- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃദ്ധജന ക്ഷേമ പദ്ധതിയുടെ പേരിൽ വയോധികന്റെ 36 ലക്ഷം രൂപ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജർ തട്ടിയെടുത്തതായി പരാതി; തട്ടിപ്പുനടത്തിയത് തൃശൂരിലെ ബി.ആർ.ഡിയിലെ മാനേജർ സജി പോൾ; 78 കാരനായ രാമൻകുട്ടിയുടെയും വിധവയായ മകളുടെയും പരാതി സർക്കാരിനും പൊലീസിനും മാധ്യമങ്ങൾക്കും വേണ്ട; പത്രസമ്മേളനം നടത്തിയിട്ടും കാര്യമില്ലെന്ന് പറഞ്ഞ് തൃശൂർ പ്രസ്സ് ക്ലബ്ബ് മടക്കിയെന്നും ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്നും പരാതിക്കാർ മറുനാടനോട്
തൃശൂർ: വീട്ടിൽ ആൺമക്കളില്ലാത്ത തക്കം നോക്കി രാമൻകുട്ടിയെന്ന 78കാരനായ വയോവൃദ്ധനെ ബി.ആർ.ഡി. എന്ന കുന്നംകുളം ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തിന്റെ കാറിൽ കയറ്റി കൊണ്ടുപോയി മാനേജർ സജി പോൾ 36 ലക്ഷം രൂപ അടിച്ചുമാറ്റിയതായി പരാതി. ആത്മഹത്യയല്ലാതെ ഇനി മറ്റൊരു വഴിയുമില്ലെന്ന് രാമൻകുട്ടിയുടെ വിധവയായ മകൾ ബിന്ദു മറുനാടനോട് പറയുന്നു. ഒരു ഹൃദയാഘാതത്തെ അതിജീവിച്ച രാമൻകുട്ടി ഇപ്പോൾ വാർധക്യസഹജമായ രോഗങ്ങൾക്ക് അടിമയാണ്. പണം നഷ്ടപ്പെട്ട ആഘാതത്തിൽ കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് ഭാഗികമായി കാഴ്‌ച്ച നഷ്ടപ്പെട്ട ബിന്ദു തന്റെ അനുഭവങ്ങൾ പറയുകയാണ്. വൃദ്ധ ജനങ്ങൾക്കായി ബി.ആർ.ഡി. ഏർപ്പെടുത്തിയ ഒരു നിക്ഷേപ പദ്ധതി പ്രകാരം 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സജി പോൾ രാമൻകുട്ടിയുടെ 36 ലക്ഷം രൂപ പെണ്മക്കൾ അറിയാതെ ബി.ആർ.ഡി. ഓഹരിയിലേക്ക് മുതൽകൂട്ടിയത്. കേവലം പത്തു രൂപ മാത്രം മുഖവിലയുള്ള അയ്യായിരം ഓഹരികളുടെ ആറു യൂണിറ്റാണ് യാതൊരു വിദ്യാഭ്യാസവുമില്ലാത്ത ഓഹരി എന്തെന്നറിയാത്ത പാവം കർഷകനായ രാമൻകുട്ടിയുടെ തലയിൽ വച്ചുകെട്ടിയത്. യൂണിറ്റ് ഒന
തൃശൂർ: വീട്ടിൽ ആൺമക്കളില്ലാത്ത തക്കം നോക്കി രാമൻകുട്ടിയെന്ന 78കാരനായ വയോവൃദ്ധനെ ബി.ആർ.ഡി. എന്ന കുന്നംകുളം ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തിന്റെ കാറിൽ കയറ്റി കൊണ്ടുപോയി മാനേജർ സജി പോൾ 36 ലക്ഷം രൂപ അടിച്ചുമാറ്റിയതായി പരാതി. ആത്മഹത്യയല്ലാതെ ഇനി മറ്റൊരു വഴിയുമില്ലെന്ന് രാമൻകുട്ടിയുടെ വിധവയായ മകൾ ബിന്ദു മറുനാടനോട് പറയുന്നു. ഒരു ഹൃദയാഘാതത്തെ അതിജീവിച്ച രാമൻകുട്ടി ഇപ്പോൾ വാർധക്യസഹജമായ രോഗങ്ങൾക്ക് അടിമയാണ്. പണം നഷ്ടപ്പെട്ട ആഘാതത്തിൽ കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് ഭാഗികമായി കാഴ്‌ച്ച നഷ്ടപ്പെട്ട ബിന്ദു തന്റെ അനുഭവങ്ങൾ പറയുകയാണ്.
