- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തിക ജട്ടി.. ഇറിഡിയം... ഇരുതല മൂരി.. ഇപ്പോൾ സ്വർണ വെള്ളരിയും! സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകി തട്ടിയത് ലക്ഷങ്ങൾ; മലപ്പുറത്ത് യുവാവിന് നഷ്ടമായത് പതിനൊന്നര ലക്ഷം രൂപ; പിടിയിലായ തോമസ് വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്
മലപ്പുറം: ആടു തേക്കു മാഞ്ചിയം മോഡൽ തട്ടിപ്പുകൾ ഇഷ്ടം പോലെ ഇപ്പോഴും നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. കന്തിക ജട്ടി.. ഇറിഡിയം... ഇരുതല മൂരി.. ഇങ്ങനെ പോകുന്നു തട്ടിപ്പുകാർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. ഇപ്പോൾ ഏറ്റവും ഒടുവിൽ സ്വർണ്ണ വെള്ളരിയുടെ പേരിലും വൻ തട്ടിപ്പാണ് നാട്ടിൽ നടക്കുന്നത്. അത്തരം തട്ടിപ്പു സംഘത്തിൽ പെട്ട ഒരാളെ മലപ്പുറത്തു നിന്നും പിടിയിലായി. സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകി ലക്ഷങ്ങൾ തട്ടുന്ന ആസൂത്രിത സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന തെളിവാണ് പുറത്തുവന്നത്.
സ്വർണ വെള്ളരി തട്ടിപ്പിൽ മലപ്പുറത്ത് യുവാവിന് നഷ്ടമായത് പതിനൊന്നരലക്ഷം രൂപ. സ്വർണവെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന സംഘങ്ങൾ വിവിധ ജില്ലകളിൽ വ്യാപകമായി പ്രവർത്തിക്കുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം മലപ്പുറം പാണ്ടിക്കാട് സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയിൽ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വർണനിറത്തിലുള്ള വസ്തു സ്വർണവെള്ളരിയാണെന്നു പറഞ്ഞ് കബളിപ്പിച്ചാണ് പണം കൈപ്പറ്റിയത്. കേസെടുത്തതോടെ ഇയാൾ ഒളിവിൽപ്പോയി. വിവിധ ജില്ലകളിൽ സമാനരീതിയിലുള്ള കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
സമാനമായ രീതിയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടിയ മൂന്നുപേരെ നേരത്തെ വഴിക്കടവ് പൊലീസ് പിടികൂടിയിരുന്നു. സ്വർണവെള്ളരി തട്ടിപ്പിനെത്തുടർന്ന് 4.25 ലക്ഷംരൂപ നഷ്ടപ്പെട്ടതായ പെരിന്തൽമണ്ണ താഴേക്കോട് കുഴിക്കണ്ടത്തിൽ മുഹമ്മദലിയുടെ പരാതിയിലാണ് നേരത്തെ വഴിക്കടവ് പൊലീസ് കേസ് എടുത്തിരുന്നത്.
സലാം ഫാളിലി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് മുഹമ്മദലിയുടെ ഫോണിലേക്ക് വിളിച്ച് സ്വർണവെള്ളരി നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങിയത്.
സ്വർണവെള്ളരി നൽകാമെന്ന് വാഗ്ദാനം നൽകി മണ്ണാർക്കാട്ടെ പള്ളിഭാരവാഹിയിൽനിന്ന് 6.20 ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേരെ വഴിക്കടവ് പൊലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ്ചെയ്തിരുന്നുവെന്നും പറയുന്നു. കൊണ്ടോട്ടി നെടിയിരുപ്പ് കൂനൻവീട്ടിൽ ഹമീദ്(ജിമ്മ് ഹമീദ്-55), കൊണ്ടോട്ടി ചുങ്കം പുളിക്കത്തൊടി അൻവർ (31), മേലാറ്റൂർ തച്ചിങ്ങനാടം നെന്മിനി പിലാക്കൽ സബ്രഹ്മണ്യൻ (58) എന്നിവരെയാണ് പിടികൂടിയത്.
ഇവരെ അറസ്റ്റുചെയ്തവിവരം ട പുറത്തറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ആളുകൾ സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നതായി പൊലീസ് പറഞ്ഞിരുന്നു. ഗൂഡല്ലൂരിലെ ആദിവാസിക്ക് ലഭിച്ച സ്വർണവെള്ളരി വില കുറച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആളുകളെ സംഘം കെണിയിൽപ്പെടുത്തിരുന്നത്. ഇവരിൽ പത്തുലക്ഷം രൂപവരെ നഷ്ടപ്പെട്ടവരും ഉണ്ട്. കോയമ്പത്തൂരിൽ ലോഹക്കൂടിൽ നിർമ്മിച്ച വെള്ളരിക്ക് 2000 രൂപയാണ് വില. യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ പലരും ടെലിഫോൺ വഴിയാണ് പരാതിനൽകിയത്. മതപണ്ഡിതരും മതസ്ഥാപന നടത്തിപ്പുകാരുമാണ് പരാതിക്കാരിൽ അധികവുമെന്നും പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