- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർമി ഉദ്യോഗസ്ഥനായും സിനിമാക്കാരനായും ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ബിജു എബ്രഹാം തട്ടിയെടുത്തത് ലക്ഷങ്ങൾ; വലയിൽ വീണ സൗദി നേഴ്സിന് പണവും ജോലിയും നഷ്ടം; ജാമ്യത്തിലിറങ്ങി മുങ്ങിയ തട്ടിപ്പുകാരനെ പിടിക്കാതെ പൊലീസും
തിരുവനന്തപുരം: ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് നിരവധി പാവങ്ങളെ വഞ്ചിച്ച ബിജു എബ്രഹാം എന്ന തട്ടിപ്പുകാരനെ പിടിക്കാനാകാതെ കേരളാ പൊലീസ്. പലതവണ വിവിധ കേസുകൾക്ക് അറസ്റ്റിലായ ബിജു എബ്രഹാം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മൂന്ന് മാസം മുമ്പ് പൊലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങിയ ബിജു എബ്രഹാമിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 2018 മുതൽ ബിജു എബ്രഹാം നടത്തിവന്ന തട്ടിപ്പിന്റെയും വഞ്ചനയുടെയും, രാജ്യദ്രോഹത്തിന്റെയും കഥകൾ ഞെട്ടിപ്പിക്കുന്നതാണ്.
തട്ടിപ്പിന് മറ ഇന്ത്യൻ ആർമി
ആരോൺ ദേവരാഗ് എന്ന അപരനാമത്തിലാണ് ഫേസ്ബുക്ക് ,വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ ബിജു എബ്രഹാം അറിയപ്പെടുന്നത്. ഇന്ത്യൻ ആർമിയിൽ ന്യൂറോസർജൻ ആണെന്നും ലഫ്റ്റന്റ് കേണൽ ആണെന്നും സിനിമാനടനും പ്രൊഡ്യൂസറും ആണെന്നുമൊക്കെ പറഞ്ഞാണ് ഇയാൾ ഇരകളെ വലയിൽ വീഴ്ത്തുന്നത്. എഡിജിപി മനോജ് എബ്രഹാം തന്റെ ബന്ധുവാണെന്ന് പറഞ്ഞ് ഇരകളുടെ മുന്നിൽ വച്ച് അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്. ആർമി യൂണിഫോം ധരിച്ച് ലെഫ്റ്റന്റ് കേണലിന്റെ വ്യാജ ഐഡി കാർഡ് കാണിച്ച് വിശ്വസിപ്പിച്ചാണ് ഇദ്ദേഹം ഇരകളെ വിശ്വസിപ്പിക്കാറുള്ളത്.
സിനിമയിലെ പല വിഭാഗങ്ങളിലെ മുൻനിര ആളുകളുടെ കൂടെനിന്ന് ഫോട്ടോയെടുത്ത് അത് എഫ്ബിയിൽ പോസ്റ്റ് ചെയ്ത് അവരുമായി തനിക്ക് ആത്മബന്ധമുണ്ടെന്ന് പ്രചരിപ്പിക്കും. അതിൽ അഭിനേതാക്കളും സംവിധായകന്മാരും ടെക്നീഷ്യന്മാരും എഴുത്തുകാരും ഉൾപ്പെടും. തട്ടിപ്പിൽ ബിജുവിന്റെ വിജയത്തിന്റെ രഹസ്യം അയാൾ പറ്റിക്കുന്നത് മുഴുവൻ പരമദരിദ്രരായ ആളുകളെയാണ് എന്നതാണ്. അതുകൊണ്ടുതന്നെ ചതിക്കപ്പെട്ട പലരും പൊലീസിൽ പരാതി നൽകാൻ പോലും തയ്യാറാവുന്നില്ല. അഥവാ പരാതിയുമായി പോകുന്ന ആളുകളെ അയാൾ പൊലീസുകാരെ സ്വാധീനിച്ച് ഭയപ്പെടുത്തി തിരിച്ചയക്കുകയും ചെയ്യുന്നതായി ഇരകൾ പറയുന്നു. ഭീഷണികളിൽ വീഴാതെ പരാതി നൽകുന്നവരുടെ പരാതി വാങ്ങിവയ്ക്കുന്നത് അല്ലാതെ പൊലീസ് പിന്നീട് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നും അവർ ആരോപിക്കുന്നു.
നാട്ടുകാരെ പറ്റിച്ച് ബിജു സമ്പാദിക്കുന്ന പണം ഭാര്യയുടെയും മക്കളുടെയും പേരിൽ നിക്ഷേപിക്കുന്നത് കാരണം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ താൻ പാപ്പരാണ്, തന്റെ കയ്യിൽ പത്ത് പൈസ ഇല്ല എന്നു പറഞ്ഞ് ജാമ്യത്തിലിറങ്ങി മൂങ്ങുകയാണ് പതിവ്. എന്നാൽ ബാംഗ്ലൂർ ഉദയനഗർ നെഹ്റു സ്ട്രീറ്റിൽ ബ്ലോസം ബംഗ്ലാവിൽ താമസിക്കുന്ന ബിജുവിന്റെ വീടിന് മൂന്ന് കോടിയിൽപരം രൂപ വില വരുമെന്ന് പറയപ്പെടുന്നു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ബിജു നിരവധി ആളുകളെ, പ്രത്യേകിച്ചു പെൺകുട്ടികളെ കൂടെനിന്ന് ഫോട്ടോ എടുത്ത് പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട്. എന്നാൽ നാണക്കേട് മൂലം അവർ പുറത്തു പറയാൻ പലരും മടിക്കുന്നതാണ് ബിജുവിന് തുണയാവുന്നത്. കല്യാണം കഴിച്ചിട്ടില്ലെന്നും തനിക്ക് 32 വയസ്സ് മാത്രമെ ഉള്ളൂവെന്നുമാണ് ബിജു എല്ലാവരോടും പറയുന്നത്. എന്നാൽ ബിജു വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണ്. ഒരാളുടെ കല്യാണം കഴിഞ്ഞു. ഒരാൾ ഡിഗ്രിക്ക് പഠിക്കുന്നുമുണ്ട്.