വൃദ്ധ ജനങ്ങൾക്കായി ബി.ആർ.ഡി. ഏർപ്പെടുത്തിയ ഒരു നിക്ഷേപ പദ്ധതി പ്രകാരം 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സജി പോൾ രാമൻകുട്ടിയുടെ 36 ലക്ഷം രൂപ പെണ്മക്കൾ അറിയാതെ ബി.ആർ.ഡി. ഓഹരിയിലേക്ക് മുതൽകൂട്ടിയത്. കേവലം പത്തു രൂപ മാത്രം മുഖവിലയുള്ള അയ്യായിരം ഓഹരികളുടെ ആറു യൂണിറ്റാണ് യാതൊരു വിദ്യാഭ്യാസവുമില്ലാത്ത ഓഹരി എന്തെന്നറിയാത്ത പാവം കർഷകനായ രാമൻകുട്ടിയുടെ തലയിൽ വച്ചുകെട്ടിയത്. യൂണിറ്റ് ഒന്നിന് കേവലം അമ്പതിനായിരം രൂപ മാത്രം വിലമതിക്കുന്ന ആറു യൂണിറ്റ് ഓഹരികൾ രാമൻകുട്ടിയുടെ തലയിൽ വച്ചുകെട്ടിയത് യൂണിറ്റ് ഒന്നിന് ആറുലക്ഷം രൂപ പ്രകാരം മൊത്തം 36 ലക്ഷം രൂപയ്ക്കായിരുന്നു. മാത്രമല്ല, പ്രതിവർഷം 18 ശതമാനം പലിശ കൊടുക്കാമെന്ന മോഹന വാഗ്ദാനത്തോടെയാണ് സജി പോൾ രാമൻകുട്ടിയെ വഞ്ചിച്ചത്.
നന്നേ ചെറുപ്പത്തിൽ തന്നെ വിധവയായ മകളുടെ മക്കളുടെ വിദ്യാഭ്യാസം നല്ലനിലയിൽ കൊണ്ടുപോകുന്നതിന്നായിരുന്നു രാമൻകുട്ടി തന്റെ വീടും പുരയിടവും 84 ലക്ഷം രൂപക്ക് വിറ്റത്. രാമൻകുട്ടിയുടെ രണ്ട് ആണ്മക്കളും ദൂരെ ജോലിനോക്കുന്ന സമയത്തായിരുന്നു ഭൂമി വിറ്റത്. ഭൂമി വിൽക്കാനും പ്രമാണങ്ങൾ ശരിയാക്കാനും രാമൻകുട്ടിയെ സഹായിച്ചത് സജി പോൾ ആയിരുന്നു. കൃഷിപ്പണിയിൽ നിന്ന് സ്വരൂപിച്ച ചെറിയ തുകകൾ കമ്പനിയിൽ സ്ഥിരം നിക്ഷേപം ചെയ്ത വകയിൽ രാമൻകുട്ടി സമ്പാദിച്ചതായിരുന്നു കമ്പനി മാനേജർ സജി പോളുമായുള്ള സൗഹൃദം.
