. അതുകൊണ്ടുതന്നെ അന്വേഷണം അനിതയിലേക്ക് എത്താതെ പിടിച്ചുനിർത്താനുള്ള സമ്മർദവും ക്രൈംബ്രാഞ്ചിനുമേലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായും ഇവർക്ക് ബന്ധമുണ്ട്. അങഅങനെയാണ് ലോക കേരള സഭയിൽ ഇവർ അംഗമായത്.
പ്രതിനിധിയാകാൻ വേണ്ട മാനദണ്ഡമാണ് പ്രവാസി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. ഇത് അന്വേഷിക്കണമെന്ന് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും ആവശ്യപ്പെടുന്നുണ്ട്. അനിതയെ പ്രതിനിധിയാക്കാൻ പൊലീസ് തലപ്പത്തെ ചിലരുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുപ്പമാണ് പൊലീസ് ആസ്ഥാനവുമായി അനിതയെ അടുപ്പിച്ചതെന്ന വാദവും ശക്തമാണ്. സർക്കാരിന്റെയും പൊലീസിന്റെയും മറ്റു പല പരിപാടികളിലും ഇവർ പ്രതിനിധിയായി എത്തിയിട്ടുണ്ട്. ഇതിലേക്ക് ആര് ക്ഷണിച്ചു, എന്തായിരുന്നു പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം എന്നെല്ലാം പരിശോധിക്കേണ്ടതായും വരും.
ലോക കേരള സഭയിൽ നിന്ന് അനിതിയെ പ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് ഒരുവിഭാഗം പ്രവാസികളുെട ആവശ്യം. പ്രവാസി മലയാളി ഫെഡറേഷനിലേക്ക് ഇവരുടെ വരവ്, വിദേശത്തെ ജോലി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പ്രവാസികൾക്കിടയിൽ വലിയ സംവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമാണ്. സൈബർ ഡോമിന്റെ നേതൃത്വത്തിലാണ് കൊക്കൂൺ മീറ്റ് നടക്കുന്നത്. സൈബർ സുരക്ഷയിലെ അതിനിർണ്ണായക തീരുമാനം എടുക്കുന്ന വേദിയിൽ എങ്ങനെ മാവുങ്കൽ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. പ്രവാസിയായ അനിതയും ഈ വേദിയിൽ എത്തേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത.
ആകെ ആറു കേസുകൾ
മോൻസൺ മാവുങ്കലിനെതിരേ നിലവിലുള്ളത് ആറ്് കേസുകൾ മാത്രം. ഒരാഴ്ച മുമ്പ് വരെ രണ്ടു കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. യാക്കൂബ് പുറായിൽ അടക്കമുള്ള ആറുപേരെ ചതിച്ച് 10 കോടി രൂപ തട്ടിയെടുത്തതാണ് ആദ്യ കേസ്. പുരാവസ്തു വിറ്റവകയിൽ കോടികൾ അക്കൗണ്ടിൽ വന്നുകിടപ്പുണ്ടെന്നും ഇത് ആർ.ബി.ഐ. തടഞ്ഞുവെച്ചിരിക്കുകയാണെന്നും തുക റിലീസ് ചെയ്തു കിട്ടാൻ സഹായിക്കണമെന്നും പറഞ്ഞാണ് പണം തട്ടിയത്.
മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ കേസ്. ഇതു കൂടാതെ, മോൻസണ് ശില്പങ്ങളുണ്ടാക്കി നൽകിയ സുരേഷ് നൽകിയ പരാതിയിലും, 'സംസ്‌കാര ടി.വി.'യുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയ പരാതിയിലും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ ഇരയെ ഹണി ട്രാപ്പിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് മോൻസണെതിരെ കേസ് എടുത്തിട്ടുണ്ട്. കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ നഗ്‌നദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻപിള്ളയെ തട്ടിച്ച് 6.27 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പന്തളം പൊലീസ് സ്റ്റേഷനിൽ ഒരു കേസ് മോൻസണെതിരേ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് മോൻസൺ നൽകിയ പരാതിയിൽ രാജേന്ദ്രൻ പിള്ളയ്‌ക്കെതിരേ ചേർത്തല പൊലീസും കേസെടുത്തു. ഈ രണ്ട് കേസുകളും നിലവിൽ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