ഇനി ബിജു പലതവണയായി പലപേരുകളിൽ പറ്റിച്ച ഇരകളുടെ അനുഭവങ്ങൾ പരിശോധിക്കാം...
മകന് ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്
തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ സജിനി അശോകിനെ ബിജു എബ്രഹാം പരിചയപ്പെടുന്നത് ഒരു സിനിമാലൊക്കേഷനിൽ വച്ചാണ്. താൻ ലെഫ്റ്റന്റ് കേണൽ ആണെന്നും ന്യൂറോസർജൻ ആണെന്നും പറഞ്ഞ് അവരെ വ്യാജ ഐഡി കാണിച്ചു വിശ്വസിപ്പിക്കുകയും ബാംഗ്ലൂർ മിലിറ്ററി ആസ്ഥാനത്താണ് ജോലി എന്നും ചിലപ്പോൾ പൂണെ എഎഫ്എംസിയിൽ പോയി ന്യൂറോ സർജറി നടത്താറുണ്ട് എന്നും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
പിന്നീട് ബിജു അവരുടെ കുടുംബത്തെ കുറച്ചു തിരക്കി രണ്ടു മക്കളും ഭർത്താവുമുള്ള സാധാരണ കുടുംബത്തിലാണ് അവരെന്ന് മനസ്സിലാക്കി. ബിജു ഇരകളുടെ വീട്ടിലുള്ളവരെക്കുറിച്ചും ബന്ധുക്കളെ കുറിച്ചും തിരക്കുന്നത് അവർക്ക് ഉന്നതരുമായി ബന്ധം ഉണ്ടോ, അല്ലെങ്കിൽ ബന്ധത്തിൽപ്പെട്ട ആരെങ്കിലും ഉന്നത സ്ഥാനത്തുണ്ടോ എന്നറിയാനും താൻ ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങി വഞ്ചിച്ചാൽ അത് തിരിച്ചു പിടിക്കാൻ പാകത്തിൽ ആരെങ്കിലുമുണ്ടോ എന്ന് അറിയാനും കൂടിയായിരുന്നു. അങ്ങനെ ബിജു എല്ലാം മനസ്സിലാക്കിയതിനുശേഷം അവരോട്, 'ചേച്ചി വിഷമിക്കേണ്ട, ഞാൻ മിലിറ്ററിയിൽ എംഇസിയിൽ ചേച്ചിയുടെ മകന് നല്ല ജോലി വാങ്ങി തരാം' എന്നുപറയുകയും ചെയ്തു.
പിന്നീട് രണ്ടാഴ്ചയ്ക്കുശേഷം, 'ചേച്ചി ജോലിയൊക്കെ റെഡിയാണ്, പക്ഷേ അവിടെ ഓഫീസർക്ക് ഒന്നരലക്ഷം രൂപ കൊടുക്കണം' എന്നും ബിജു പറഞ്ഞു, അത്ര പണമൊന്നും കയ്യിലില്ല എന്ന് പറഞ്ഞ അവരോട് ബിജു പറഞ്ഞു, 'ഇത് എനിക്കല്ല മിലിറ്ററി ഓഫീസർക്കാണ്. സംശയമുണ്ടെങ്കിൽ ചേച്ചി വന്നു കണ്ടിട്ട് തീരുമാനിച്ചോളൂ.' അങ്ങനെ അവർ മകനെയും ഭർത്താവിനെയും കൂട്ടി ബാംഗ്ലൂർ മിലിറ്ററി ആസ്ഥാനത്തേക്ക് ചെന്നു. അവരെയും കൂട്ടി ബിജു മിലിറ്ററി റജിമെന്റിന്റെ ഉള്ളിലേക്ക് പോകുമ്പോൾ ഗേറ്റിൽ ഉള്ള സെക്യൂരിറ്റി ബിജുവിനെ സല്യൂട്ട് ചെയ്തു. ഇതുകൂടി കണ്ടപ്പോൾ സജിനി ഉറപ്പിച്ചു, ബിജു മിലിറ്റി ഉദ്യോഗസ്ഥൻ തന്നെ. തുടർന്ന് അവരെ പുറത്തു നിർത്തി, അവിടെയുള്ള ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥന്റെ റൂമിൽ കയറി ബിജു ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങി. അതിനു ശേഷം മടങ്ങിവന്ന്, എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്. പക്ഷേ പൈസ കൊടുക്കാതെ നടക്കില്ല എന്ന് പറഞ്ഞപ്പോൾ ആ പാവം സ്ത്രീയും ഭർത്താവും വിശ്വസിച്ചു. അവർ കടം വാങ്ങിയ ഒന്നരലക്ഷം രൂപ ബിജുവിന്റെ അക്കൗണ്ടിൽ അയച്ചുകൊടുത്തു.