വീടും പുരയിടവും വിറ്റുകിട്ടിയ 84 ലക്ഷം രൂപ മരത്താക്കര കാനറ ബാങ്കിലായിരുന്നു നിക്ഷേപിച്ചിരുന്നത്. പണം അവിടെത്തന്നെ സ്ഥിരം നിക്ഷേപ പദ്ധതി പ്രകാരം നിക്ഷേപിക്കാനായിരുന്നു രാമൻകുട്ടി തീരുമാനിച്ചത്. എന്നാൽ കൗശലക്കാരനായ സജി പോൾ നിരക്ഷരനായ രാമൻകുട്ടിയെ തഞ്ചത്തിൽ വശത്താക്കുകയായിരുന്നു. വീടും പുരയിടവും വിറ്റുകിട്ടിയ 84 ലക്ഷം രൂപ കാനറ ബാങ്കിൽ നിക്ഷേപിച്ചാൽ ആദായനികുതി വകുപ്പ് പിടികൂടുമെന്നും കണക്ക് ബോധിപ്പിക്കാൻ രാമൻകുട്ടിക്ക് കഴിയാതെ പോകുമെന്നതുകൊണ്ട് തുക ബി.ആർ.ഡി.യിൽ നിക്ഷേപിക്കുന്നതുമാണ് സുരക്ഷയെന്നും ആദായനികുതി വകുപ്പ് കമ്പനിയിലേക്ക് വരില്ലെന്നും വിശ്വസിപ്പിച്ചാണ് സജി പോൾ രാമൻകുട്ടിയുടെ പണം തട്ടിയെടുത്തത്.
സജി പോൾ
വീടും പുരയിടവും വിറ്റുകിട്ടിയ 84 ലക്ഷം രൂപ ഞങ്ങൾ കൈകൊണ്ടുപോലും തൊട്ടിട്ടില്ലെന്നും എല്ലാം കൈകാര്യം ചെയ്തത് സജി പോൾ ആയിരുന്നെന്നും രാമൻകുട്ടിയുടെ മകൾ ബിന്ദു പറയുന്നു. പത്തു ലക്ഷം രൂപ വീതം ഇരുപതു ലഷം രൂപ മക്കളുടെ പേരിൽ സഹകരണ ബാങ്കിലും മുപ്പത്തിനാല് ലക്ഷം രൂപ ബി.ആർ.ഡി.യിൽ നിക്ഷേപിച്ചതും സജി പോൾ തന്നെ ആയിരുന്നെന്നും ബിന്ദു പറയുന്നുണ്ട്. പിന്നീട് ഈ 54 ലക്ഷം രൂപ പിൻവലിച്ച് രാമൻകുട്ടിയുടെ മക്കൾ വീതിച്ചെടുത്തു. അവശേഷിച്ച 30 ലക്ഷം രൂപയും രാമൻകുട്ടിയുടെ മറ്റൊരു മകളുടെ ചെറു സമ്പാദ്യവും കൂട്ടി 36 ലക്ഷം രൂപ വൃദ്ധ ജനങ്ങൾക്കായി കമ്പനി ഏർപ്പെടുത്തിയ ഒരു നിക്ഷേപ പദ്ധതിയുടെ പേരും പറഞ്ഞ് ഓഹരി നിക്ഷേപമായി സജി പോൾ തട്ടിയെടുക്കുകയായിരുന്നു. സജി പോളിന് വീട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും ഒരു മകനെപ്പോലെയാണ് വീട്ടിൽ പെരുമാറിയതെന്നും ഇംഗ്ലീഷ് വേണ്ടവിധം ഗ്രഹിക്കാനാവാത്ത പ്രീഡിഗ്രി വരെ മാത്രം പഠിച്ച ബിന്ദു പറയുന്നു.
പിന്നീട് 36 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപ പ്രമാണങ്ങൾ പരിശോധിച്ചപ്പോഴാണ് പണം സ്ഥിരം നിക്ഷേപമല്ലെന്നും ഓഹരിയാണെന്നും മനസ്സിലായത്. തങ്ങൾക്ക് ഓഹരിയൊന്നും വേണ്ട പണം തിരിച്ചുതന്നാൽ മതിയെന്നും ബിന്ദു പിന്നീട് സജി പോളിനോട് പറയുമ്പോൾ മാത്രമാണ് ഇയാൾ ബോധപൂർവ്വം അച്ഛനെ വഞ്ചിച്ച കഥ പുറത്താവുന്നത്. രണ്ടു വർഷം മുമ്പ് കമ്പനിയുടെ പൊതുയോഗം തൃശൂർ ലുലു കൺ വെന്ഷനിൽ നടക്കുമ്പോഴാണ് ബിന്ദു തന്റെ അച്ഛനെ കമ്പനിയുടെ മാനേജർ സജി പോൾ തന്ത്രപൂർവ്വം വഞ്ചിച്ച കഥ കണ്ണീരോടെ പൊതുജനത്തെ അറിയിച്ചത്. ഇത് മറുനാടനിൽ വാർത്തയായതിനെ തുടർന്ന് കമ്പനിയുടെ എം.ഡി.യുടെ ഭാര്യ മേരി വില്യംസ് ഒരു ഓഹരി തിരിച്ചു വാങ്ങി പ്രശ്‌നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു.
