ആലപ്പുഴ : അമിതവേഗത്തിൽ ബൈക്കിൽ പായുന്ന പൊൺകൊടി. വയസ് 23 . നാട്ടുക്കാർക്ക് ശരണ്യ എപ്പോഴും സംസാരവിഷയമായിരുന്നു. ഒരു ചായക്കടക്കാരന്റെ മകളുടെ അഹങ്കാരത്തെ കുറിച്ചായിരുന്നു അവർ പറയാനുണ്ടായിരുന്നത്.

പാവങ്ങളായ നാട്ടുംപുറത്തുക്കാരറിയുന്നുണ്ടോ ചീറിപായുന്നത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള യുവാക്കളെ പറ്റിച്ച നടക്കുന്ന തട്ടിപ്പുക്കാരിയാണെന്ന്. നാട്ടിലെ പൊലീസ് ഏമാന്മാരുടെ സഹായവും അവരിലുള്ള സ്വാധീനവുമായിരുന്നു ശരണ്യയുടെ കരുത്ത്. മനസും ശരീരവും നൽകി നേടിയ കരുത്ത്. അമിതവേഗത്തിൽ പായുന്നതിന് പതിനാല് തവണ പൊലീസ് വലയിലായെങ്കിലും ശരണ്യയെ പിടിച്ച പൊലീസുക്കാർക്ക് സ്‌റ്റേഷനിലെത്തുമുമ്പ് എഴുതിയ ചീട്ട് ചവിറ്റുക്കൊട്ടയിൽ എറിയേണ്ട് ഗതികേടാണുണ്ടായത്.

പൊലീസ്‌സേനയിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഇന്നലെ കോടതിയിൽ നൽകി മൊഴി മറ്റൊരു സോളാറുമായി ഏറെ സമാനതകളുള്ളതാണ്. സോളാറിൽ സരിത എസ് നായർ തട്ടിയ അഞ്ചുകോടിയുടെ ചുരുൾ അഴിഞ്ഞത് ഏറെ അന്വേഷണത്തിനുശേഷമാണ്. ശരണ്യ തട്ടിയ അഞ്ചു കോടിയുടെ കണക്കും പൊലീസിനെ വട്ടം ചുറ്റിക്കും. സോളാറിൽ സരിത മുഖ്യമന്ത്രിയെയും ഓഫീസിനെയും കരുവാക്കിയെങ്കിൽ ശരണ്യ അഭ്യന്തര മന്ത്രിയെയാണ് കരുവാക്കിയിട്ടുള്ളത്. ഇതോടെ പൊലീസിനെ ആദ്യഘട്ടം മുതൽ സംശയിച്ചു തുടങ്ങിയ കോടതി അത് പ്രകടമാക്കുകയും ചെയ്തു.

തൃക്കുന്നപ്പുഴ മന്ദിരത്തിൽ സനുവിൽനിന്നും ജോലി വാഗ്ദാനം നൽകി 80000 തട്ടിയ കേസിൽ ചോദ്യം ചെയ്യാനാണ് പൊലീസ് ശരണ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശരണ്യയെ വീണ്ടും ജയിലിലേക്ക് അയക്കുകകയായിരുന്നു കോടതി. ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉഷാനായർക്ക് മുന്നിൽ ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂർ നീണ്ട രഹസ്യമൊഴി നൽകിയത്. പൊലീസ് സേനയിൽ ജോലി നൽകുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പി എസ് സിയുടെ അഡ്വൈസ് മെമോ, സീൽ എന്നിവ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന രഹസ്യമൊഴിയാണ് നൽകിയിട്ടുള്ളത്. ഇതിനു പുറമെ തൃക്കുന്നപ്പുഴ എസ് ഐ കെ ടി സന്ദീപ്, കായംകുളം ഡിവൈ എസ് പി എന്നിവർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായും മൊഴി നൽകിയിട്ടുണ്ടെത്രെ.

ശരണ്യ പീഡിപ്പിച്ചവരുടെ പട്ടിക പുറത്തുവരാനിരിക്കെ ശരണ്യയുടെ വഴിവിട്ട പ്രവർത്തികൾ തിരിച്ചറഞ്ഞ ഭർത്താവ് സീതത്തോട് സ്വദേശി പ്രദീപ് നേരത്തെ ബന്ധം വിട്ടിരുന്നു. പീന്നീട് അടിച്ചുമാറ്റിയ പണത്തിന്റെ വീതം വെക്കിലെ തർക്കമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. പണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിപ്പാട് സി ഐയുടെ പരിധിയിൽ നിൽക്കുന്ന രണ്ടുകേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി കോടതിയിൽ ഹാജരാക്കിയത്. ഈ കേസിൽ വിചാരണ നേരിടുന്ന തൃക്കുന്ന പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപ് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് നൽകിയിട്ടുള്ളത്. അഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രദീപ് വെളിപ്പെടുത്തലുകൾ വെളിച്ചം കാണില്ലെന്ന് നിഗമനത്തിലാണ് നാട്ടുക്കാർ.