'ഒരു എക്സാമിനേഷൻ ഉണ്ട് അത് താൻ അവിടെയുള്ള ആളുകളെക്കൊണ്ട് എഴുതിച്ചോളാം, അത് പാസായാൽ മാത്രമെ ജോലി ശരിയാവുകയുള്ളൂ. അത് എഴുതുന്ന ആൾക്കും അതിന്റെ പേപ്പർ വർക്ക് നടത്തുന്നവർക്കും കൂടി ഒന്നരലക്ഷം രൂപ കൂടി കൊടുത്താൽ മാത്രമെ ജോലി ശരിയാക്കാൻ പറ്റൂ. അല്ലെങ്കിൽ ആദ്യം കൊടുത്ത പൈസയും നഷ്ടപ്പെടും' ബിജുവിന്റെ വാക്കുകൾകേട്ട് പകച്ചുപോയ അവർ താൻ ആദ്യം കൊടുത്ത പൈസ നഷ്ടപ്പെടാതിരിക്കാനും മകന്റെ ഭാവിയെക്കുറിച്ച് ഓർത്തും പലരിൽ നിന്നായി കടവും ഉള്ള സ്വർണം പണയം വെച്ചും എങ്ങനെയൊക്കെയോ ഒന്നര ലക്ഷം രൂപ കൂടി കൊടുത്തു. അതുകഴിഞ്ഞ് ബിജു അവരുടെ മകൻ എക്സാം പാസ്സായതായി അറിയിച്ചുകൊണ്ട് ഒരു ലെറ്റർ അയച്ചു കൊടുത്തു. ആർമി ഉദ്യോഗസ്ഥൻ ഒപ്പിട്ട ലെറ്റർ ആയിരുന്നു അത്. അതിനുശേഷം ബിജു പറഞ്ഞു, 'ചേച്ചി ഇനി ബാക്കിയുള്ള ഓഫീസർമാർക്ക് ഒക്കെ പൈസ കൊടുക്കണം കാരണം, ഇത് വലിയ പോസ്റ്റാണ്. അതുകൊണ്ട് ഇനിയും കുറച്ചു പേർക്കു കൂടി പൈസ കൊടുക്കണം. എന്നാലെ അപ്പോയ്മെന്റ് ലെറ്റർ കിട്ടുകയുള്ളൂ.' അവരുടെ മുന്നിൽ മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. പലിശയ്ക്ക് എടുത്തും കടംവാങ്ങിയും ഒക്കെ അവർ ബിജു പറഞ്ഞ രണ്ട് ലക്ഷം രൂപ ഒപ്പിച്ചുകൊടുത്തു. അങ്ങനെ അതുവരെ ബിജുവിന് ആകെ നൽകിയത് അഞ്ച് ലക്ഷം. മകന് ശമ്പളം കിട്ടുമ്പോൾ വീട്ടിതീർക്കാമല്ലോ എന്ന് ആ പാവങ്ങൾ കരുതി. അങ്ങനെ ബിജു ഡൽഹിയിലെ അശോക് കുമാർ എന്ന പേരുള്ള സൈനിക ഓഫീസർ ഒപ്പിട്ട അപ്പോയ്മെന്റ് ലെറ്റർ അവർക്ക് അയച്ചുകൊടുത്തു. താൻ വിളിക്കുമ്പോൾ ബാംഗ്ലൂരിൽ വരണമെന്നും ജോയിൻ ചെയ്യാൻ തയ്യാറാവണമെന്നും പറഞ്ഞു. അതെല്ലാം സത്യമാണെന്ന് അവരും വിശ്വസിച്ചു.
പിന്നെ കുറെനാൾ ബിജുവിന്റെ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ഒരുദിവസം അങ്ങോട്ട് വിളിച്ചപ്പോഴാണ് അടുത്താഴ്ച ബാംഗ്ലൂരിൽ വരണമെന്ന് ബിജു അറിയിച്ചത്. അങ്ങനെ അവർ ഭർത്താവിനെയും മകനെയും കൂട്ടി ബാംഗ്ലൂരെത്തി. ബിജുവിനെ വിളിച്ചപ്പോൾ താൻ പൂനയിൽ ആണ്, മഞ്ഞു കാരണം ഫ്ലൈറ്റ് എടുക്കുന്നില്ല. മഞ്ഞു മാറിയാൽ ഉടൻ ബാംഗ്ലൂരിൽ എത്താം എന്നായിരുന്നു മറുപടി പറഞ്ഞത്. അങ്ങനെ അവർ ഒമ്പത് ദിവസത്തോളം അവിടെ താമസിച്ചു. കയ്യിലുള്ള പണമൊക്കെ കഴിഞ്ഞ് തിരിച്ചു വരാൻ തീരുമാനിച്ച വിവരം അവർ ബിജുവിനെ അറിയിച്ചു. അങ്ങനെറെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ബിജു അവിടെ എത്തി. എല്ലാം ഉടനെ ശരിയാകുമെന്നു പറഞ്ഞു. ആയിരം രൂപ യാത്രാക്കൂലി അവർക്ക് വെച്ച് നീട്ടി. അത് അവർ വാങ്ങാതെ തിരിച്ചുവന്നു. പിന്നീട് ബിജുവിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്. ബിജു വേറെയും ഒരുപാട് ഫോൺനമ്പറുകൾ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് അവർക്ക് മനസ്സിലായി. തങ്ങൾ ചതിക്കപ്പെട്ടതായി അവർ തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവർ കടം വാങ്ങിയവരും പലിശയ്ക്കു വാങ്ങിയവരുമൊക്കെ അവരെ ബുദ്ധിമുട്ടിക്കാൻ തുടങ്ങി. വീടിനു വേണ്ടി എടുത്ത ലോൺ തിരിച്ചെടുക്കാൻ സാധിക്കാത്തതിനാൽ വീട്ടിനുമുന്നിൽ ബാങ്കുകാർ ജപ്തി നോട്ടീസ് പതിച്ചു.
നിനക്ക് അങ്ങനെ തന്നെ വരണം. നീ അനുഭവിക്കണം
ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ സജിനിയുടെ മകന് ഒരു ബൈക്ക് അപകടത്തിൽ കാൽമുട്ടിന് മാരകമായി പരിക്ക് പറ്റി. മുട്ടിന്റെ ചിരട്ട മാറ്റിവയ്ക്കാൻ മൂന്നു ലക്ഷത്തിഎൺപതിനായിരം രൂപ വേണ്ടിവന്നു. ഒരുരൂപ പോലും കൈയിലില്ലാതെ കടക്കെണിയിലായിരുന്ന അവർ ബിജുവിനെ വിളിച്ചു കുറച്ചു പണം അയച്ചു തരണമെന്ന് കരഞ്ഞപേക്ഷിച്ചു. എന്നാൽ 'നിനക്ക് അങ്ങനെ തന്നെ വരണം. നീ അനുഭവിക്കണം' എന്നായിരുന്നു ബിജുവിന്റെ മറുപടി. അപ്പോഴേക്കും അവർ ബിജുവിനെതിരെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എസ്പി വഴി കേസ് കൊടുത്തതായിരുന്നു ബിജുവിനെ പ്രകോപിപ്പിച്ചത്. പിന്നീട് പാർട്ടിക്കാർ പിരിവെടുത്തും സുമനസുകൾ സഹായിച്ചു മാണ് അവരുടെ മകന്റെ കാലിന്റെ ഓപ്പറേഷൻ നടത്തിയത്.
കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതായപ്പോൾ നാലുപേരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അതിനിടയിൽ സജിനിക്ക് ഹൃദയാഘാതം വന്ന് അവർക്ക് മേജർ ഓപ്പറേഷന് വിധേയമായി. ആ ഹൃദയാഘാതമാണ് അവരെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചത്. ശേഷം മകൻ ചെന്നൈയിൽ 12000 രൂപ ശമ്പളത്തിൽ ജോലിക്ക് കയറി. ചെലവും വാടകയും കഴിച്ച് മിച്ചം വരുന്ന 4000 രൂപ അവർക്ക് അയച്ചുകൊടുത്തു. വീട് ജപ്തി ചെയ്യുമെന്ന അവസ്ഥ വന്നപ്പോൾ ഭർത്താവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഒരു മിനിറ്റ് വ്യത്യാസത്തിൽ അവർ കണ്ടതുകൊണ്ട് കയർ അറുത്ത് താഴെയിട്ട് ഭർത്താവിനെ രക്ഷപ്പെടുത്തി. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവർ വാടകവീട്ടിൽ കഴിയുകയാണ്. കേസിനുവേണ്ടി ഇപ്പോഴും പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങി നടക്കുന്നു. ഇങ്ങനെ നിരവധി ആളുകളെയാണ് ബിജു എബ്രഹാം വഴിയാധാരാക്കിയിട്ടുള്ളത്.
നീതി ലഭിക്കാതെ മനോജ്
ബിജു അബ്രഹാമിന്റെ അടുത്ത ഇര മനോജ് ബി ഭട്ട് എന്ന പാവപ്പെട്ട ഭിന്നശേഷിക്കാരനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ പാർക്കിൻസ് രോഗം പിടിപെട്ട് 2015 ൽ മരണമടഞ്ഞു. അതിനുശേഷം രോഗിയായ മാതാവിനെയും സഹോദരിയെയും ചികിത്സിക്കാൻ വരുമാനമില്ലാതായി. അവർക്ക് മരുന്നു വാങ്ങാൻ മാത്രം മാസം നാലായിരത്തോളം രൂപ വേണമായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളോടും എന്തെങ്കിലും ജോലിസാധ്യതയുണ്ടോ എന്ന് ആരായുന്ന കൂട്ടത്തിൽ ബിജു അബ്രാഹാമിനോടും കൂടി ആരാഞ്ഞു. മനോജ് ബിജുവിനെ പരിചയപ്പെടുന്നത് തരംഗിണി, ശ്രുതിലയം പോലുള്ള ഓൺലൈൻ സാഹിത്യ കൂട്ടായ്മയിൽ നിന്നാണ്. മനോജ് കവിതയും കഥയുമൊക്കെ എഴുതുമായിരുന്നു. ആ ഗ്രൂപ്പുകളിൽ ബിജു സ്വയം പരിചയപ്പെടുത്തിയിരുന്നത് താൻ ലഫ്റ്റനന്റ് കേണലും ആർമിയിൽ ന്യൂറോ സർജനും ആണ് എന്നായിരുന്നു. മനോജ് ബിജുവിനോട് ജോലിയുടെ കാര്യം തിരക്കിയപ്പോൾ തന്നെ തന്റെ അടുത്ത ഇര മനോജ് ആണെന്ന് ബിജു തീർച്ചപ്പെടുത്തി. അങ്ങനെ ബിജു പാലക്കാട്ട് വന്ന് തൃശ്ശൂർ പൂരം ഇന്റർനാഷണൽ ഹോട്ടലിലെ റിസപ്ഷനിൽ മനോജിനെ വിളിച്ചുവരുത്തി.
തന്റെ സുഹൃത്ത് നടത്തുന്ന റിക്രൂട്ടിങ് ഏജൻസി വഴി ബാംഗ്ലൂരിലുള്ള ഒരു ഐടി കമ്പനിയിൽ ജോലി ശരിയാക്കിത്തരാം എന്ന് മനോജിന് ബിജു ഉറപ്പുകൊടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് ഇവിടെ വന്നതെന്നും എംടി വാസുദേവൻ നായരും എംഡി രാജേന്ദ്രനുമൊക്കെ ലൊക്കേഷനിലേക്ക് പോയെന്നും ഞാൻ മനോജിനെ കാത്തിരുന്നതുകൊണ്ടാണ് പോകാൻ വൈകിയതെന്നും പറഞ്ഞു. തുടർന്ന് ബിജു മനോജിന്റെ വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ മനോജിന്റെ അമ്മയെയും സഹോദരിയെയും കണ്ട ബിജു ഇവരെ പറ്റിക്കപ്പെട്ടാൽ കേസിനോ മറ്റോ സഹായിക്കാൻ ആരും ഇല്ലെന്ന് ഉറപ്പിച്ചു. കുറച്ചുദിവസങ്ങൾക്ക് ശേഷം ബിജു മനോജിനോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. കമ്പനിക്ക് നൽകാനെന്നായിരുന്നു പറഞ്ഞത്. പണം കൊടുത്താൽ ഒരാഴ്ചക്കകം ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു. അത്രയും പണം കണ്ടെത്താൻ വഴിയില്ലാത്തതിനാൽ മനോജ് വിസമ്മതം അറിയിച്ചു.