ബിന്ദുവും അച്ഛൻ രാമൻകുട്ടിയും
അപ്പോഴും സജി പോൾ ബി.ആർ.ഡി മുഖാന്തിരം തട്ടിയെടുത്ത 30 ലക്ഷത്തിന് പരിഹാരമില്ലാതെ കിടക്കുകയാണ്. അതേസമയം പണം നഷ്ടപ്പെട്ട മറ്റു ഓഹരിയുടമകൾ ചേർന്ന് രൂപം കൊടുത്ത ആക്ഷൻ കൗൺസിൽ അംഗങ്ങൾ മറുനാടൻ പുറത്തുവിട്ട ബിന്ദുവിന്റെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് കമ്പനിയിൽ നിന്ന് ഓഹരിപ്പണം വസൂലാക്കി ആക്ഷൻ കൗൺസിൽ പിരിച്ചുവിട്ടു.
ബിന്ദുവിന്റെ നിരന്തരമായ പരാതിയെ തുടർന്ന്, 'ഓഹരികൾ നിങ്ങളുടെ സൗകര്യപ്രകാരം വിറ്റോളൂ' എന്ന സജി പോളിന്റെ വാക്കുകേട്ടാണ് ബിന്ദു കമ്പനി കൊടുത്ത ഓഹരികളുടെ സാക്ഷ്യപത്രങ്ങളുമായി കൊച്ചിയിലെ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിൽ എത്തുന്നത്. കയ്യിലുള്ള ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടില്ലെന്നും വാങ്ങാനും വിൽക്കാനും കഴിയാത്ത വെറും കടലാസ് മാത്രമാണെന്നും ബിന്ദു അറിയുന്നത് അവിടെ വച്ചാണ്.
ബിന്ദുവിന്റെ രണ്ടു മക്കളും ഫുൾ എ പ്ലസ് വാങ്ങി ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ശ്രമിക്കുകയാണ്. യഥാർത്ഥത്തിൽ ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനുകൂടിയാണ് ബിന്ദുവിന്റെ അച്ഛൻ രാമൻകുട്ടി വീടും പുരയിടവും വിറ്റത്. ഈ ദുർവിധിക്കിടയിലും പരസഹായംകൊണ്ട് ബിന്ദുവിന്റെ മിടുക്കിയായ മകൾ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
ഓഹരി എന്തെന്നറിയാത്ത ഒരു പാവം കുടുംബം ഇപ്പോൾ വഴിയാധാരമാണ്. സ്വന്തം മകനെപ്പോലെ ഏതുസമയവും വീട്ടിലെത്തി കമ്പനി കാറിൽ രാമൻകുട്ടിയെ കൊണ്ടുപോകാറുള്ള സജി പോൾ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല. മാത്രമല്ല, കമ്പനിയെ ഇല്ലാതാക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ഒരു കള്ളിയാണ് മകൾ ബിന്ദു വെന്ന് പൊലീസ് സ്റ്റേഷനിൽ അടക്കം എല്ലായിടത്തും പറഞ്ഞുനടക്കുകയാണ് ഇപ്പോൾ സജി പോളും കമ്പനി അധികൃതരും.
അതിനിടെ ബിന്ദുവും കുടുംബവും കുന്നംകുളത്തെ കമ്പനി ഓഫീസിൽ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന കമ്പനി ഡയറക്ടർ സുരേന്ദ്രൻ തികഞ്ഞ അവജ്ഞയോടെ പറഞ്ഞത്, വിൽക്കാൻ കഴിയാത്ത ഒരു സ്ഥലം വാങ്ങിയതുപോലെയാണ് കമ്പനിയുടെ ഓഹരികൾ എന്ന് കരുതിയാൽ മതിയെന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഈ വിധവയോട് പറഞ്ഞത് ഇങ്ങനെ,'' തനിക്കാവുന്ന എന്തെങ്കിലും പണിയെടുത്ത് അതൊക്കെ നടത്തണം'' എന്നാണ്.