പല്ലനയിലെ ഹോട്ടൽ നടത്തിപ്പുകാരനായ ശരണ്യയുടെ അച്ഛൻ സുരേന്ദ്രൻ ഏറെ സാമ്പത്തികശേഷിയുള്ള ആളായിരുന്നില്ല. അതുകൊണ്ടുതന്നെ +2 പഠനം പൂർത്തിയാക്കിയ ശരണ്യ എല്ലാവരെയും പോലെ തൊഴിലന്വേഷകയായി മാറി. അന്വേഷണത്തിന്റെ ഒടുവിലാണ് തട്ടിപ്പ് പണി കണ്ടെത്തിയത്. പത്രങ്ങളിലും മറ്റും വന്ന, പൊലീസ് മിലിട്ടറി ഫോഴ്‌സുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യമാണ് ശരണ്യയ്ക്ക് പ്രചോദനമായത്. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങിയ പരിചയം തട്ടിപ്പിന് ഉപയോഗിച്ചു. ഇതിനായി ഏറെ പരിചയമുള്ള തൃക്കുന്നപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെ വലയിലാക്കി. പിന്നീട് ഡിവൈ എസ് പി ചമഞ്ഞ് പ്രദീപ് ഉദ്യോഗാർത്ഥികളെ നിയന്ത്രിച്ചു തുടങ്ങി.

സംസ്ഥാനത്തെ കുപ്രസിദ്ധിയാർജിച്ച രണ്ടു സ്റ്റേഷനുകളാണ് കനകകുന്നും തൃക്കുന്നപ്പുഴയും. കരിമണൽ , മയക്കുമരുന്ന്, കുബേര എന്നിവ നിറഞ്ഞാടുന്ന സ്ഥലം. കനകക്കുന്നു സ്റ്റേഷനിൽ വാദികൾക്ക് രക്ഷയില്ല. പ്രതികൾക്കാണ് പദവി. പ്രതികളെ സംരക്ഷിക്കുന്ന സ്റ്റേഷൻ എന്ന പേര് നേരത്തെ തന്നെ ഈ സ്റ്റേഷന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രിയുടെ മൂക്കിനുതാഴെയാണ് ഈ പൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നതെന്നതും ഒരു പ്രത്യേകതയാണ്. ഇതിനിടെ പണമുണ്ടാക്കിത്തുടങ്ങിയതോടെ ശരണ്യയിൽ ഒരു സിനിമാ നടിയാകാനുള്ള ഉൾവിളിയും ആരംഭിച്ചു. ഇതിനായി കോമഡി താരങ്ങളെ വളച്ച് ഇവരോടൊപ്പം കഴിഞ്ഞ് അഭ്രപാളിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതിനായി കൊല്ലം സ്വദേശിയായ ഒരു കോമഡി കലാകാരനുമായി ശരണ്യയ്ക്ക് ഏറെ നാളെത്തെ ബന്ധമുള്ളതായി അറിയാൻ കഴിഞ്ഞു. ഇയ്യാൾ ശരണ്യയുടെ ഇംഗിതത്തിന് വഴങ്ങാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്.

കാണാൻ തരക്കേടില്ലാത്ത ശരണ്യ ഉപഭോക്താവിനെ വെട്ടിലാക്കുന്നതിൽ അതിസമർത്ഥയാണെന്നാണ് അറിവ്. ഇതേ കഴിവുതന്നെയായിരുന്നു സരിതയ്ക്കും. സോളാറിൽ സരിത മുഖ്യമന്ത്രിയെ കരുവാക്കിയെങ്കിൽ ശരണ്യ ആഭ്യന്തര മന്ത്രിയെയാണ് മറയാക്കിയത്. ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ഓഫീസിലും തിരുവനന്തപുരത്തും ശരണ്യ കയറിയിറങ്ങിയതായാണ് സൂചന. ശരണ്യയെ രക്ഷിക്കാൻ പൊലീസിൽ ഉന്നതരുടെ ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നതായി പൊലീസിലെ തന്നെ ചില പ്രമുഖർ പറയുന്നു. ഇപ്പോൾ തട്ടിപ്പിനിരയായവർക്ക് പണം കൊടുത്ത് കേസൊതുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നറിയുന്നു. ഇതിനായി പരാതിക്കാരിൽ പലരെയും സ്വാധീനം ചെലുത്താൻ കഴിയുന്നവർവഴി ബന്ധപ്പെട്ടുെകാണ്ടിരിക്കുകയാണ്. സോളാർ തട്ടിപ്പു കേസിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് ശരണ്യയുടെ കേസിലും പൊലീസ് പ്രാവർത്തികമാക്കുന്നത്.

സോളാർ കേസിലെ മുഴുവൻ അന്വേഷണം പൂർത്തീകരിച്ചപ്പോൾ സരിത നായർ വെറും ചെക്കുകേസ് പ്രതിമാത്രമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ശരണ്യയുടെ പിതാവ് സുരേന്ദ്രൻ (56) മാതാവ് അജിത (48) ബന്ധു ശംഭു (21) എന്നിവരെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവർ റിമാന്റിലാണ്.