- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈ ക്ലബ് എന്ന വ്യാജ കമ്പനിയുടെ പേരിൽ മണി ചെയിൻ തട്ടിപ്പ്; കോഴിക്കോട്ടെ കമ്പനി നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 100 കോടിയോളം; പിടിയിലായ യുവാവ് വെറും കണ്ണി മാത്രം; തട്ടിപ്പിന് പിന്നിലെ വമ്പന്മാരെ തേടി അന്വേഷണസംഘം
കണ്ണൂർ: നൂറ് കോടിരൂപയുടെ മണിചെയിൻ നെറ്റ് വർക്ക് മാർക്കിറ്റിങ്ങ് തട്ടിപ്പിന് പിടിയിലായ യുവാവിനെ കൂടാതെ മറ്റുചില പ്രമുഖരും തട്ടിപ്പിൽ കണ്ണികളാണെന്ന് പൊലിസ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിലുള്ള ചിലരും ഈ തട്ടിപ്പിന് ഒത്താശ നൽകിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്.
നൂറുകോടിയുടെ മണിചെയിൻ തട്ടിപ്പുകേസിൽ പിടിയിലായ യുവാവ് വെറുമൊരു കണ്ണി മാത്രമാണെന്ന് അന്വേഷണ സംഘത്തിന് തുടക്കത്തിലെ വ്യക്തമായിരുന്നു. കേസിലെ വൻസ്രാവുകൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടുപോയിരിക്കാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
മണിചെയിൻ മാതൃകയിൽ കേരളത്തിലെ പലയിടങ്ങളിൽ നിന്നായി നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിലായിട്ടുണ്ട്. മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാ(40)യാണ് കൂത്തുപറമ്പ ഇൻസ്പെക്ടർ വി. എ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്. സംസ്ഥാനത്ത് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്ത് നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ കോടികളുടെ തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്ലബ് ട്രഡേഴ്സ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ പൊലിസ് അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനിയില്ലെന്ന് വ്യക്തമാവുകയായിരുന്നു.പ്രിൻസസ് ഗോൾഡ് ഡയമണ്ട് എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും ഇയാൾ നിക്ഷേപം സ്വീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് നിക്ഷേപകരാണ് ഫൈസലിന്റെ കെണിയിൽ വീണത്.
ഒരുലക്ഷംമുതൽ ഒരു ഒന്നര കോടിവരെ നിക്ഷേപിച്ചവരുണ്ട്. ഇതിന്റെ പലിശയും മുതൽമുടക്കിന്റെ ലാഭവിഹിതവുമായി ഓരോമാസവും വൻതുക തിരിച്ചുകിട്ടുമെന്നായിരുന്നു വാഗ്ദ്ധാനം. നിക്ഷേപകരെ മോഹനവാഗ്ദാനങ്ങളുമായി വലയിലാക്കാൻ ഇയാൾ ഓരോജില്ലയിലും ഏജന്റുമാരെയും നിയോഗിച്ചിരുന്നു. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ അപ്ളിക്കേഷനും പാസ്വേഡും നൽകും. ആദ്യം ചെറിയ തുക ലാഭവിഹിതമായി നൽകി വിശ്വാസ്യത പിടിച്ചുപറ്റി കൂടുതൽ പണം നിക്ഷേപകരിൽ നിന്നും സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും ആർക്കും പണം ലഭിക്കാതെയായതോടെയാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.
ഇയാളുടെ വലയിൽ കുടുങ്ങിയ കൂത്തുപറമ്പ് മേഖലയിലെ നിക്ഷേപകരാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇതിനെ തുടർന്ന് അസി. പൊലിസ് കമ്മിഷണർ പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിക്കുകയായിരുന്നു. പൊലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് സൈബർ പൊലിസിന്റെ സഹായത്തോടെ പ്രതിക്കായി വലവിരിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമ്പിനിയുടെ സി. ഇ.ഒയായ മുഹമ്മദ് ഫൈസലിനെ മലപുറത്തു നിന്നും തന്ത്രപരമായി പിടികൂടിയത്. ഇയാൾ ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്.
തൃശൂർ, ആലപ്പുഴ ,വയനാട്, കണ്ണൂർ, കാസർകോട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളിലും ഫൈസലിനെതിരെ സമാനമായ കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു. മട്ടന്നൂർ കയനി സ്വദേശിയായ മുഹമ്മദലിയാണ് കേസിലെ ഒന്നാം പ്രതി. കൂടാതെ പന്ത്രണ്ടോളം ഡയറക്ടർമാരും കേസിലെ പ്രതികളാണ്. ഇവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലിസ്. ഫൈസലിനെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
നേരത്തെ കോയമ്പത്തൂർ കേന്ദ്രീകരിച്ചു ഒരുകടലാസ് കമ്പനി നടത്തിയ തട്ടിപ്പിൽ കോടികളാണ് കണ്ണൂർ ജില്ലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കടത്തിക്കൊണ്ടുപോയത്. ഈ കേസിൽ പൊലിസ് അന്വേഷണം നടന്നുവരികയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്