അപ്പോൾ ബിജു മറ്റൊരു തന്ത്രമിറക്കി. ''ഇപ്പോൾ ഒരു ലക്ഷം രൂപ കൊടുത്താൽ ഇരുപത്തയ്യായിരം രൂപ ശമ്പളത്തിൽ ജോലി ശരിയാവും. ഇപ്പോൾ കൊടുക്കുന്ന ഒരു ലക്ഷം രൂപ ഒരു വർഷം കഴിഞ്ഞ് കമ്പനി തന്നെ തിരിച്ചു നൽകും.'' ചില കമ്പനികൾ അങ്ങനെ ബോണ്ട് വാങ്ങിക്കാറുണ്ടെന്നും ബിജു മനോജിനെ മനസ്സിലാക്കിച്ചു. അങ്ങനെ മനോജിനെ വലയിൽ വീഴ്ത്തിയ ബിജു മനോജിന് തന്റെ അക്കൗണ്ട് നമ്പർ നൽകി പാലക്കാട്ടു നിന്ന് തിരിച്ചു പോയി. സ്വന്തം അമ്മയുടെ സ്വർണ്ണവും പെങ്ങളുടെ സ്വർണ്ണവും പണയപ്പെടുത്തിയും ബാക്കി തുക കടം വാങ്ങിയും ഒരു ലക്ഷം രൂപ മനോജ് ബിജുവിന് അയച്ചുകൊടുത്തു. രൂപ കിട്ടിയ ഉടനെ ബിജു വിളിച്ചു പണം കിട്ടിയെന്നും അടുത്താഴ്ച അപ്പോയ്മെന്റ് ലെറ്റർ കിട്ടുമെന്നും ജോയിൻ ചെയ്യാൻ തയ്യാറായിരിക്കാനും പറഞ്ഞു. പിന്നീട് ബിജു ഫോൺ വിളിച്ചാൽ എടുക്കാറില്ല. എടുത്താൽ തന്നെ തീയതി മാറ്റി മാറ്റി പറഞ്ഞു കബളിപ്പിക്കുകയായിരുന്നു. ചതിയാണെന്ന് മനസ്സിലാക്കിയപ്പോൾ മനോജ് ജോലി വേണ്ട പണം തിരിച്ചു തന്നാൽ മതിയെന്ന് ബിജുവിനോട് ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ബിജു തയ്യാറായില്ല.
മനോജ് 2017 ഓഗസ്റ്റ് മാസം അവസാനം പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ആ പരാതി പൊലീസ് വാങ്ങി വച്ചെങ്കിലും ഇതുവരെ പരാതിയിൽ അന്വേഷണം നടത്തുകയോ എഫ്ഐആർ ഇടുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. അതിന്റെ കാരണമന്വേഷിച്ച് പാലക്കാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചവരോട് ''മനോജ് പൈസ കൊടുത്തതിന് തെളിവില്ല, ജോലിവാഗ്ദാനം നടത്തിയതിന് തെളിവില്ല, കേസ്സെടുത്താൽ കോടതി എന്നെ വിമർശിക്കും, സിഐയ്ക്ക് ഇതിലെന്താ ഇത്ര താല്പര്യം എന്ന് ചോദിക്കും'' എന്ന് പറഞ്ഞ് സിഐ ഫോൺ കട്ട് ചെയ്യുകയാണുണ്ടായത്. നിലവിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും മനോജ് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ല.
ബിജു പറ്റിച്ച മറ്റൊരു പാവം മനുഷ്യന്റെ കഥ
വളരെ ദരിദ്രകുടുംബമായിരുന്നു ചെങ്ങന്നൂരിൽ പുത്തൻപറമ്പിൽ കൊച്ചുകുഞ്ഞി മകൻ രാജുവിന്റെത്. ഭാര്യയും മൂന്ന് മക്കളും ഉള്ള രാജു ടാപ്പിങ് തൊഴിൽ എടുത്തും കാലി വളർത്തൽ കൊണ്ടുമാണ് കുടുംബം നോക്കിയിരുന്നത്. അദ്ദേഹം ബിജു എബ്രഹാമിനെ പരിചയപ്പെടുന്നത് മരുമകൻ ബൈജു നേമം വഴിയാണ്. ബൈജു സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. അമ്മാവന്റെ മകനെ രക്ഷപ്പെടുത്താനാണ് ബൈജു ബിജു എബ്രഹാമിനെയും കൂട്ടി രാജുവിന്റെ അടുത്തേക്ക് വരുന്നത്. 'ചേട്ടൻ ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുമ്പോൾ എനിക്കും സങ്കടമുണ്ട്. ചേട്ടന്റെ ഒരു മകനെ ഞാൻ മിലിറ്ററിയിൽ കയറ്റി തരാം, അതിന് ചെറിയൊരു തുകയെ ചെലവാകുകയുള്ളു. അത് ഓഫീസർക്ക് കൊടുത്താൽ ഉടനെ ജോലി ശരിയാവും'' വളരെ നാടകീയമായിരുന്നു ബിജുവിന്റെ സംഭാഷണം. സാധാരണ പട്ടാളത്തിൽ ചേരാൻ പണം കൊടുക്കുന്നത് നാട്ടിൽ പണ്ടേയുള്ള ശീലമായതുകൊണ്ട് രാജുവും അത് വിശ്വസിച്ചു.
