ആലപ്പുഴ: ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയ കേസിൽ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത ദമ്പതികൾ സിനിമാ നിർമ്മാതാവ് സർഗ്ഗചിത്ര അപ്പച്ചനെ കബളിപ്പിച്ചതും വളരെ സമർത്ഥമായി തന്നെ. ഇതിനായി അദ്ദേഹത്തെ മുംബൈയിൽ വരെ കൊണ്ടുപോയി എന്നാണ് പൊലീസ് അന്വേഷണത്ിൽ വ്യക്തമായത്. അപ്പച്ചന്റെ പേരിലുള്ള ഷോപ്പിങ് മാൾ വിൽക്കാമെന്ന് പറഞ്ഞു കൊണ്ടാണ് കബളിപ്പിക്കൽ നടത്തിയത്. ഇടുക്കി തോപ്രാംകുടി സ്വദേശി ജിയോ മാത്യു (37), ഭാര്യ ബിന്നി ജിയോ (35)എന്നിവരാണ് തട്ടിപ്പിന് പിന്നിലുണ്ടായിരുന്നത്.

ഇവർ നടത്തിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ടു നടത്തി അന്വേഷണത്തിലാണ് സിനിമാ നിർമ്മാതാവിനെ കബളിപ്പിച്ച വിവരങ്ങളും പുറത്തുവന്നത്. ആലപ്പുഴ സ്വദേശിയായ സ്വർഗചിത്ര അപ്പച്ചനാണ് നാല് വർഷം മുമ്പ് തട്ടിപ്പിനിരയായത്. അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാൾ 115 കോടി രൂപയ്ക്ക് വിൽപ്പന നടത്താമെന്നായിരുന്നു വാഗ്ദാനം. വടക്കൻ പറവൂർ സ്വദേശിയായ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമയ്ക്ക് വേണ്ടിയാണ് ഇടപാടെന്നും ചങ്ങനാശേരി, തിരുനൽവേലി ബിഷപ്പുമാരുടെ ഫണ്ടും ഇതിനായി ലഭിക്കുമെന്നുമാണ് ദമ്പതികൾ അപ്പച്ചനെ വിശ്വസിപ്പിച്ചത്.

വിൽപ്പന സംബന്ധിച്ച് കരാർ ഉണ്ടാക്കിയ ശേഷം മുംബൈയിൽ കൊണ്ടു പോയി. അവിടെ ഒരു പ്രമുഖ ബാങ്കിൽ വിൽപന തുകയുടെ ഒരു ശതമാനം അടച്ചാലേ മുഴുവൻ തുകയും ലഭിക്കുകയുള്ളെന്ന് പറഞ്ഞു. ഇതുപ്രകാരം 1.35 കോടി രൂപ അടപ്പിച്ചു. ഇതിൽ ഒരു കോടി വടക്കൻ പറവൂർ സ്വദേശിയുടെ പേരിലും 35 ലക്ഷം രൂപ ജിയോയുടേയും ബിന്നിയുടേയും അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിപ്പിച്ചത്.

50 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപ്പച്ചന് നൽകുകയും ചെയ്തു. നാട്ടിലെത്തി പണം എടുക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തട്ടിപ്പ് പുറത്താകുകയും അപ്പച്ചൻ പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ വടക്കൻ പറവൂർ സ്വദേശി പണം പൂർണമായും തിരികെ നൽകി. എന്നാൽ തങ്ങളെ വീടുകയറി ആക്രമിച്ചെന്നു കാട്ടി അപ്പച്ചനെയും മറ്റൊരാളേയും പ്രതിയാക്കി ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിരവധി തട്ടിപ്പുകൾ പുറത്തായതോടെ ദമ്പതികൾ ആലപ്പുഴയിലെ പുന്നമടഭാഗത്ത് വാടക വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. ബിന്നി ആലപ്പുഴ ആറാട്ടുവഴി സ്വദേശിയാണ്. പുന്നമടയിലെ വീട്ടിൽ ഇന്നലെ ജിയോയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘം ആതുരസേവന സൊസൈറ്റിക്കായി ഒരാൾ വീടും മൂന്ന് സെന്റ് ഭൂമിയും എഴുതി കൊടുത്തതിന്റെയും സ്വർണം പണയം വച്ചതിന്റെയുമൊക്കെ രേഖകൾ കണ്ടെടുത്തു. എട്ടുമാസമാണ് ഇരുവരും പുന്നമടയിൽ താമസിച്ചത്.

