- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് മെസേജ്; തട്ടിപ്പു ശ്രമം വരന്തരപ്പള്ളി എസ്ഐ ചിത്തരഞ്ജന്റെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് വഴി; സംശയം തോന്നിയവർ ഉദ്യോഗസ്ഥനെ വിളിച്ചു ചോദിച്ചതോടെ തട്ടിപ്പു പുറത്തായി; എസ്ഐ സംഭവം സൈബർ സെല്ലിൽ അറിയിച്ചതോടെ ഫോൺപേ അക്കൗണ്ട് മരവിപ്പിച്ചു
തൃശൂർ: പൊലീസ് ഉദ്യോഗസ്ഥന്റെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവിശ്യപ്പെട്ട് മെസ്സേജ് അയച്ച് തട്ടിപ്പ്. സംഭവം ഉടൻ ശ്രദ്ധയിൽപെട്ടതിനാൽ ഒരാളൊഴികെ മറ്റാരും തട്ടിപ്പിനിരയായില്ല. വരന്തരപ്പള്ളി എസ്ഐ ചിത്തരഞ്ജന്റെ പേരിലാണ് ഫെയ്സ് ബുക്ക് അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ ചിലർ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് സംശയം പ്രകടിപ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
എസ്ഐ ചിത്തരഞ്ജന്റെ ഫോട്ടോ ഉപയോഗിച്ച് അതേ പേരിൽ അക്കൗണ്ട് നിർമ്മിച്ചായിരുന്നു തട്ടിപ്പ്. എസ്ഐയുടെ യഥാർത്ഥ ഫെയ്സ് ബുക്ക് അക്കൗണ്ടിലുള്ള സുഹൃത്തുക്കൾക്ക് വ്യാജൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളാക്കി. പിന്നീട് ഇവർക്ക് മെസ്സേജ് അയക്കുകയും സഹായം വേണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ആശുപത്രി ആവശ്യത്തിനായി അത്യാവശ്യമായി പണം വേണമെന്ന് മെസ്സേജ് അയക്കുകയായിരുന്നു.
8,000, 5000 തുടങ്ങീ തുകകളാണ് ആവിശ്യപ്പെട്ടത്. തുക അയക്കാനായി 8396921789 എന്ന ഫോൺ പേ നമ്പരും നൽകി. എന്നാൽ സംശയം തോന്നി പലരും എസ്ഐയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണ് എന്നറിഞ്ഞത്. ഉടൻ തന്നെ എസ്ഐ സംഭവം സൈബർ സെല്ലിൽ അറിയിക്കുകയും തൃശൂർ എസ്പിക്ക് പരാതി നൽകുകയും ചെയ്തു. വളരെ വേഗം തന്നെ ഫോൺപേ അക്കൗണ്ട് പൊലീസ് മരവിപ്പിക്കുകയും ചെയ്തു. ഒരാൾ 1000 രൂപ ഇതിനകം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.
തുടർന്ന് എസ്ഐ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ സംഭവത്തെ പറ്റി പോസ്റ്റ് ചെയ്തു. ഇതോടെ നിരവധിപേർ ഇത്തരത്തിൽ മെസ്സേജ് ലഭിച്ചു എന്ന വിവരവുമായി മുന്നോട്ട് വന്നു. തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ പേയിൽ കൊടുത്തിരിക്കുന്ന നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യു.പിയിലുള്ള ഒരാളുടെ പേരിലുള്ള നമ്പരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മുൻപ് കണ്ണൂരിൽ ഒരു സിഐയുടെ പേരിലും ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.
എസ്ഐ സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയായതിനാലും കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായതിനാലും എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അതിനാലാവും എസ്ഐയുടെ പേരിൽ തട്ടിപ്പ് നടത്താൻ വ്യാജന്മാർ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം. ജിത്തു ചിത്തരഞ്ജൻ എന്ന പേരിലുള്ള അക്കൗണ്ടന്റെ യൂസർ നെയിം ശക്തിസിങ് എന്നാണ്. അതിനാൽ ഇത് നോർത്ത് ഇന്ത്യയിൽ നിന്നുള്ള തട്ടിപ്പുകാരുതന്നെയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഫോൺ നമ്പറിന്റെ വിശദാംശങ്ങൾ വച്ച് യു.പി പൊലീസിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആരെങ്കിലും ഇത്തരം ചതികളിൽ പെട്ടിട്ടുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്രയും വേഗം വിവരം കൈമാറണമെന്ന് തൃശൂർ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.