ന്ത്യയിലെത്തിയ കറൻസി മാറി സന്തോഷത്തോടെ യാത്ര പുറപ്പെടുമ്പോൾ ഇങ്ങനെയൊരു പുലിവാല് പിടിക്കുമെന്ന് ഈ വിനോദ സഞ്ചാരികൾ കരുതിയില്ല. നോട്ടസാധുവാക്കലിനെത്തുടർന്ന് പെരുവഴിയിലായിപ്പോയവരുടെ കൂട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെതത്തിയ സഞ്ചാരികളുമുണ്ട്. ഒരുമുന്നറിയിപ്പുമില്ലാതെ ഒറ്റ രാത്രികൊണ്ട് കറൻസികൾ അസാധുവാക്കുന്നതെങ്ങനെയെന്ന് ചോദിക്കുകയാണ് ഈ സായിപ്പന്മാരും മദാമ്മകളും.

ഇന്ത്യയിലേറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ആഗ്ര. താജ്മഹൽ കാണാൻ ആഗ്രഹിച്ചെത്തുന്ന പലരും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ടിക്കറ്റ് കൗണ്ടറിൽ നിൽക്കുമ്പോഴാണ് 1000-ഉം 500-ഉം പിൻവലിച്ച കാര്യമറിയുന്നത്. തിരക്കേറിയ സീസണായതിനാൽ പഴയ നോട്ടുകൾ സ്വീകരിക്കാമെന്ന് അധികൃതർ തീരുമാനിച്ചിരുന്നു.എന്നാൽ, പഴയ നോട്ടുകൾ കൗണ്ടറിൽ സ്വീകരിക്കുമെന്നറിഞ്ഞതോടെ കള്ളപ്പണക്കാരൊന്നടങ്കം കൗണ്ടറിലൂടെ പണം മാറ്റുകയും ചെയ്തു.

നവംബർ പത്തിനും 11-നും ഫത്തേപ്പുർ സിക്രിയിലെ ടിക്കറ്റ് വിൽപ്പനയിൽ 3800 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ശരാശരി ഒരുദിവസം വിദേശികൾക്കുള്ള 197 ടിക്കറ്റുകൾ വിറ്റുപോയിരുന്ന ഫത്തേപ്പുർ സിക്രിയിൽ 7613 ടിക്കറ്റുകളാണ് ചെലവായത്. ഓരോ ടിക്കറ്റിനും ആറുമാസത്തെ കാലാവധിയുണ്ടെന്നതാണ് കള്ളപ്പണക്കാർ ഉപയോഗിച്ചത്. പഴയ നോട്ടുകൾ കൊടുത്ത് ട്രാവൽ ഏജന്റുമാരിലൂടെ വൻതോതിൽ ടിക്കറ്റ് വാങ്ങുകയാണ് അവർ ചെയ്തതെന്ന് അധികൃതർ സംശയിക്കുന്നു.

ഇതിനൊരു പ്രതിവിധി അധികൃതർ പെട്ടെന്നുതന്നെ കണ്ടെത്തി. പഴയ നോട്ടുകൾ നൽകി വാങ്ങിയ ടിക്കറ്റുകൾക്ക് ആറുമാസം കാലാവധിയുണ്ടാകില്ലെന്നും ഒരാഴ്ച മാത്രമേ കാലാവധിയുണ്ടാകൂ എന്നും നവംബർ 12-ന് നിർദ്ദേശമിറക്കി. അതോടെ ടിക്കറ്റ് വാങ്ങലും നിലച്ചു. പഴയ നോട്ടുകൾ എടുക്കാതായതോടെ, വിദേശികൾ വലിയതോതിൽ കഷ്ടപ്പെടാനും തുടങ്ങി. ആഗ്രയിലെ ഫോറിൻ എക്‌സ്‌ചേഞ്ച് ഷോപ്പുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. കരകൗശല വസ്തുക്കൾ കിട്ടുന്ന ഷോപ്പുകൡ പലയിടത്തും കാർഡ് പേയ്‌മെന്റില്ലാത്തതും വിദേശികളെ വലയ്ക്കുന്നു.

ടൂറിസ്റ്റുകളെ പലരെയും കറൻസി അസാധുവാക്കൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വിവരമറിയാതെ ഇന്ത്യയിലെത്തിയ പലർക്കും തുടക്കത്തിൽ ഏറെ കഷ്ടപ്പെടേണ്ടിവന്നു. മണിക്കൂറുകൾ ക്യൂ നിന്ന് കറൻസി മാറ്റിയെടുത്ത് സ്ഥലങ്ങൾ കാണാനിറങ്ങിയവർക്ക് കാർഡിലൂടെ ഇടപാട് നടത്തുന്ന സ്ഥാപനങ്ങളും തേടിനടക്കേണ്ടിവന്നു.