ഈ കാലയളവിൽ അയൽവാസിയായ ഒരാളെക്കൊണ്ട് ജിയോയുടെ പേരിൽ ഇന്നോവ കാർ വിലയ്ക്ക് വാങ്ങിപ്പിച്ചിരുന്നു. പ്രതിമാസം 40000 രൂപ വീതം നൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് കാർ വാങ്ങിപ്പിച്ചതെന്ന് മട്ടാഞ്ചേരി എസ്.എ ജോഷി പറഞ്ഞു. ചുള്ളിക്കൽ നോവേന പള്ളിക്ക് സമീപം മെഴുകുതിരി കച്ചവടക്കാരനായ ഷാജിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർക്കെതിരെ മറ്റ് നിരവധി പരാതികളും ഉണ്ട്. ഇവർക്കെതിരേയുള്ള കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ തൃശൂർ സ്വദേശിയായ പ്രേംകുമാർ എന്നയാളെ ഉപയോഗിച്ച് ഓൾ കേരള നിയമ സഹായ വേദിയുടെ പേരിൽ വ്യാജ പരാതികൾ നൽകുന്നതും പതിവായിരുന്നു. ഇതുകൊണ്ട് തന്നെ ഇവരെ പിടികൂടാൻ പൊലീസുകാർ ആരും മെനക്കെട്ടിരുന്നില്ല. ചില ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കി അതീവ രഹസ്യമായി നീങ്ങിയാണ് പ്രതികളെ പിടികൂടിയത്.

ആലപ്പുഴയിൽ ഹോളി ഏഞ്ചൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ ട്രസ്റ്റിൽ നിക്ഷേപിച്ചാൽ ഒരു കോടി രൂപ മടക്കി നൽകാമെന്നും വാഗ്ദാനം നൽകിയാണ് ഇവർ പണം തട്ടിയെടുത്തതിരുന്നത്. പാലാ സ്വദേശിയിൽ നിന്നും ഒമ്പത് ലക്ഷം രൂപയും സിനിമാ നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനിൽ നിന്ന് ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയിൽ നിന്ന് പതിനാറ് ലക്ഷം രൂപയും സമാനമായ രീതിയിൽ ഇവർ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. പാലക്കാട്, ചങ്ങനാശേരി, രാമപുരം, നടക്കാവ് സ്റ്റേഷനുകളിലും ഇവർക്കെതിരേ കേസുകൾ നിലവിലുണ്ട്.

വർഷങ്ങളായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവർ ആലപ്പുഴയിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. അറസ്റ്റിലായപ്പോഴും പ്രതികൾക്ക് ഒരു കൂസലുമില്ലെന്നതാണ് വസ്തുത. മൊബൈൽ ഫോൺ പിന്തുടർന്നാണ് ഇവരെ പിടികൂടിയതെന്നാണ് സൂചന. വാചകം അടിയുടെ മികവിലാണ് സർഗ്ഗ ചിത്ര അപ്പച്ചിനിൽ നിന്നടക്കം പ്രമുഖരിൽ നിന്നും ബിനി മോളെ മുൻനിർത്തി ഭർത്താവ് ജിയോ മാത്യു കോടികളുണ്ടാക്കിയത്.
പരാതിയായപ്പോഴും പൊലീസിൽ പിടികൊടുക്കാതെ തന്ത്രങ്ങളുമായി മുങ്ങി നടന്നു. ഇതിനിടെയിൽ പല പ്രമുഖരേയും സ്വാധീനിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.