78 വയസ്സുള്ള തന്റെ അച്ഛൻ രാമൻകുട്ടിയിൽ നിന്നും 36 ലക്ഷം കവർന്നെടുത്ത കമ്പനിയുടെ മാനേജരിൽ നിന്നും അവശേഷിക്കുന്ന 30 ലക്ഷം (ആറു ലക്ഷം കമ്പനി മാനേജിങ് ഡയറക്ടറുടെ ഭാര്യ മേരി വില്യംസ് കൊടുത്തിരുന്നു) രൂപ തിരിച്ചുപിടിക്കാൻ വിധവയായ ഈ വീട്ടമ്മ കഴിഞ്ഞ കുറെ മാസങ്ങളായി അഹോരാത്രം പോരാടുകയാണ് തനിച്ച്.
സ്ഥലം മന്ത്രിയായ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ഈ വീട്ടമ്മയുടെ മുമ്പിൽ കൈമലർത്തുന്നു. താൻ വിദ്യാഭ്യാസ മന്ത്രിയാണെന്നും തനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നിരുന്നാലും താൻ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമെന്നും പറഞ്ഞിട്ട് നാളുകളേറെയായി. ഇതുപ്രകാരം ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനും കൊടുത്ത പരാതിയിലും കഴിഞ്ഞ ഒരു വർഷമായും നടപടിയില്ല.
തൃശൂർ കലക്ടർ അനുപമയും കൈ മലർത്തുന്നു. പരാതി സ്വീകരിച്ച പൊലീസ് സൂപ്രണ്ട് സെബിക്ക് (SEBI) പരാതിപ്പെടാൻ നിർദ്ദേശിച്ചു. കലക്ടർ പറഞ്ഞതനുസരിച്ച് എൻ.ബി.എഫ്.സി. (NBFC) ക്കും പരാതിപ്പെട്ടു. തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകനായ ജോയ് കൈതാരത്തുമായി ബിന്ദു ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
രാഷ്ട്രീയ പാർട്ടികളേയും ബിന്ദു കണ്ടു. കമ്മ്യുണിസ്റ്റും കോൺഗ്രസ്സും ബിജെപിയും ഒരേ ശബ്ദത്തിൽ പറഞ്ഞു, ' ബി.ആർ.ഡി. കമ്പനിയെ ഞങ്ങൾക്കൊന്നും പിണക്കാൻ സാധ്യമല്ല. ആദ്യമൊന്നും അവർ ഞങ്ങളെ സഹായിക്കാറില്ല. ആദായനികുതി വകുപ്പ് കമ്പനി റെയ്ഡ് നടത്തിയതിനുശേഷം അവർ ഇപ്പോൾ ഞങ്ങളെ പലവിധത്തിലും സഹായിക്കുന്നുണ്ട്. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ ധനസഹായമുണ്ട്. അതുകൊണ്ട് നിങ്ങൾ 18 ലക്ഷം രൂപയ്ക്ക് ഒത്തുതീർപ്പിന് തയ്യാറാവണം. കമ്പനിയുടെ ഓഹരിക്ക് ഇപ്പോൾ വിലയില്ല''.
എന്നുവച്ചാൽ 30 ലക്ഷം രൂപ മുതൽ മുടക്കിയ രാമൻകുട്ടി 18 ലക്ഷം രൂപ കൊണ്ട് തൃപ്തിപ്പെടണം. അതാണത്രേ രാഷ്ട്രീയ പാർട്ടികൾ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. അങ്ങനേയും ഒരു സ്റ്റോക്ക് എക്‌സ്‌ചെയിഞ്ച് നാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ പാവം വീട്ടമ്മയ്ക്ക് അറിയില്ലായിരുന്നു.