രണ്ടു ലക്ഷം രൂപയാണ് ബിജു ആവശ്യപ്പെട്ടത്. അത് തനിക്കല്ലെന്നും ഓഫീസർമാർക്ക് ആണെന്നും ബിജു ആണയിട്ട് പറഞ്ഞു. അത്രയും പൈസ തരാനില്ല എന്നു പറഞ്ഞപ്പോൾ ബിജുവാണ് പറഞ്ഞത് - വീട്ടിലുള്ള നാലു പശുക്കളെ വിറ്റാൽ അത്രയും പൈസ കൊടുക്കാമല്ലോ എന്ന്. മകന് ജോലിയൊക്കെ കിട്ടി ശമ്പളം കിട്ടാൻ തുടങ്ങിയാൽ പശുവിനെ വീണ്ടും വാങ്ങിക്കാമല്ലൊ. അതുകേട്ട രാജു പിന്നെ ഒന്നും ആലോചിച്ചില്ല. നാലു പശുക്കളെയും കിട്ടുന്ന വിലയ്ക്ക് വിറ്റു. ബാക്കി തുക കടവും വാങ്ങി രണ്ടു ലക്ഷം രൂപ ബിജുവിനെ ഏൽപിച്ചു. ബിജു പണം വാങ്ങി ഉടൻ തന്നെ ജോലി ശരിയാവുമെന്ന് പറഞ്ഞ് തിരിച്ചു പോയി. പിന്നീട് വിളിച്ച് 5000 രൂപ വേണം, ഡൽഹിയിൽ പോയി പേപ്പർ ശരിയാക്കാൻ ആണ് എന്ന് പറഞ്ഞു. ആ പാവം മനുഷ്യൻ കടം വാങ്ങിച്ച് അതും ബിജുവിന് അയച്ചുകൊടുത്തു. പിന്നീട് കുറച്ചു മാസങ്ങൾക്ക് ശേഷം, അപ്പോയ്മെന്റ് ലെറ്റർ റെഡിയായിട്ടുണ്ട്. അത് വാങ്ങാൻ ഡൽഹിയിൽ പോകണമെന്നും ബിജു അറിയിച്ചു. അതിന് 2500 രൂപ വേണമെന്ന് പറഞ്ഞപ്പോൾ രാജു അതും ബിജുവിന് അയച്ചുകൊടുത്തു. അതിനുശേഷം ബിജു രാഷ്ട്രപതി ഒപ്പിട്ട അപ്പോയ്മെന്റ് ലെറ്റർ അയച്ചു കൊടുത്തു. ഉടനെ ജോയിൻ ചെയ്യണമെന്നും പറഞ്ഞ് ഫോൺ വെച്ചു. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാതെയായി. അപ്പോഴാണ് രാജുവിനും കുടുംബത്തിനും തങ്ങൾ ചതിക്കപെട്ടിരിക്കുന്നുവെന്ന് മനസ്സിലായത്.
2016 ലാണ് ബിജു അദ്ദേഹത്തെ വഞ്ചിച്ചത്. അതിനുശേഷം നിരാശയിലും ദുഃഖത്തിലും ആയിരുന്ന രാജു ബിജുവിനെതിരെ പരാതി കൊടുത്ത്, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി ജീവിതം തീർക്കുന്നു. പാവങ്ങളെയാണ് ബിജു എപ്പോഴും ഇരയാക്കുന്നത്. കാരണം ബിജുവിന് അറിയാം ഉന്നതന്മാർ ഉള്ള കേസ് ആണ് എങ്കിൽ മാത്രമേ പ്രശ്നമുള്ളൂ.അപ്പോഴേ പൊലീസും നീതിപീഠങ്ങളും ഉണരൂ. സമൂഹം ജാഗരൂകരാകു. അന്വേഷണം വന്നാൽ തന്നെ പൊലീസുകാർക്ക് പണംകൊടുത്ത് ഒതുക്കുകയാണ് ബിജുവിന്റെ രീതി. സമാനമായ രീതിയിൽ നിരവധി കേസുകൾ ബിജുവിന്റെ പേരിൽ ബാംഗ്ലൂരിലുണ്ട് . ഹലാസൂരു പൊലീസ് ഏഴുതവണ ബിജുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്ന് ജാമ്യത്തിലിറങ്ങിയ ബിജു പിന്നീട് പൊങ്ങിയത് കേരളത്തിലാണ്. കേരളത്തിലാണെങ്കിൽ പാവങ്ങൾ പരാതിപ്പെട്ടാൽ പലപ്പോഴും തെളിവുകളുടെ അഭാവത്തിൽ കേസെടുക്കാൻ പോലും പൊലീസ് തയ്യാറാകാത്തതുകൊണ്ട് ബിജു സീരിയൽ ചീറ്റിങ്ങ് തുടങ്ങി. അതിപ്പോഴും തുടരുന്നു.
