കുവൈറ്റിലെ മലയാളികൾക്കിടയിൽ നിന്നും മറ്റൊരു തട്ടിപ്പ് കഥ കൂടി പുറത്ത് വരുന്നു. കുവൈത്തിലെ അറിയപ്പെടുന്ന സുന്നിനേതാവും വാഗ്മിയുമായ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പൽ നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി ഉയരുന്നു. പലരിൽനിന്നായി ഏകദേശം 20 കോടി രൂപ തട്ടിയെടുത്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കുവൈത്ത് സിറ്റി സൂഖ് മുബാറകിയയിലെ സ്വദേശിയുടെ ഊദും അത്തറും വിൽപന നടത്തുന്ന കടയിലെ ജീവനക്കാരനായ സിദ്ദീഖ് ഫൈസി കടയുടെ ഉടമസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരിൽ നിന്നും ബിസിനസ് വിപുലപ്പെടുത്താനെന്ന പേരിൽ പണം കടം വാങ്ങിയെന്നാണ് പരാതി. പണം വാങ്ങിയ ഇയാളെ കഴിഞ്ഞമാസം 16 മുതൽ കാണാതായതോടെ നിരവധി പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഇയാൾക്കെതിരെ സ്‌പോൺസർ കുവൈത്തിലും തട്ടിപ്പിനിരയായ മലയാളികളിൽ ചിലർ നാട്ടിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇയാൾ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ആദ്യം യു.എ.ഇയിലെത്തിയ ഇയാൾ പിന്നീട് അവിടെനിന്ന് ഇന്ത്യയിലേക്ക് കടന്നതായി തട്ടിപ്പിനിരയായവർ നടത്തിയ അന്വേഷണത്തിൽ മനസ്സിലായെങ്കിലും വീട്ടിൽ എത്തിയിട്ടില്ലെന്നാണ് വിവരം.

സ്‌പോൺസറിൽനിന്നും പലപ്പോഴായി 8000 ദീനാറോളം വാങ്ങിയിട്ടുണ്ട്. മലയാളികളെ കൂടാതെ, ബംഗാളികൾ, ഈജിപ്തുകാർ തുടങ്ങിയവരും തട്ടിപ്പിനിരയായിട്ടുണ്ട്. ഇതുവരെ പുറത്തറിഞ്ഞതുപ്രകാരം ചുരുങ്ങിയത് പത്ത് ലക്ഷം ദീനാർ (ഏകദേശം 20 കോടി രൂപ) പലരിൽനിന്നായി സിദ്ദീഖ് ഫൈസി വാങ്ങിയിട്ടുണ്ടെന്നാണ് അറിയാനായതെന്ന് തട്ടിപ്പി നിരയായവർ പറഞ്ഞു. അറിയപ്പെടുന്ന സുന്നിനേതാവായ സിദ്ദീഖ് ഫൈസി ആ പശ്ചാത്തലം കൂടി ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇരയായവർ പറയുന്നു.

സിദ്ദീഖ് ഫൈസി പ്രവർത്തിച്ചിരുന്ന സുന്നി സംഘടനയിൽപ്പെട്ട നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, സംഘടനാനേതൃത്വത്തിൽനിന്നുള്ള സമ്മർദം കാരണം ആരും പരാതിപ്പെടുന്നില്ലെന്നാണ് വിവരം. നാട്ടിലും പലരിൽനിന്നും സിദ്ദീഖ് ഫൈസി വൻതുക വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.