ബിജെപിയുടെ തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷിനെയും ബിന്ദു കണ്ടു. നാഗേഷ് പറഞ്ഞതും ഒന്നുതന്നെ. ''ഞങ്ങളെ അവർ ഒരുപാട് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഒരു ഒത്തുതീർപ്പിന് നിങ്ങൾ തയ്യാറാവണം''. എന്നുവച്ചാൽ രാഷ്ട്രീയ പാർട്ടികൾ ലിസ്റ്റ് ചെയ്ത ബി.ആർ.ഡി. കമ്പനിയുടെ ഓഹരി വിലയായ 18 ലക്ഷത്തിന് ഒത്തുതീർപ്പാവുക തന്നെ.
അവസാനം ഈ വീട്ടമ്മ പത്രസമ്മേളനം വിളിക്കാൻ തീരുമാനിച്ചു. തൃശൂർ പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഇങ്ങനെയും പറഞ്ഞുവച്ചു. ''ബി.ആർ.ഡി കമ്പനിക്കെതിരെ പലരും പത്രസമ്മേളനം നടത്തിയതാണ്. നിങ്ങളുടെ പ്രശ്‌നവും സത്യസന്ധമാണ്. പക്ഷേ ആരും അതൊന്നും റിപ്പോർട്ട് ചെയ്യില്ല. ഇവിടെ കാണുന്ന ഈ തപാൽ പെട്ടികളിൽ നിങ്ങൾക്ക് വാർത്തകൾ നിക്ഷേപിക്കാം. പക്ഷെ അതൊന്നും പ്രസിദ്ധീകരിക്കണമെന്നില്ല. ഈ കമ്പനിയുടെ പരസ്യം കൊണ്ടാണ് പത്രങ്ങൾ ജീവിച്ചുപോകുന്നത്. അതുകൊണ്ട് നിങ്ങൾ ഒരു പൗര സമിതി രൂപീകരിച്ചുകൊണ്ട് കമ്പനിപ്പടിക്കൽ പോയി കുത്തിയിരുപ്പ് സമരം നടത്തൂ''.
എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഈ വീട്ടമ്മ മറുനാടനോട് പറയുന്നു, ' എല്ലാവരും പണക്കാരുടെ കൂടെയാണ്. പാവങ്ങൾക്കൊപ്പം ആരുമുണ്ടാവില്ല. പക്ഷേ എനിക്ക് മുന്നോട്ട് പോയെ പറ്റൂ. സ്ത്രീപക്ഷ സംഘടനകളെ സമീപിച്ചുനോക്കണം. നേരത്തെ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറ ജോസഫിനെ ബന്ധപ്പെട്ടതാണ്. അന്നവർക്ക് സുഖമില്ലാതിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. എല്ലായിടത്തും പരാജയപ്പെട്ടാൽ ഞാൻ ആത്മഹത്യ ചെയ്യും. ഞാൻ എന്റെ വീട്ടിൽ ആത്മഹത്യ ചെയ്യില്ല. ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിൽ അത് ബി.ആർ.ഡി കമ്പനിയുടെ മുമ്പിൽ വച്ചായിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ''.
ബിന്ദു ഈ കഥകളെല്ലാം മറുനാടനോട് പങ്കുവച്ച അര മണിക്കൂറോളം സമയം വൃദ്ധരായ അച്ഛൻ രാമൻകുട്ടിയും അമ്മ ചന്ദ്രികയും ക്യാമറയുടെ മുന്നിൽത്തന്നെ ഇരുന്നുകൊണ്ട് കണ്ണീർ പൊഴിക്കുകയും നെടുവീർപ്പിടുകയും മാത്രം ചെയ്തു. മകൾ അഖില രാജ് വീടിന്റെ മറ്റൊരു മൂലയിലിരുന്ന് സങ്കടപ്പെടുന്നുണ്ടായിരുന്നു .