സൗദി നേഴ്സിന് പണവും പോയി, ജോലിയും നഷ്ടപ്പെട്ടു
ബിജു ഏബ്രഹാം പിന്നീട് ചതിച്ചത് മുൻ കേരള ടൂറിസം സൂപ്പർവൈസർ റിജോയ് ജോർജ്ജിനെയാണ്. അദ്ദേഹത്തിന്റെ ഭാര്യ സൗദിയിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു. റിജോയിയുടെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാവാൻ താമസിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ബിജു എബ്രഹാമിനെ പരിചയപ്പെടുന്നത്. എല്ലാവരോടെന്ന പോലെ ബിജു അദ്ദേഹത്തെയും ലെഫ്റ്റ് കേണൽ ആണെന്നും ആർമി ന്യൂറോസർജൻ ആണെന്നും പറഞ്ഞ് വ്യാജ ഐഡി കാർഡും കാണിച്ച് വിശ്വസിപ്പിച്ചു. ഭാര്യ നഴ്സാണ് എന്നും സൗദിയിൽ ജോലി ചെയ്യുകയാണ് എന്നും അറിഞ്ഞ ബിജു തന്റെ അടവുകൾ പുറത്തെടുത്തു. ''എന്തിനാണ് ചേട്ടനിവിടെയും ഭാര്യ സൗദിയിലും കിടന്ന് കഷ്ടപ്പെടുന്നത്. അതിന്റെ ആവശ്യമില്ല. താൻ ഇന്ത്യൻ മിലിറ്ററിയിൽ എഎഫ്എംസിയിൽ നഴ്സിങ് ജോലി വാങ്ങിത്തരാം'' ആ വാക്കുകളിൽ റിജോയിയെ വലയിൽ വീഴ്ത്തി. രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ കൊടുത്താൽ ഉറപ്പായും എൺപതിനായിരം രൂപ ശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് ബിജു വാക്കു കൊടുത്തു. ശേഷം അവരെ സൗദിയിൽനിന്ന് വരുത്തിച്ച് 2017 ഓഗസ്റ്റ് മാസം പൂണെയിൽ കൊണ്ടുപോയി പരീക്ഷ അറ്റൻഡ് ചെയ്യിച്ചു. തുടർന്ന് പരീക്ഷ പാസായി എന്ന് തെറ്റിദ്ധരിപ്പിച്ച് പലതവണയായി രണ്ട് ലക്ഷംരൂപ കൈവശപ്പെടുത്തി. പിന്നെ പതിവുപോലെ ബിജു ഫോൺ എടുക്കാതെയായി. അപ്പോഴാണ് റിജോയ്ക്കും ഭാര്യയ്ക്കും തങ്ങൾ ചതിക്കപ്പെട്ടുവെന്ന് മനസ്സിലായത്. പിന്നീട് ഭാര്യയ്ക്ക് സൗദിയിലേക്ക് തിരിച്ചു പോകാൻ പറ്റാത്തതിനാൽ അവിടത്തെ ജോലി നഷ്ടപ്പെട്ടു. 12 വർഷം സർവീസ് ഉള്ള അവരുടെ സെറ്റിൽമെന്റ് പോലും കിട്ടാതായി. അങ്ങനെ ആ കുടുംബത്തിന് 30 ലക്ഷത്തോളം രൂപ നഷ്ടം ഉണ്ടായി. ഇപ്പോൾ റിജോയ് വലിയ ലോണും സാമ്പത്തികപ്രശ്നങ്ങളുമായി കഴിഞ്ഞുകൂടുകയാണ്.
2017ൽ റിജോയ് കൊല്ലം പൂയപ്പള്ളി സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. എന്നാൽ ആ കേസിനുവേണ്ടി എഫ്ഐആർ ഇട്ടതല്ലാതെ മറ്റു യാതൊരു നടപടികളും പൊലീസ് കൈക്കൊണ്ടിട്ടില്ല.
തട്ടിപ്പ് സിനിമയുടെ മറവിലും
മനോജിനെ പോലെ ഓൺലൈൻ സാഹിത്യ കൂട്ടായ്മകളിൽ വച്ചാണ് കണ്ണപുരം സ്വദേശിയായ മനു കൃഷ്ണനെ ബിജു പരിചയപ്പെടുന്നത്. ബിജുവിന്റെ സ്വന്തം കവിതാസമാഹാരം 'മഴ വഴികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ക്ഷണിച്ചതിലൂടെയാണ് ബിജുവിനെ മനു അടുത്ത് പരിചയപ്പെടുന്നത്. ഡോ. ബിജു എബ്രഹാം എന്ന പേരിലാണ് ആ പുസ്തകം ബിജു പുറത്തിറക്കിയത്.
പുസ്തകത്തിന് ആമുഖം എഴുതിയത് കവി പഴവിള രമേശൻ ആയിരുന്നു. ആഖ്യാനം നടത്തിയത് ശാന്ത തുളസീധരനും. ആ വേദിയിലും മറ്റു പല വേദികളും ലെഫ്റ്റനന്റ് കേണൽ ഡോ. ബിജു എബ്രഹാം എന്ന് പറഞ്ഞാണ് ബിജു സ്വയം മറ്റുള്ളവരെ പരിചയപ്പെടുത്തിയത്. ശ്രുതിലയം, തരംഗിണി മുതലായ ഓൺലൈൻ സാഹിത്യ ഗ്രൂപ്പിലെ ആയിരക്കണക്കിനാളുകളെ ബിജു ഇത്തരത്തിൽ വഞ്ചിക്കുകയായിരുന്നു.
എംഡി രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദേവരാഗം 2 എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ മനു ഒരു കഥ എഴുതിയാൽ അത് താൻ നിർമ്മിക്കാമെന്ന് ബിജു വാഗ്ദാനം ചെയ്തു. അങ്ങനെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കുള്ള മുറികളിലൊന്ന് ബിജു വാടകയ്ക്ക് എടുക്കുകയും അവിടെയിരുന്ന് മനു കഥ എഴുതുകയും ചെയ്തു. ഗൾഫിൽ ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യകയായിരുന്നു അപ്പോൾ മനു.
മനുവിന്റെ കഥ പൂർത്തിയായതോടെ ബിജു സിനിമ നിർമ്മിക്കാമെന്നുള്ള എഗ്രിമെന്റും ഒപ്പിട്ടു. അതിനുശേഷം ബിജു മനുവിനോട് പറഞ്ഞു, 'എന്റെ പണം എഫ്ഡിയിലാണ്. അത് അടുത്ത മാസം 30ന് മാത്രമേ കിട്ടൂ. തൽക്കാലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കൊടുക്കേണ്ട രണ്ടു ലക്ഷം രൂപയും ആർട്ടിസ്റ്റുകൾക്ക് അഡ്വാൻസ് കൊടുക്കാനുള്ള തുകയും മനു താൽക്കാലികമായി എനിക്ക് തരണം. എന്റെ പണം കിട്ടിയാൽ ഉടൻ മനുവിന്റെ പൈസ തിരിച്ചു തരാം.'' അതുപ്രകാരം 3,25,000 രൂപ ബിജു മനുവിന്റെ കയ്യിൽനിന്നു വാങ്ങിയെടുത്തു. എന്നാൽ ബിജു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ രണ്ടുലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകുകയാണുണ്ടായത്. ആ സിനിമയിലെ നായികയായ അതിഥി റായിക്കും അമ്പതിനായിരം രൂപയുടെ വണ്ടിച്ചെക്ക് നൽകി. അങ്ങനെ മനുവിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങുകയും ആർട്ടിസ്റ്റുകൾക്കും പിന്നണിപ്രവർത്തകർക്കും വണ്ടിച്ചെക്ക് നൽകുകയുമാണ് ചെയ്തത്. ഇത് മനസ്സിലാക്കിയ മനു അയാളുമായി മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് ഉറപ്പിക്കുകയായിരുന്നു.
