- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലം കർഷകരിൽനിന്ന് 'ഓണപ്പിരിവ്'; ഇടുക്കിയിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം
ഇടുക്കി: ഓണച്ചെലവിനെന്ന പേരിൽ കുമളിയിൽ ഏലം കർഷകരിൽനിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി. ചെറിയാൻ, ബീറ്റ് ഓഫീസർ എ.രാജു എന്നിവരെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥർ ടാക്സി വാഹനങ്ങളിലെത്തിയാണ് ഏലം കർഷകരിൽനിന്ന് പണം പിരിച്ചിരുന്നത്. കുറഞ്ഞതുക നൽകുന്ന കർഷകരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പിരിവിനെത്തിയ ചെറിയാന്റെയും രാജുവിന്റെയും സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
കർഷകർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി നൽകിയിരുന്നു. കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ട ഉടമയുടെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇതേത്തുടർന്നാണ് ദൃശ്യങ്ങളിലുള്ള ഇരുവർക്കുമെതിരേ വനംവകുപ്പ് നടപടി സ്വീകരിച്ചത്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
മേഖലയിൽ ഇത്തരത്തിലുള്ള പണപ്പിരിവ് വ്യാപകമാണെന്നാണ് കർഷകരുടെ പരാതി. ഏലത്തിന് വില കുറഞ്ഞിരിക്കുന്ന സമയത്താണ് ഓണപ്പിരിവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കർഷകരെ ചൂഷണംചെയ്യുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പണം പിരിച്ച സംഭവത്തിൽ അന്വേഷണത്തിന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ വനം വകുപ്പ് വിജിലൻസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും തെറ്റു ചെയ്തെന്നു ബോധ്യപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കട്ടപ്പന പുളിയന്മലയിലുള്ള ഏലത്തോട്ടം ഉടമയുടെ വീട്ടിലെത്തി വനപാലകർ പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവിനിറങ്ങുമെന്നാണ് കർഷകരുടെ പരാതി.
ഏലകുത്തകപ്പാട്ട ഭൂമിയിലെ മരംമുറിക്കുന്നതടക്കമുള്ള നിയമങ്ങൾ ആയുധമാക്കിയാണ് പണപ്പിരിവ്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് പണപ്പിരിവെന്നും ആക്ഷേപം ഉണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യം
മറുനാടന് മലയാളി ബ്യൂറോ