ബി.രമാദേവി അഥവാ ബി.ആർ.ഡി. എന്ന കുന്നംകുളം ആസ്ഥാനമായ ധനകാര്യ സ്ഥാപനം കേരളത്തിന്നകത്തും പുറത്തുമുള്ള മലയാളികളുടെയും ദൂരെ വിദേശങ്ങളിലുള്ള പ്രവാസി മലയാളികളുടെയും ചോര നീരാക്കിയുണ്ടാക്കിയ കോടികൾ മുക്കിയ വാർത്ത നേരത്തെ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഓഹരി കുംഭകോണത്തിൽ ഹോമിക്കപ്പെട്ട സാധാരണ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന വീഡിയോ ദൃശ്യങ്ങളും കമ്പനിയുടെ കൊടും വഞ്ചനയിൽ അകപ്പെട്ട ക്രൈസ്തവ സഭയിലെ മുതിർന്ന വൈദിക ശ്രേഷ്ടരുടെ വേദനയുടെ കഥകളും ഞങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് ഈ വീട്ടമ്മയുടെ ദുരന്തവും പുറത്തുവിടേണ്ടിവന്നിരിക്കുകയാണ്.
1990 ൽ തൃശൂരിൽ കുന്നംകുളം അങ്ങാടിയിൽ തുടങ്ങിയ ഒരു കൊച്ചു ഓഹരി വിപണന സ്ഥാപനമായിരുന്നു ബി.ആർ.ഡി. അഥവാ ബി.രമാദേവി, സ്‌റോക്ക് ബ്രോക്കേർസ്. പിൽക്കാലത്ത് 1993 ലാണ് ബി.ആർ.ഡി. നിയമപ്രകാരം ഒരു ധനകാര്യ സ്ഥാപനമാവുന്നത്. പിന്നീട് ബി.ആർ.ഡി. സെകുരിറ്റീസ്, ബി.ആർ.ഡി. ഫിനാൻസ്, ബി.ആർ.ഡി. മോട്ടോർസ്, ബി.ആർ.ഡി. കാർ വേൾഡ് തുടങ്ങിയ വേറെയും കമ്പനികൾ ചേർന്നാണ് ബി.ആർ.ഡി. ഗ്രൂപ്പ് ഓഫ് കമ്പനി രൂപം കൊണ്ടത്.
സർക്കാരും പൊലീസും രാഷ്ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും ഇവർക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കമ്പനിക്ക് ആരെ വേണമെങ്കിലും സാമ്പത്തികമായി ചൂഷണം ചെയ്യാം. ഈ കമ്പനിക്കെതിരെ രാജ്യത്തെ പൊലീസിലും ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളിലും കേസുകളുണ്ട്. ആരും തന്നെ ആ കേസുകെട്ടുകൾ തൊടില്ല. കാരണം കേസുകെട്ടുകൾക്ക് മുമ്പേ പറക്കുന്ന കമ്പനിയുടെ നോട്ടുകെട്ടുകൾ അവരെ തടയും.
കേവലം 50 ലക്ഷത്തിൽ നിന്നുതുടങ്ങിയ കമ്പനിക്ക് ഇന്ന് 500 കോടിയുടെ ആസ്തിയുണ്ടെന്ന് കമ്പനി ഇപ്പോഴും അവകാശപ്പെടുന്നു. പ്രതിസന്ധികളുടെ നടുവിലും 25 കോടിയുടെ ലാഭമുണ്ടെന്നും കമ്പനിയുടെ കഴിഞ്ഞ വർഷത്തെ പൊതുയോഗത്തിലെ അവകാശവാദം മുഴങ്ങുമ്പോഴും നാട്ടിലും വിദേശത്തുമായി പണം നഷ്ടപ്പെട്ട ഓഹരിനിക്ഷേപകരുടെ വിങ്ങലുകളും തേങ്ങലുകളും നാം കേൾക്കുന്നുണ്ട്. അവരിൽ ഇത്തരത്തിൽ എത്ര ബിന്ദുമാരും കുടുംബവും ഉണ്ടാവുമെന്ന് ആർക്കറിയാം. ശബരിമലയിൽ യുവതി പ്രവേശത്തിന്നായി വിപ്ലവജ്വാല പടർത്തുന്ന സ്ത്രീപക്ഷ സിംഹങ്ങൾ വിധവയായ ഈ പാവം വീട്ടമ്മയുടെ കരച്ചിൽ കേൾക്കുമോ?