എന്നാൽ മനു ബിജുവിന് കൊടുത്ത പണം ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ചു തരാതിരുന്നപ്പോൾ മനു പൊലീസിൽ കേസ് ഫയൽ ചെയ്തു. അതറിഞ്ഞ ബിജു തന്റെ അടുത്ത അനുയായിയെക്കൊണ്ട് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. എന്നാൽ അതിലൊന്നും ഭയക്കാതെ മനു കേസുമായി മുന്നോട്ടു പോയി. 2017ൽ കൊടുത്ത കേസിൽ 2021 ഓഗസ്റ്റ് 23 ന് കണ്ണപുരം പൊലീസ് ബിജുവിനെ ബാംഗ്ലൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. ബിജു കണ്ണൂർ സബ്ജയിലിൽ റിമാൻഡിലുമായി. എന്നാൽ ജാമ്യത്തിലിറങ്ങിയ ബിജു മുങ്ങി. അയാൾ ഇപ്പോൾ ഒളിവിലാണ്. ബിജു എവിടെയുണ്ടെന്ന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കേരളാ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഗതികേട്.
മിലിറ്ററി യൂനിഫോം ധരിച്ചും വ്യാജഐഡി കാർഡ് കാണിച്ചും സൈന്യത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിച്ച് ബിജു ജൈത്രയാത്ര തുടരുന്നതിന്റെ പ്രധാന കാരണം ഇത്ര വലിയ രാജ്യദ്രോഹകുറ്റം ചെയ്തിട്ടും നിയമസംവിധാനം അതിന്റെ ഗൗരവത്തിൽ അതിനെ കാണുന്നില്ല എന്നതാണ്. സേനാഓഫീസുകളിൽ പോലും ബിജുവിനുണ്ടായിരുന്ന സ്വാധീനവും സ്വാതന്ത്ര്യവും ബന്ധങ്ങളും ദുരൂഹമാണെന്ന് വഞ്ചിക്കപ്പെട്ടവർ പറയുന്നു. ദീർഘകാല ബന്ധം ഉള്ളവരെ പോലെയാണ് ഉന്നതസൈനിക ഉദ്യോഗസ്ഥരോട് ബിജു ഇടപഴകിയിരുന്നത്. സാധാരണക്കാരന്റെ വിശ്വാസം ആർജിക്കുന്നതിന് ഈ ബന്ധങ്ങളും അയാളെ സഹായിച്ചിരുന്നു. അതിനാൽ ഈ കേസ് എൻഐഎ, സിബിഐ പോലുള്ള കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്ന് ഇരകൾ ആവശ്യപ്പെടുന്നു.
പുതിയതായി നിർമ്മിക്കുന്ന സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി ആളുകളെയും പെൺകുട്ടികളെയും ബിജു ചൂഷണം ചെയ്തതായും പരാതികളുണ്ട്. നാണക്കേട് മൂലം പല പെൺകുട്ടികളും പരാതിപ്പെടാൻ ധൈര്യപ്പെടുന്നില്ല എന്നുള്ളതാണ് ബിജുവിന് കിട്ടുന്ന സൗകര്യം. അതു മുതലെടുത്ത് ബിജു തന്റെ തട്ടിപ്പ് നിർബാധം തുടരുന്നു. 'ഓരോ കിനാവിലും ' എന്ന സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് നാലുപേരിൽ നിന്ന് 6.6 ലക്ഷം രൂപ തട്ടിയെടുത്തതായി ഇൻഡിപെൻഡൻസ് ഫിലിം / ടെലിവിഷൻ ആർട്ടിസ്റ്റ്സ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹിയായ സുനിൽദാസ് വെളിപ്പെടുത്തുകയുണ്ടായി. അതിന്റെ പേരിൽ അവർ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ആ കേസ് നിലനിൽക്കുന്നുണ്ട്. പല സിനിമകളിലും അങ്ങോട്ട് പണം നൽകി അഭിനയിച്ച ശേഷം ഇടയ്ക്ക് വച്ച് മുങ്ങുന്നത് ഇയാളുടെ ശീലമാണെന്നും പരാതിയുണ്ട്. അതുമൂലം കുടുക്കിൽപെട്ടുപോയ നിരവധി സംവിധായകരുണ്ട്.
കൂടാതെ ദീപക്ക് എന്ന യുവാവിനെ കബളിപ്പിച്ച് സിനിമയുടെ പേരിൽ 25 ലക്ഷം തട്ടിയതിന്റെ പേരിലും തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബിജുവിനെതിരെ മറ്റൊരു കേസുണ്ട്. ആ കേസിലും മുമ്പ് ബിജു അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്തു. അങ്ങനെ കേരളത്തിലും കർണാടകത്തിലുമായി നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആരോൺ ദേവരാഗ് എന്ന ബിജു എബ്രഹാം ഇപ്പോഴും ഇതേ പേരിൽ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ബിജുവിന്റെ വലയിൽ ഇനിയും കൂടുതൽ പാവങ്ങൾ കുടുങ്ങാതിരിക്കാനും വഞ്ചിക്കപ്പെട്ടവർക്ക് നീതി കിട്ടുന്നതിനും ഉന്നത കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ ഇടപെടണമെന്നാണ് ഇരകളുടെ ആവശ്യം.